Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാപ്പ്, മാപ്പ്; നിയമസഭയില്‍ സര്‍ക്കാരിനു പറയാന്‍ ഉത്തരമില്ല

Pinarayi Vijayan

തിരുവനന്തപുരം∙ നിയമസഭയില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ മന്ത്രിമാരുടെ ഒളിച്ചു കളി. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ വീഴ്ച വന്നതിനെത്തുടര്‍ന്നു സഭയില്‍ ‘ഖേദപ്രകടനം’ നടത്തുന്ന തിരക്കിലാണ് മന്ത്രിമാര്‍. ഓരോ സഭാ സമ്മേളനം കഴിയുമ്പോഴും ഖേദപ്രകടനം കൂടിവരുന്നു, ഉത്തരങ്ങള്‍ കുറയുന്നു. ‘രഹസ്യങ്ങള്‍’ വെളിപ്പെടുത്താന്‍ സര്‍ക്കാരിനു താല്‍പര്യമില്ലെന്നര്‍ഥം.

പതിനാലാം കേരള സഭയുടെ പതിനൊന്നാം സമ്മേളനം ആരംഭിച്ചപ്പോള്‍ വിവിധ സമ്മേളനങ്ങളിലെ 131 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയാതെ വകുപ്പുകള്‍ ഖേദപ്രകടനം നടത്തി. രണ്ടുവര്‍ഷം പഴക്കമുള്ള ചോദ്യങ്ങളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഈ സമ്മേളനത്തില്‍ ജൂണ്‍ 11 വരെ 2,456 ചോദ്യങ്ങളാണു സഭയുടെ മുന്‍പാകെ വന്നത്. ഇതില്‍ 463 ചോദ്യങ്ങള്‍ക്കു മറുപടി ലഭിച്ചിട്ടില്ല.

നിയമസഭയില്‍ ഒരു അംഗം ചോദ്യം എഴുതി നല്‍കിയാല്‍ 15 ദിവസത്തിനകം വകുപ്പു മന്ത്രി മറുപടി നല്‍കണം. അതിനു കഴിഞ്ഞില്ലെങ്കില്‍ പ്രസ്തുത വകുപ്പ്, ചട്ടം 47(2) അനുസരിച്ചു കാരണം വ്യക്തമാക്കി സഭയില്‍ ഖേദപ്രകടനം നടത്തണം. സമ്മേളനം തുടങ്ങുന്ന ആഴ്ചയിലോ അവസാന ആഴ്ചയിലോ ആണ് ഉത്തരം നല്‍കാന്‍ കഴിയാത്തതിന്റെ കാരണം വകുപ്പുകള്‍ വ്യക്തമാക്കുന്നത്. ഇതു സഭയുടെ മേശപ്പുറത്തു വച്ചശേഷം എല്ലാ അംഗങ്ങള്‍ക്കും വിതരണം ചെയ്യും. എന്നാല്‍, ഖേദപ്രകടനം നടക്കുന്നതല്ലാതെ ഉത്തരങ്ങള്‍ നല്‍കാന്‍ മന്ത്രിമാരും വകുപ്പ് ഉദ്യോഗസ്ഥരും തയ്യാറാകുന്നില്ലെന്നാണു നിയമസഭയിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഉത്തരങ്ങള്‍ ലഭിക്കാതെ ബുദ്ധിമുട്ടുന്നവരില്‍ ഭരണ - പ്രതിപക്ഷ എംഎല്‍എമാരെന്ന വ്യത്യാസമില്ല. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതില്‍ വീഴ്ച ഉണ്ടാകരുതെന്നും ചോദ്യത്തിന് ഉത്തരം നല്‍കേണ്ട തീയതിയുടെ തലേദിവസം വൈകിട്ട് ഉത്തരങ്ങള്‍ നിയമസഭാ സെക്രട്ടേറിയറ്റില്‍ ലഭിക്കണമെന്നും സ്പീക്കറുടെ റൂളിങ് ഉണ്ടെങ്കിലും ഒരു കാര്യവുമില്ല.

വകുപ്പുകള്‍ക്കു പ്രശ്നമുള്ള ചോദ്യങ്ങളാണെങ്കില്‍ മറുപടി ലഭിക്കില്ല. വിവരം ശേഖരിച്ചുവരുന്നു എന്ന പതിവു മറുപടിയാകും ലഭിക്കുക. സഭാസമ്മേളനം കഴിയുന്നതോടെ ചോദ്യത്തിന്റെ കാര്യം സാമാജികരും മറക്കും. വിവാദങ്ങളില്ലാതെ വകുപ്പും രക്ഷപ്പെടും.

ഈ മാസം നാലാം തീയതി 474 ചോദ്യങ്ങളാണു സഭയില്‍ ഉന്നയിക്കപ്പെട്ടത്. ഇതില്‍ 119 എണ്ണത്തിനു മറുപടി ലഭിച്ചില്ല. അഞ്ചാം തീയതി 413 ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടതില്‍ ആറെണ്ണത്തിനും, ഏഴാം തീയതി 412 ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടതില്‍ 35 എണ്ണത്തിനും മറുപടി ലഭിച്ചില്ല. എട്ടാം തീയതി 389 ചോദ്യങ്ങള്‍ സഭയുടെ മുന്നില്‍ വന്നു. 94 എണ്ണത്തിനു മറുപടി ലഭിച്ചില്ല. പതിനൊന്നാം തീയതി 360 ചോദ്യങ്ങള്‍ സഭയില്‍ ഉന്നയിക്കപ്പെട്ടപ്പോള്‍ 209 എണ്ണത്തിനു മറുപടി ലഭിച്ചില്ല. നാലാം തീയതിയും പതിനൊന്നാം തീയതിയും മുഖ്യമന്ത്രിയുടെ വകുപ്പുകളുടെ മറുപടിയായിരുന്നു. അന്നാണ് ഏറ്റവും കുറവ് ഉത്തരങ്ങള്‍ ലഭിച്ചത്.

മുഖ്യമന്ത്രിയുടെ വകുപ്പാണ് ഉത്തരങ്ങള്‍ നല്‍കുന്നതില്‍ പിന്നിലെന്നു നിയമസഭാ രേഖകള്‍ വ്യക്തമാക്കുന്നു. പൊതുമരാമത്ത്, സഹകരണം, ജലസേചന വകുപ്പുകളാണ് ഉത്തരം നല്‍കുന്നതില്‍ മുന്നില്‍. പൊതുമരാമത്ത് മന്ത്രി ജി. സുധാകരനാണ് ഉത്തരം നല്‍കുന്നതില്‍ മാതൃകയെന്നു നിയമസഭാ ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തുന്നു. പൊലീസിലെ ക്രിമിനലുകള്‍, ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷമുള്ള രാഷ്ട്രീയ കൊലപാതകങ്ങള്‍, കസ്റ്റഡി മരണങ്ങള്‍ എന്നിവയെ സംബന്ധിച്ചൊന്നും ആഭ്യന്തര വകുപ്പു മറുപടി നല്‍കിയിട്ടില്ല. കഴിഞ്ഞ വര്‍ഷമാണ് ഭരണപക്ഷത്തെ ഒരു പ്രമുഖ എംഎല്‍എ സഭയില്‍ ഒരു ചോദ്യം ഉന്നയിച്ചത് ‘ഈ സര്‍ക്കാര്‍ വന്നശേഷം എത്ര രാഷ്ട്രീയ കൊലപാതകം നടന്നു, കൊല്ലപ്പെട്ടവരുടെ പട്ടിക നല്‍കുക’ - വര്‍ഷം ഒന്നായിട്ടും മറുപടിയില്ല.

related stories