Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊലീസുകാരന് എഡിജിപിയുടെ മകളുടെ ചീത്തവിളി, എതിർത്തപ്പോൾ നടുറോഡിൽ തല്ല്

adgp-daughter-gavaskar മർദനത്തില്‍ പരുക്കേറ്റ ഗവാസ്കർ

തിരുവനന്തപുരം∙ എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദിച്ചതായി പരാതി. തുടര്‍ച്ചയായുള്ള ചീത്തവിളിയെ എതിര്‍ത്തതാണു മര്‍ദനത്തിനു കാരണമെന്നു കാട്ടി ഡ്രൈവര്‍ ഗവാസ്കര്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ ആക്ഷേപത്തെക്കുറിച്ചു പ്രതികരിക്കാന്‍ സുദേഷ് കുമാര്‍ തയാറായില്ല. 

ബറ്റാലിയന്‍  എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ക്കെതിരെയാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവര്‍ പരാതി നല്‍കിയത്. തിരുവനന്തപുരം ആര്യനാട് സ്വദേശിയായ ഗവാസ്കര്‍ പേരൂര്‍ക്കട താലൂക്ക് ആശുപത്രിയില്‍ ചികിൽസ തേടിയിട്ടുമുണ്ട്.

ഇന്നു രാവിലെ എഡിജിപിയുടെ മകളെയും ഭാര്യയെയും പ്രഭാത നടത്തത്തിനായി ഔദ്യോഗിക വാഹനത്തില്‍ കനകക്കുന്നില്‍ കൊണ്ടുപോയി. തിരികെ വരുമ്പോൾ വാഹനത്തിലിരുന്നു മകള്‍ ചീത്തവിളിക്കുകയായിരുന്നു. ഇതിനെ എതിര്‍ത്തു വണ്ടി റോഡില്‍ നിര്‍ത്തിയതോടെ മൊബൈല്‍ ഫോണു കൊണ്ട് കഴുത്തിനു പിന്നിലിടിച്ചെന്നാണു പരാതി. 

കഴിഞ്ഞ ദിവസങ്ങളിലും ഭാര്യയും മകളും ചീത്തവിളിക്കുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നു. ഇതിനെതിരെ എഡിജിപിയോട് നേരിട്ടു പരാതി പറഞ്ഞതിലുള്ള വൈരാഗ്യമാകാം മര്‍ദനത്തിനു കാരണമായതെന്നും ‍ഡ്രൈവര്‍ പറയുന്നു. എന്നാല്‍, പരാതിയെപ്പറ്റി വിശദീകരണം തേടിയെങ്കിലും എഡിജിപി പ്രതികരിക്കാന്‍ തയാറായില്ല. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ വീട്ടില്‍ ക്യാംപ് ഫോളോവേഴ്സ് നേരിടുന്ന പീഡനത്തിന് ഉദാഹരണമാണിതെന്ന് പൊലീസ് സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.