Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാറുകൾ പൂട്ടിയത് തന്റെ ജനപ്രീതിയിൽ അസൂയമൂത്ത്: ഉമ്മൻ ചാണ്ടിക്കെതിരെ സുധീരൻ

VM Sudheeran വി.എം.സുധീരൻ വാർത്തസമ്മേളനത്തിനിടെ. ചിത്രം: മനോജ് ചേമഞ്ചേരി

തിരുവനന്തപുരം∙ മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടിക്കെതിരെ ആഞ്ഞടിച്ച് വി.എം.സുധീരൻ. തന്നെ കെപിസിസി അധ്യക്ഷനായി നിയമിച്ചതിൽ ഉമ്മൻ ചാണ്ടിക്കു നീരസമായിരുന്നുവെന്നു വി.എം.സുധീരൻ. പലതവണ ഫോണിൽ വിളിച്ചിട്ടും താൽപര്യമില്ലാത്ത തരത്തിലായിരുന്നു പെരുമാറ്റം. പിന്നീട് വീട്ടിൽ പോയി കണ്ടിട്ടും മുഖത്തുണ്ടായിരുന്നതു നീരസം മാത്രമായിരുന്നു. കോൺഗ്രസിൽ പ്രവർത്തിച്ചതിന്റെ അടിസ്ഥാനത്തിലാണു തന്നെ അധ്യക്ഷനാക്കിയത്. ആരും കെട്ടിയിറക്കിയതല്ല. താൻ അയോഗ്യനുമല്ല. വ്യക്തി താൽപര്യങ്ങളില്ലെന്ന് അറിഞ്ഞിട്ടും അദ്ദേഹത്തിന് തന്നോട് അകൽച്ചയായിരുന്നു. താൻ അധികാരമേൽക്കുന്ന ചടങ്ങിൽപോലും അദ്ദേഹം പങ്കെടുത്തിട്ടില്ലെന്നും സുധീരൻ പറഞ്ഞു.

കെപിസിസി അധ്യക്ഷനായിരിക്കെ താൻ നടത്തിയ രണ്ടു ജാഥകളും പരാജയപ്പെടുത്താൻ ഉമ്മൻ ചാണ്ടി ശ്രമിച്ചിരുന്നു. ജാഥകൾ ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹത്തിനു പ്രസംഗത്തിൽ തന്റെ പേരുപറയാൻ പോലും മടിയായിരുന്നു. കാശെറിയാതെ ശംഖുമുഖത്ത് ആളുവരില്ലെന്നായിരുന്നു ഒരു നേതാവിന്റെ പ്രസ്താവന. രണ്ടു ഗ്രൂപ്പ് നേതാക്കളും സഹകരിക്കാതിരുന്നിട്ടും ശംഖുമുഖം നിറഞ്ഞുകവിഞ്ഞു. കോട്ടയത്തുവച്ച് ഉമ്മന്‍ ചാണ്ടിക്കെതിരെ ആഞ്ഞടിച്ചതിനുശേഷമാണു ജാഥകളിൽ അദ്ദേഹം തന്നെ പിന്തുണച്ചത്. തന്റെ പേരു പറയാൻ പോലും തയാറായത് അതിനുശേഷമാണ്.

കരുണ എസ്റ്റേറ്റ് വിമർശനങ്ങൾ‌ ഉയർന്നപ്പോൾ അതു ചോദ്യം ചെയ്ത തന്നോട് ഉദ്യോഗസ്ഥരെ എങ്ങനെ ‘ലെറ്റ് ഡൗൺ’ ചെയ്യാൻ സാധിക്കുമെന്നാണ് ഉമ്മൻ ചാണ്ടി ചോദിച്ചത്. ജനങ്ങളെ എങ്ങനെ ‘ലെറ്റ് ഡൗൺ’ ചെയ്യാന്‍ ആകുമെന്ന് താനും ചോദിച്ചു. പിന്നീടു നടന്ന യോഗത്തിൽ എംഎൽഎമാർ പോലും അദ്ദേഹത്തിനെതിരെ ശക്തമായ വിർശനമുന്നയിച്ചു. അതോടെ അദ്ദേഹം യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. പിന്നീടാണ് ഈ കൊള്ള അനുവദിക്കാനാകില്ലെന്ന് താൻ നിലപാടെടുത്തതെന്നും സുധീരൻ പറഞ്ഞു.

മദ്യനയമാണ് തോല്‍വിക്ക് കാരണമെന്നാണ് ഇന്നലെത്തെ യോഗത്തിലും എ ഗ്രൂപ്പിലെ ചിലര്‍ പറഞ്ഞത്. നിയമം പാലിക്കാത്ത ബാറുകള്‍ പൂട്ടാന്‍ മാത്രമാണു ഞാൻ പറഞ്ഞത്. എല്ലാംകൂടി പൂട്ടാന്‍ പറഞ്ഞിട്ടില്ല. തനിക്ക് ലഭിച്ച ജനപിന്തുണയിലെ അസൂയമൂലമാണ് ബാറുകള്‍ ഉമ്മന്‍ ചാണ്ടി പൂട്ടിയത്. പ്രതിപക്ഷം ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കുന്നില്ലെന്നും സുധീരന്‍ വിമര്‍ശിച്ചു. കോവളം കൊട്ടാരം, ഹാരിസണ്‍ വിഷയങ്ങളില്‍ വേണ്ട രീതിയില്‍ പ്രതികരിച്ചില്ല. അരുവിക്കര തിരഞ്ഞെടുപ്പിന് പത്രിക സമർപ്പിക്കുന്നതിനിടെയാണ് വിഴിഞ്ഞം കരാറിൽ അന്തിമ തീരുമാനമെടുക്കുന്നത്. എല്ലാവശങ്ങളും പരിഗണിക്കണമെന്ന എഐസിസിയുടെ നിർദേശം അവഗണിച്ചായിരുന്നു ഇത്. തിരഞ്ഞെടുപ്പായതിനാലാണ് അതിനെതിരെ ഒന്നും പറയാതിരുന്നതെന്നും സുധീരൻ പറഞ്ഞു.

അതേസമയം, ഇന്നലെ കെപിസിസി യോഗത്തില്‍ അവസാനം താന്‍ സംസാരിക്കുമ്പോള്‍ ജൂനിയറായ രണ്ടുപേര്‍ ചാടിവീഴുകയാണ്. ആ രണ്ട് യുവ സുഹൃത്തുക്കളുടെ നടപടി എന്‍റെ മനസസിന് ഏറ്റവും വിഷമമുണ്ടാക്കി.  ആ ആഘാതത്തിലാണ് ഇന്നലെ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ രാജിയെപ്പറ്റി പറയേണ്ടിവന്നതെന്നും സുധീരന്‍ കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് തോൽവി ഗ്രൂപ്പ് മാനേജർമാരുടെ ഇടപെടൽ മൂലം

താഴേത്തട്ടിലുള്ള നേതാക്കന്മാരുടെ താൽപര്യം പരിഗണിച്ച് സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിനാണ് കോൺഗ്രസിൽ തീരുമാനിച്ചിരുന്നത്. എന്നാൽ പ്രാദേശിക നേതൃത്വം തന്ന സ്ഥാനാർഥി പട്ടിക ഗ്രൂപ്പ് മാനേജർമാർ വെട്ടിനിരത്തി. പരസ്പരം കാലുവാരാതെ സ്ഥാനാർഥി നിർണയം കൃത്യമായി നടത്തിയിരുന്നെങ്കിൽ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചേനെ. താൻ കാരണമാണ് കൊച്ചിയിൽ പരാജയപ്പെട്ടതെന്നാണു ഡൊമിനിക് പ്രസന്റേഷൻ പറയുന്നത്. അദ്ദേഹത്തോടൊരു കാര്യം മാത്രമാണ് ചോദിക്കുന്നത് കൊച്ചിയിൽ ‌ടോണി ചെമ്മണി മൽസരിച്ചെങ്കിൽ ജയിക്കുകയില്ലായിരുന്നോ. പ്രസന്റേഷൻ തന്നെയാണ് ഇക്കാര്യം പറയേണ്ടത്. തോൽവിക്കു കാരണം തന്റെ പ്രസ്താവനകളായിരുന്നില്ല. സ്ഥാനാർഥി നിർണയത്തിൽ തന്നെ എട്ടുസീറ്റുകൾ നഷ്ടപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പിലൂടെ പതിനൊന്നും.

നിയമസഭ തിരഞ്ഞെടുപ്പിലെ തോൽവിക്കു പിന്നാലെ രാജിവയ്ക്കാൻ താൻ തയാറായിരുന്നു. ഇതിനായി രാജിക്കത്തുവരെ തയാറാക്കി. യോഗത്തിന്റെ അവസാനം പ്രസംഗിച്ച് രാജി പ്രഖ്യാപിക്കാമെന്നാണു കരുതിയത്. എന്നാൽ യോഗത്തിന്റെ തുടക്കത്തിൽ തന്നെ എം.എം.ഹസൻ തന്റെ രാജി ആവശ്യപ്പെട്ടു. തനിക്കെതിരെ രൂക്ഷവിമർശനം ഉന്നയിക്കപ്പെട്ടു. ഇതോടെയാണ് അന്നു രാജിക്കു തയാറാകാതിരുന്നതെന്നും സുധീരൻ പറഞ്ഞു.

കേരള കോൺഗ്രസിനു സീറ്റുനൽകിയത് ഹിമാലയൻ വങ്കത്തരം

കേരള കോൺഗ്രസിനു രാജ്യസഭാ സീറ്റു നൽകിയത് ഹിമാലയൻ വങ്കത്തരമെന്നു കെപിസിസി മുൻ അധ്യക്ഷൻ വി.എം. സുധീരൻ. രാജ്യസഭാ സീറ്റു നൽകിയത് അധാർമികമാണ്. സമാന്യബോധമുള്ള ഒരു രാഷ്ട്രീയ നേതാവും ഇത്തരമൊരു തീരുമാനമെടുക്കില്ല. ലോക്സഭയിൽനിന്നു രാജ്യസഭയിലേക്ക് ഒരാൾ പോകുമ്പോൾ ലോക്സഭയിൽ ഒരു സീറ്റ് കുറയും. യുപിഎയുടെ നഷ്ടം ബിജെപിയുടെ നേട്ടമായി മാറുന്നു.

ഭാരതത്തിന്റെ ശാപമാണു ബിജെപി. ജനങ്ങളുടെ മേൽ വന്നുപെട്ട വൻ ബാധ്യതയാണു മോദി സർക്കാർ. വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇവരെ പുറന്തള്ളുന്നതിനുവേണ്ടി രാഹുൽ ഗാന്ധി മുന്നോട്ടു പോകുമ്പോൾ ആ ശ്രമങ്ങളെ പരാജയപ്പെടുത്തുന്ന സമീപനമാണു കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റേത്. ഒരേസമയം മൂന്നു പാർട്ടികളുമായി വിലപേശിയ കേരള കോൺഗ്രസ് ചെയർമാൻ നാളെ ബിജെപിക്കൊപ്പം പോകില്ലെന്ന് എന്താണുറപ്പ്. അത്തരമൊരു ഉറപ്പെങ്കിലും അദ്ദേഹത്തിൽനിന്നു വാങ്ങേണ്ടതായിരുന്നു. ആർഎസ്പിയെ മുന്നണിയിലെടുത്തതു പാർട്ടിയിൽ ആലോചിച്ചാണ്. സോണിയ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കണം. ജയിച്ചുവരുന്ന പാർലമെന്റംഗം യുപിഎയ്ക്കു പിന്തുണ നൽകണമെന്നും ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്നു നേരത്തെ പിൻമാറിയതാണ്. 2004ൽ മൽസരിച്ചതു സോണിയ ഗാന്ധിയുടെ നിർബന്ധപ്രകാരമായിരുന്നു. 2009ൽ ലോക്സഭയിലേക്ക‌ു മൽസരിക്കാൻ ഹൈക്കമാൻഡും കോൺഗ്രസ് നേതാക്കളും ആവശ്യപ്പെട്ടു. 2011ലെ നിയമസഭ തിരഞ്ഞെടുപ്പിലും മൽസരിക്കാൻ ആവശ്യമുയർന്നു. എന്നാൽ എ.കെ. ആന്റണിടയക്കമുള്ളവരോടു തന്നെ പരിഗണിക്കേണ്ടെന്ന് ആവശ്യപ്പെട്ടിരുന്നു. അതിനാൽതന്നെ പാർലമെന്ററി രാഷ്ട്രീയത്തിനായിട്ടാണു തന്റെ ശ്രമമമെന്നു കുപ്രചാരണത്തിൽ മാധ്യമപ്രവർത്തകർ വീഴരുത്.

തെറ്റുപറ്റിയാൽ തുറന്നുസമ്മതിക്കണം

പാർട്ടിയെ ശക്തിപ്പെടുത്തേണ്ട അവസരത്തിൽ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ തടവറയിലാണു കോൺഗ്രസ്. ഗ്രൂപ്പ് വ്യത്യാസമില്ലാതെ രാഷ്ട്രീയകാര്യസമിതിയിലും നേതൃയോഗത്തിലും നേതാക്കള്‍ക്കെതിരെ വലിയ വിമർശനമാണുണ്ടായത്. തെറ്റു പറ്റിയാൽ തുറന്നുസമ്മതിക്കണം. പരസ്യപ്രസ്താവന പാടില്ലെന്ന ഒറ്റമൂലിയുമായി അവർ ഇറങ്ങിയിരിക്കുകയാണ്. പരസ്യപ്രസ്താവനയെ വിലക്കുന്ന നേതാക്കളുടെ ചരിത്രമെന്താണ്. തീരുമാനങ്ങളിൽ പാർട്ടിക്കു കൂട്ടുത്തരവാദിത്തമാണ്. 1994ൽ രാജ്യസഭ സീറ്റ് ഘടകകക്ഷിക്കു നൽകിയപ്പോൾ അന്നത്തെ ധനമന്ത്രി രാജിവച്ച് ഗ്രൂപ്പു പ്രവർത്തനം ശക്തിപ്പെടുത്തി.

അധ്യക്ഷനായിരിക്കെ പരസ്യപ്രസ്താവന പാടില്ലെന്നു താൻ പറഞ്ഞപ്പോൾ കെപിസിസി ഓഫിസിൽ പത്രസമ്മേളനം വിളിച്ചയാളാണ് എം.എം. ഹസൻ. വ്യക്തി ബന്ധങ്ങൾ മറക്കുന്നയാളല്ല ഞാൻ. വയലാർ രവിയും എ.കെ. ആന്റണിയും ഉമ്മൻ ചാണ്ടിയും തന്റെ നേതാക്കളാണെന്നു പരസ്യമായി പറയുന്നയാളാണു താൻ. അവരുടെ ഭാഗത്തു വ‌ീഴ്ചയുണ്ടായാലും താൻ തുറന്നു പറയും. നേതാക്കൾ യാഥാർഥ്യങ്ങളിൽനിന്നു വളരെ അകലെയാണ്. ജനങ്ങളുടെ വികാരം മനസിലാക്കാൻ അവർക്കു വീഴ്ച പറ്റിയെന്നും സുധീരൻ കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.