Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീരിൽ മനുഷ്യാവകാശ ലംഘനമെന്ന യുഎൻ റിപ്പോർട്ട് തള്ളി ഇന്ത്യ

India Kashmir Violence

ന്യൂഡൽഹി∙ ജമ്മു കശ്മീരിൽ വലിയ തോതിലുള്ള മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിക്കുന്ന ഐക്യരാഷ്ട്രസംഘടന മനുഷ്യാവകാശ ഹൈക്കമ്മിഷണറുടെ റിപ്പോർട്ട് ഇന്ത്യ തള്ളി. റിപ്പോർട്ട് അടിസ്ഥാനരഹിതവും ദുരുപദിഷ്ടവുമാണെന്നും വ്യക്തിപരമായ മുൻവിധികൾ യുഎന്നിന്റെ വിശ്വാസ്യതയെ തന്നെ ഇല്ലാതാക്കുമെന്നും ഇന്ത്യ ശക്തമായ പ്രതിഷേധമറിയിച്ചു. യുഎൻ ആദ്യമായാണു കശ്മീരിലെയും പാക്ക് അധിനിവേശ കശ്മീരിലെയും (പിഒകെ) മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചു റിപ്പോർട്ട് പുറത്തിറക്കുന്നത്.

പാക്ക് അധിനിവേശ കശ്മീരിനെ യുഎൻ റിപ്പോർട്ടിൽ ആസാദ് ജമ്മു കശ്മീർ എന്നു വിശേഷിപ്പിച്ചതിനെയും ഇന്ത്യ ചോദ്യം ചെയ്തു. ഇന്ത്യയുടെ പരമാധികാരവും അതിർത്തിപരമായ അഖണ്ഡതയും ലംഘിക്കുന്നതാണു റിപ്പോർട്ടെന്നു വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. സ്ഥിരീകരണമില്ലാത്ത വിവരങ്ങൾ ചേർത്തുവച്ച റിപ്പോർട്ടിൽ ഭീകരസംഘടനകളെ സായുധ സംഘങ്ങളെന്നും ഭീകരരെ നേതാക്കളെന്നുമാണു വിശേഷിപ്പിക്കുന്നത്. ഭീകരവാദത്തിനെതിരെ യുഎന്നിന്റെ പൊതുനിലപാടിനെ അട്ടിമറിക്കുന്നതാണ് ഈ സമീപനമെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.

യുഎൻ റിപ്പോർട്ടിൽ പറയുന്നത്: 2016 ജൂൺ മുതൽ കഴിഞ്ഞ ഏപ്രിൽ വരെയുള്ള സംഭവവികാസങ്ങളെക്കുറിച്ചാണു യുഎൻ റിപ്പോർട്ട്. ഇതിൽ‍ പരാമർശിക്കുന്ന പ്രദേശങ്ങൾ സന്ദർശിക്കാൻ അനുവദിക്കണമെന്ന യുഎൻ സംഘത്തിന്റെ ആവശ്യം ഇന്ത്യയും പാക്കിസ്ഥാനും നിരസിച്ചിരുന്നു. വിവിധ സംഘടനകളിൽനിന്നു വിവരാവകാശ നിയമപ്രകാരവും പത്രവാർത്തകളുടെ അടിസ്ഥാനത്തിലും ശേഖരിച്ച വിവരങ്ങളാണു റിപ്പോർട്ടിലുള്ളത്.

2016 ജൂലൈ എട്ടിന് ഹിസ്ബുൽ കമാൻഡർ ബുർഹാൻ വാനി കൊല്ലപ്പെട്ടതിനെത്തുടർന്നു കശ്മീരിലുണ്ടായ പ്രക്ഷോഭത്തെ അടിച്ചമർത്താൻ ഇന്ത്യൻ സായുധസേന അമിതമായ നടപടികളെടുത്തെന്നും അതു നിയമവിരുദ്ധമായ കൊലപാതകങ്ങളിൽ കലാശിച്ചെന്നും റിപ്പോർട്ട് ആരോപിക്കുന്നു. 2016 ജൂലൈ മുതൽ കഴിഞ്ഞ മാർച്ച് വരെ സായുധസേനയുടെ നടപടികളിൽ 130–145 പേർ കൊല്ലപ്പെട്ടെന്നാണു കണക്കാക്കിയിട്ടുള്ളത്. കശ്മീരിൽ പ്രവർത്തിക്കുന്ന ‘സായുധ സംഘങ്ങളെ’ പാക്ക് സൈന്യം സഹായിക്കുന്നുവെന്നാണു വിദഗ്ധരുടെ വിലയിരുത്തലെന്നും റിപ്പോർട്ടിൽ പറയുന്നു.

മനുഷ്യാവകാശ ലംഘനം തടയുന്നതിനും നീതി ഉറപ്പാക്കുന്നതിനും കശ്മീരിലെ സായുധസേനാ പ്രത്യേക അവകാശ നിയമവും ജമ്മു കശ്മീർ പൊതുസുരക്ഷാ നിയമവും തടസ്സമാകുന്നു. സായുധസേനാംഗങ്ങൾ നടത്തുന്ന ലൈംഗികാതിക്രമങ്ങൾ പോലും സ്വതന്ത്രമായി അന്വേഷിക്കപ്പെടുന്നില്ലെന്നും റിപ്പോർട്ട് ആരോപിക്കുന്നു.

ശുപാർശകൾ

കശ്മീരിലെ ജനങ്ങൾക്കും പങ്കാളിത്തമുള്ള അർഥവത്തായ ചർച്ചയിലൂടെ മാത്രമേ കശ്മീർ പ്രശ്നത്തിനു പരിഹാരം കാണാനാവൂ എന്നാണു റിപ്പോർട്ടിലെ വിലയിരുത്തൽ. മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചു സമഗ്രവും സ്വതന്ത്രവുമായ രാജ്യാന്തര അന്വേഷണം വേണം. സുരക്ഷാനടപടികളുമായി ബന്ധപ്പെട്ടുള്ള മരണങ്ങളെക്കുറിച്ച് സുപ്രീം കോടതിയുടെ മാർഗരേഖയുടെ അടിസ്ഥാനത്തിൽ അന്വേഷണം വേണം. ഇന്ത്യയും പാക്കിസ്ഥാനും ജനങ്ങളുടെ സ്വയം നിർണയാവകാശം മാനിക്കണമെന്നും മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.

കമ്മിഷൻ ഓഫ് ഇൻക്വയറി

രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങളും അവകാശങ്ങളും ലംഘിക്കപ്പെടുന്ന സ്ഥിതികളെയും സാഹചര്യങ്ങളെയും കുറിച്ച് അന്വേഷിച്ച് വസ്തുതകൾ കണ്ടെത്താനും മനുഷ്യാവകാശ ലംഘനമുണ്ടെ‌ങ്കിൽ പരിഹാരം നിർദേശിക്കാനുമുള്ളതാണ് െഎക്യരാഷ്ട്ര സംഘടനയുടെ കമ്മിഷൻ ഓഫ് ഇൻക്വയറി. യുഎൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുടെ മേൽനോട്ടത്തിലാണ് പ്രവർത്തനം. സിറിയ, മ്യാൻമർ, ലബനൻ, ഗാസ, കൊറിയ തുടങ്ങിയ പല സംഘർഷ മേഖലകളിലും ഇത്തരം അന്വേഷണ സമിതികളുടെ ഇടപെടലുണ്ട്.