Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭവാനിപ്പുഴ കരകവിഞ്ഞു, വെള്ളപ്പൊക്കം; ആദിവാസി കുടികൾ ഒറ്റപ്പെട്ടു

kothamangalam-bridge കോതമംഗലം ഭൂതത്താൻകെട്ട് – വടാട്ടുപാറ പ്രദേശത്തേക്കുള്ള പാലം തകർന്ന നിലയിൽ

പാലക്കാട്∙ കാലവർഷമെത്തിയതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നു. മധ്യകേരളത്തിൽ രണ്ടു ദിവസമായി മഴയില്ലാത്ത അവസ്ഥയിലാണ്. മഴ ശക്തമായതോടെ പല പ്രദേശങ്ങളും വെള്ളത്തിന്റെ അടിയിലായി. കൃത്യസമയത്ത് വൃത്തിയാക്കാത്തതിനാൽ പല സ്ഥലങ്ങളിലും ഓടകൾ നിറഞ്ഞൊഴുകുകയാണ്. ഇത് പകർച്ചവ്യാധികൾക്കു കാരണമാകുമെന്നാണ് വിലയിരുത്തൽ.

Bhavanippuzha Escape ഭവാനിപ്പുഴയുടെ തുരുത്തിൽ അകപ്പെട്ട യുവതിയെ രക്ഷപെടുത്തുന്നു

അതേസമയം, മഴയിൽ വെള്ളംപൊങ്ങിയതോടെ പാലക്കാട് അട്ടപ്പാടിയിൽ ഭവാനിപ്പുഴയുടെ തുരത്തിൽ അകപ്പെട്ട ദമ്പതികളെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ രക്ഷപെടുത്തി. മണ്ണാർക്കാട് സ്വദേശികളായ സുഗുണൻ, ഭാര്യ വൽസല എന്നിവരെയാണ് ഭവാനിപ്പുഴയിലെ പുതൂർ കോണാർ തുരുത്തിൽ നിന്ന് രക്ഷപെടുത്തിയത്. അഞ്ചു ദിവസത്തോളമായി ഇരുവരും ഇവിടെ കുടുങ്ങിയ അവസ്ഥയിലായിരുന്നു.

Madikkayam Landslide കണ്ണൂർ ഇരിട്ടിയിലുണ്ടായ മണ്ണിടിച്ചിൽ. ചിത്രം: എം.ടി.വിധുരാജ്

കനത്ത മഴയ്ക്കുള്ള സാധ്യത പരിഗണിച്ചു നിലമ്പൂർ താലൂക്കിലെ പ്രഫഷനൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കു കലക്‌ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. വിദ്യാർഥികൾ സ്‌കൂളിൽ എത്തിയ ശേഷം രാവിലെ പത്തിനാണ് അവധി പ്രഖ്യാപിച്ചത്.

Madikkayam Rain മടിക്കയത്ത് ഉരുൾ പൊട്ടിയപ്പോൾ. ചിത്രം: എം.ടി.വിധുരാജ്

വയനാട്ടില്‍ ശക്തമായ മഴ തുടരുന്നു. ഇഞ്ചി, വാഴ, കപ്പ തുടങ്ങിയ കൃഷികള്‍ വെള്ളം കയറി നശിച്ചു. മഴക്കെടുതിയെത്തുടര്‍ന്ന് 22 കുടുംബങ്ങളെ പടിഞ്ഞാറത്തറ കാവുമന്ദം ഗവ. എല്‍പിഎസിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. താറുമാറായ വൈദ്യുതിവിതരണം പലയിടത്തും ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല.

അതിനിടെ, കല്ലടിക്കോട് പാലക്കയം മേഖലയിൽ ഉരുൾപൊട്ടി രണ്ട് വീടുകൾ ഭാഗികമായി തകർന്നു. വ്യാപകമായി റബ്ബർമരങ്ങൾ കടപുഴകി വീഴുകയും മണ്ണിടിച്ചിൽ ഉണ്ടാവുകയും ചെയ്തു. ശിരുവാണി വനമേഖലയോട് ചേർന്ന് കനത്ത മഴ തുടരുകയാണ്. എറണാകുളം ജില്ലയുടെ കിഴക്കന്‍മേഖലയില്‍ കനത്ത മഴ തുടരുകയാണ്. കോതമംഗലം – ഭൂതത്താന്‍കെട്ട് ഇടമലയാര്‍ റോഡില്‍ കലുങ്ക് ഇടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. ഇതോടെ രണ്ട് ആദിവാസിക്കുടികളും വടാട്ടുപാറയിലെ പതിനായിരത്തോളം നാട്ടുകാരും ഒറ്റപ്പെട്ടു.

ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലും വന്‍ നാശനഷ്ടമുണ്ടായ കോഴിക്കോടിന്റെ മലയോര മേഖലകളിലും മഴ തുടരുന്നു. കോടഞ്ചേരി തിരുവമ്പാടി പഞ്ചായത്തുകളില്‍ നിന്നായി നാല്‍പ്പതിലധികം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിതാമസിപ്പിച്ചു. രണ്ട് പഞ്ചായത്തുകളിലായി മൂന്ന് ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.