Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീരിൽ പാക്ക് റേഞ്ചേഴ്സിന്റെ വെടിവയ്പ്പ്; നാലു ജവാന്മാർക്ക് വീരമൃത്യു

Army Personals

ശ്രീനഗർ∙ ജമ്മു കശ്മീരിലെ സാംബ ജില്ലയിലുണ്ടായ പാക്ക് വെടിവയ്പ്പിൽ അതിർത്തി രക്ഷാസേനയിലെ നാലു ജവാന്മാർ വീരമൃത്യു വരിച്ചു. ഇവരിൽ ഒരാൾ ബിഎസ്എഫ് അസിസ്റ്റന്റ് കമാൻഡന്റാണ്. മൂന്നു പേർക്കു പരുക്കേറ്റിട്ടുണ്ട്. രാംഗഡ് സെക്ടറിൽ ഇന്നലെ രാത്രി പാക്കിസ്ഥാൻ റേഞ്ചേഴ്സ് യാതൊരു പ്രകോപനങ്ങളും കൂടാതെ വെടിവയ്പ്പു നടത്തിയെന്നും നാലു ജവാന്മാർ കൊല്ലപ്പെട്ടുവെന്നും ബിഎസ്എഫ് ഐജി റാം അവ്താർ പറഞ്ഞു.

രാജ്യാന്തര അതിർത്തിയിൽ വെടിനിർത്തലിന് പാക്കിസ്ഥാൻ റേഞ്ചേഴ്സും ബിഎസ്എഫും തമ്മിൽ തീരുമാനമായിരുന്നു. സംഭവത്തിൽ ജമ്മു കശ്മീർ ഡിജിപി എസ്.പി.വൈദ് അനുശോചനം അറിയിച്ചു. ഇന്നലെ രാത്രി 10.30 ഓടെയാണു മേഖലയിൽ വെടിവയ്പ്പ് ആരംഭിച്ചത്. അതു പുലർച്ചെ നാലുവരെ നീണ്ടു. പാക്ക് റേഞ്ചേഴ്സിൽനിന്ന് ശ്കതമായ വെടിവയ്പ്പുണ്ടായതോടെ ഇന്ത്യയും തിരിച്ചടിച്ചിരുന്നു,

ഈമാസം രാജ്യാന്തര അതിർത്തിയിൽ നടക്കുന്ന രണ്ടാമത്തെ വലിയ വെടിനിർത്തൽ കരാർ ലംഘനമാണിത്. മേയ് 29നാണ് 2003ലെ വെടിനിർത്തൽ കരാർ ശക്തമായി പാലിക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചത്. ഈമാസം മൂന്നിനുണ്ടായ വെടിവയ്പ്പിൽ രണ്ടു ബിഎസ്എഫ് ജവാന്മാർ കൊല്ലപ്പെടുകയും ഗ്രാമവാസികളടക്കം പത്തു പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.