Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരൾച്ചയെ പ്രതിരോധിക്കാൻ ഗോവൻ മാതൃക; വരുന്നു 'ബന്ധാരകളുമായി സർക്കാർ

Pinarayi Vijayan

തിരുവനന്തപുരം∙ വരള്‍ച്ചയെ പ്രതിരോധിക്കാന്‍ സംസ്ഥാനത്ത് ഗോവന്‍ മാതൃകയില്‍ നദീജലസംഭരണികള്‍ പണിയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ആദ്യഘട്ടത്തില്‍ പാലക്കാട് തൂതപ്പുഴ, ഭവാനിപ്പുഴ, കാസര്‍കോട് ചന്ദ്രഗിരി, വയനാട്ടിലെ പനമരം പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചന്‍ കോവില്‍ എന്നീ നദികളിലും ഉപനദികളിലുമാണ് ഗോവയില്‍ 'ബന്ധാര' എന്ന് വിളിക്കുന്ന ജലസംഭരണിയുണ്ടാക്കാന്‍ തീരുമാനിച്ചത്. 

ഇതുപൂര്‍ത്തിയാകുമ്പോള്‍ 1938 കോടി ലിറ്റര്‍ വെള്ളം കൂടുതല്‍ ലഭിക്കുമെന്നാണു കണക്ക്. വര്‍ഷാവര്‍ഷം ആവര്‍ത്തിക്കുന്ന വരള്‍ച്ചയെ പ്രതിരോധിക്കുന്നതിനുളള നടപടികള്‍ ശുപാര്‍ശ ചെയ്യാന്‍ ജലസേചന വകുപ്പ് ചീഫ് എൻജിനീയര്‍ ടെറന്‍സ് ആന്‍റണി (ഐഡിആര്‍ബി) ചെയര്‍മാനായി സാങ്കേതിക സമിതിയെ ജലവിഭവ വകുപ്പ് നിയോഗിച്ചിരുന്നു. വി.എം. സുനില്‍ (മിഷന്‍ മോണിറ്ററിങ് ടീം), എബ്രഹാം കോശി (കണ്‍സള്‍ട്ടന്‍റ്, ഹരിതകേരളം മിഷന്‍) എന്നിവരും ജലസേചന വകുപ്പിലെ അഞ്ച് എൻജിനീയര്‍മാരും അടങ്ങുന്നതായിരുന്നു സമിതി. ഈ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് ഗോവന്‍ മാതൃക പരീക്ഷിക്കാന്‍ തീരുമാനിച്ചത്. 

ഹരിതകേരള മിഷനുമായി സഹകരിച്ചു ജലവിഭവവകുപ്പാണ് ഇതു നടപ്പാക്കുക. യോഗത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസും വിവിധ ഉദ്യോഗസ്ഥരും പങ്കെടുത്തു.

എന്താണ് ബന്ധാരകള്‍?

ഗോവയില്‍ നാനൂറിലധികം ബന്ധാരകള്‍ ഉപയോഗത്തിലുണ്ട്. നദിയില്‍ കുറുകെ രണ്ടുമീറ്റര്‍ ഇടവിട്ട് കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിച്ചശേഷം ഫൈബര്‍ റീഇന്‍ ഫോഴ്സ്ഡ് പ്ലാസ്റ്റിക് (എഫ്ആര്‍പി) കൊണ്ട് ഷട്ടര്‍ ഇടുകയാണു ചെയ്യുന്നത്. നദിയുടെ താഴ്ചക്കനുസരിച്ചു നാലോ അഞ്ചോ കീലോമീറ്റര്‍ ഇടവിട്ട് ബന്ധാര പണിയും. മഴക്കാലം കഴിയുന്ന ഉടനെ എല്ലാ ഷട്ടറുകളും ഇട്ടു പൂര്‍ണ ഉയരത്തില്‍ വെള്ളം സംഭരിക്കും. ജലനിരപ്പു കുറയുന്നതനുസരിച്ച് ഷട്ടറുകള്‍ ഓരോന്നായി മാറ്റി വെള്ളം നിയന്ത്രിതമായി ഒഴുക്കി വിടും. മഴ തുടങ്ങിയാല്‍ ഷട്ടറുകള്‍ പൂര്‍ണമായി തുറക്കും. അതിനാല്‍ മഴക്കാലത്ത് നദികളില്‍ സ്വാഭാവികമായ ഒഴുക്കുണ്ടാകും. 

പരിസ്ഥിതി പ്രശ്നങ്ങള്‍ ഒഴിവാക്കാനും മത്സ്യസമ്പത്തു സംരക്ഷിക്കാനും അതുമൂലം കഴിയും. വരള്‍ച്ചയുടെ മുഖ്യകാരണം മഴക്കുറവല്ലെന്നു പഠന സമിതിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. 1871 മുതല്‍ 2008 വരെയുളള മഴയുടെ ലഭ്യത സമിതി വിശകലനം ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.