Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഴിക്കോട് മഴയും ഉരുൾപൊട്ടലും; 474 പേരെ ക്യാംപുകളിലേക്ക് മാറ്റി

rain-kozhikode ദുരിതാശ്വാസ ക്യാംപ് കോഴിക്കോട് ജില്ലാ കലക്ടർ യു.വി.ജോസ് സന്ദർശിച്ചപ്പോൾ.

കോഴിക്കോട്∙ ജില്ലയിൽ താമരശ്ശേരി താലൂക്കിലെ മലയോര മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉരുൾപൊട്ടിയ എഴു സ്ഥലങ്ങൾ കലക്ടർ യു.വി.ജോസ് സന്ദർശിച്ചു. തിരുവമ്പാടി, കാരശ്ശേരി, കോടഞ്ചേരി, കൂടരഞ്ഞി പഞ്ചായത്തുകളിലെ മേഖലകളെയാണു ദുരിതം പ്രധാനമായും ബാധിച്ചിട്ടുള്ളത്. അഞ്ചു ദുരിതാശ്വാസ ക്യാംപുകളിലായി 119 കുടുംബങ്ങളിലെ 474 പേരെ ഇതുവരെ മാറ്റിപാര്‍പ്പിച്ചതായി കലക്ടർ അറിയിച്ചു.

ഇരവിഞ്ഞിപുഴയിലും ചാലിയാര്‍ പുഴയിലും വെള്ളം കൂടിയിട്ടുണ്ട്. ഗതാഗതം തടസ്സപ്പെട്ട് പല പ്രദേശങ്ങളും പൂര്‍ണമായി ഒറ്റപ്പെട്ടു. മലയോര മേഖലയിൽ വീടുകൾ, റോഡ്, പാലം എന്നിവയ്ക്കു ഗുരുതരമായ കേടുപാടുകളുണ്ട്. പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. 1.75 കോടിയുടെ കൃഷി നാശമുണ്ടായതായാണു പ്രാഥമിക കണക്ക്.

തിരുവമ്പാടി പഞ്ചായത്തില്‍ കോടഞ്ചരി-തിരുവമ്പാടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കണ്ടപ്പന്‍ചാല്‍ പാലത്തിനു സമീപം 110 മീറ്റര്‍ റോഡും ആനക്കാംപൊയില്‍- കരിമ്പ് റോഡില്‍ അര കിലോമീറ്റര്‍ റോഡും ഒലിച്ചുപോയി. പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കൻഡറി സ്‌കൂള്‍ (11 കുടുബം), മുത്തപ്പന്‍പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍പി സ്‌കൂള്‍ (23), കരിമ്പ് പാരിഷ്ഹാള്‍ (5), ചെമ്പുകടവ് ഗവ. യുപി സ്‌കൂള്‍ (60), നൂറാംതോട് എഎല്‍പി സ്‌കൂള്‍ (20) എന്നിവിടങ്ങളിലാണു ദുരിതാശ്വാസ ക്യാംപ് ആരംഭിച്ചത്.

ജില്ലാ ഭരണകൂടം, ജനപ്രതിനിധികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊലീസ്, ഫയർഫോഴ്സ്, പൊതുമരാമത്ത് വകുപ്പ്, ജലസേചനം, കെഎസ്ഇബി, കൃഷി, ആരോഗ്യം, റവന്യൂ തുടങ്ങിയ വകുപ്പുകൾ, ഏഞ്ചൽസ് തുടങ്ങിയ സന്നദ്ധ സംഘടനകൾ, പൊതുജനങ്ങൾ എന്നിവരുടെ കുട്ടായ പ്രവർത്തനത്താൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്.

മേഖലയിൽ ക്വാറികളുടെ പ്രവർത്തനം താത്കാലികമായി നിർത്തിവയ്ക്കാൻ ഉത്തരവിട്ടു. കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നൽകി. മുഴുവൻ സമയവും പ്രവർത്തിക്കുന്ന കൺട്രോൾ റൂം കലക്ട്രേറ്റിലും താലൂക്കുകളിലും പ്രവർത്തനമാരംഭിച്ചു. ഫോൺ നമ്പറുകൾ– കലക്ടേറ്റ്: 0495 2371002, താമരശ്ശേരി താലൂക്ക്: 0495 2223088, കോഴിക്കോട് താലൂക്ക്: 0495 2372966, കൊയിലാണ്ടി താലൂക്ക്: 0496 2620235, വടകര താലൂക്ക് 0496 2522361.

related stories