Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈകിയോടിയെത്തുന്ന സമയം പുതിയ സമയം!; വളഞ്ഞ വഴിയുമായി ദക്ഷിണ റെയിൽവേ

Indian Railway

കൊച്ചി∙ ട്രെയിനുകളുടെ കൃത്യനിഷ്ഠ ഉറപ്പാക്കാൻ റെയിൽവേ ബോർഡ് നിർദേശിച്ചതിനെ മറികടക്കാൻ വളഞ്ഞ വഴിയുമായി ദക്ഷിണ റെയിൽവേ. വൈകിയോടുന്ന ട്രെയിനുകളുടെ സമയമാറ്റമെന്ന പേരിൽ ഇപ്പോൾ ട്രെയിനുകൾ വൈകിയോടിയെത്തുന്ന സമയം പുതിയ സമയമായി പ്രഖ്യാപിക്കാനാണു നീക്കം. ഇതു സംബന്ധിച്ച ഉത്തരവ് തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകൾക്കു ദക്ഷിണ റെയിൽവേ കൈമാറി.

തിരുവനന്തപുരം ഷൊർണൂർ വേണാട് എക്സ്പ്രസ് ഷൊർണൂരിലെത്തേണ്ട സമയം ഉച്ചയ്ക്കു 12.55 ആണെങ്കിലും മിക്ക ദിവസവും 1.20, 1.30 എന്നിങ്ങനെയാണ് എത്തിച്ചേരുന്നത്. പുതിയ ഉത്തരവു പ്രകാരം വേണാടിന്റെ ഷൊർണൂർ സമയം 1.25 ആക്കി മാറ്റിയിട്ടുണ്ട്. ഇതോടെ ട്രെയിൻ വൈകി ഒാടുന്നുവെന്ന പരാതി ഒഴിവാകും ഉദ്യോഗസ്ഥർ രക്ഷപ്പെടുകയും ചെയ്യും. കേരളത്തിൽ 40 ശതമാനത്തിൽ താഴെ പോയ കൃത്യനിഷ്ഠ 80 ശതമാനാമാക്കാനാണു ഈ തലതിരിഞ്ഞ അഭ്യാസം.

ഫലത്തിൽ ട്രെയിനുകളുടെ റണ്ണിങ് ടൈം കൂട്ടിയാണു സമയകൃത്യത ഉറപ്പാക്കാൻ പോകുന്നത്. ഉത്തരവ് ഇറങ്ങിയതിനു തൊട്ടുപിന്നാലെ ബെംഗളൂരുവിലേക്കുള്ള ഐല‍ൻഡ് എക്സ്പ്രസിന്റെ ബെംഗളൂരു സമയം 7.20 എന്നത് 7.30 ആക്കിക്കഴിഞ്ഞു. നാഗർകോവിൽ ബെംഗളൂരു ട്രെയിൻ 9.05നു പകരം 9.30നായിരിക്കും ബെംഗളൂരുവിൽ എത്തുക. ദക്ഷിണ റെയിൽവേയിൽ ഏറ്റവും മോശം കൃത്യനിഷ്ഠയുള്ള തിരുവനന്തപുരം, പാലക്കാട്, ചെന്നൈ ഡിവിഷനുകളിലെ 87 സർവീസുകൾക്കാണു പുതിയ ഉത്തരവു ബാധകം.

കേരളത്തിലെ ഒട്ടുമിക്ക ട്രെയിനുകളും പുതിയ നിർദേശത്തിന്റെ പരിധിയിൽ പെടും. അവസാന രണ്ടു സ്റ്റേഷനുകൾക്കിടയിലാണു ട്രെയിനുകൾക്കു അധിക സമയം നൽകുക. നിലവിലുളള ബഫർ ടൈമിനു പുറമേയാണിത്. 2017ൽ നിലവിൽ വന്ന ടൈംടേബിളിൽ നേരത്തെ തന്നെ കേരളത്തിലോടുന്ന ട്രെയിനുകൾ വൈകിച്ചിരുന്നു. അറ്റകുറ്റപ്പണിക്കു സമയം നൽകാനെന്ന പേരിലാണു തിരുവനന്തപുരം, പാലക്കാട് ഡിവിഷനിലെ ട്രെയിനുകൾക്കു അധികം സമയം അനുവദിച്ചത്. അതു പോരാഞ്ഞിട്ടാണു ഇപ്പോൾ വീണ്ടും സമയം മാറ്റുന്നത്. ഫലത്തിൽ അവസാന സ്റ്റേഷനിലേക്കുളള യാത്രക്കാർ കൂടുതൽ നേരം ട്രെയിനുകളിൽ ഇരിക്കേണ്ടി വരും. വേണാട് എക്സ്പ്രസ് എറണാകുളത്ത് എത്തിച്ചേരുന്ന സമയം 2015ൽ രാവിലെ 9.55 ആയിരുന്നു. 2017ൽ ഇത് 10.15 ആയി പരിഷ്കരിച്ചെങ്കിലും ട്രെയിൻ ഒരു ദിവസം പോലും സമയം പാലിച്ചിട്ടില്ല. ഇടസ്റ്റേഷനുകളിലെ ഈ അവസ്ഥ തുടരാനാണു സാധ്യത.

ട്രെയിനുകളുടെ കൃത്യത റെയിൽവേ അളക്കുന്നതു തികച്ചു അശാസ്ത്രീയമായാണ്. യാത്ര അവസാനിക്കുന്ന സ്റ്റേഷനിൽ സമയം പാലിച്ചോ എന്നു മാത്രം പരിശോധിച്ചാണു കൃത്യനിഷ്ഠ നിർണയിക്കുന്നത്. ഉദാഹരണത്തിന് 30 സ്റ്റോപ്പുകളുള്ള വേണാട് എക്സ്പ്രസ് 30–ാമത്തെ സ്റ്റേഷനായ ഷൊർണൂരിലെത്തുന്ന സമയമാണു കൃത്യനിഷ്ഠയുടെ ആധാരം. ബാക്കി 29 സ്റ്റേഷനിലും ട്രെയിൻ വൈകിയെത്തിയാൽ കുഴപ്പമില്ല. 29 സ്റ്റേഷനിലും വൈകിയെത്തുന്ന ട്രെയിൻ അവസാന സ്റ്റേഷനിൽ കൃത്യസമയം പാലിക്കാനായി അവസാന സ്റ്റേഷനും തൊട്ടുമുൻപുള്ള സ്റ്റേഷനുമിടയിൽ ബഫർ ടൈം അഥവാ സ്ലാക്ക് (അധിക സമയം) നൽകിയിട്ടുണ്ട്. വടക്കാഞ്ചേരിക്കും ഷൊർണൂരിനുമിടയിൽ 13 കിലോമീറ്റർ സഞ്ചരിക്കാൻ ഒരു മണിക്കൂർ 10 മിനിറ്റാണു വേണാടിനു സ്ലാക്ക് കൊടുത്തിട്ടുളളത്. എത്ര വൈകി ഒാടിയാലും നഷ്ടപ്പെട്ട സമയം ട്രെയിൻ ഷൊർണൂരിനു മുൻപു വീണ്ടെടുക്കും. മിക്ക ട്രെയിനുകൾക്കും ഇതു പോലെ ഒന്നും ഒന്നര മണിക്കൂറും ബഫർ ടൈം അവസാന സ്റ്റേഷനു തൊട്ടുമുൻപായുണ്ട്. ഈ കള്ളത്തരം കാണിച്ചാണു ട്രെയിനുകൾ കൃത്യസമയത്ത് ഒാടുന്നുവെന്നു റിപ്പോർട്ട് ഉണ്ടാക്കുന്നത്.

ട്രെയിനുകൾ വൈകിയാൽ ജനറൽ മാനേജർമാർക്കെതിരെ നടപടിയെടുക്കുമെന്ന കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്റെ ഉത്തരവു മറികടക്കാനാണു പുതിയ കൺകെട്ടു വിദ്യയുമായി ദക്ഷിണ റെയിൽവേ രംഗത്തിറങ്ങിയിരിക്കുന്നത്. ട്രെയിനുകളുടെ വേഗം കൂട്ടി ഒാട്ടം മെച്ചപ്പെടുത്തി കൃത്യസമയം പാലിക്കണമെന്ന ഉത്തരവാണ് ട്രെയിനുകൾ വൈകിച്ചു കൃത്യനിഷ്ഠ ഉറപ്പാക്കാൻ ഉളള ഉത്തരവിലൂടെ സോണുകൾ അട്ടിമറിച്ചത്.

related stories