Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജഡ്ജിമാരുടെ ഭിന്നതയിൽ ‘വിധി’ മുടങ്ങി; എടപ്പാടി സർക്കാരിന് താൽക്കാലിക ആശ്വാസം

Edappadi K. Palaniswami എടപ്പാടി പളനിസാമി(ഫയൽ ചിത്രം)

ചെന്നൈ∙ അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവും ആർകെ നഗർ എംഎൽഎയുമായ ടിടിവി ദിനകരന്റെ പക്ഷത്തേക്കു മാറിയ 18 എംഎൽഎമാരെ അയോഗ്യരാക്കിയ കേസിൽ ജഡ്ജിമാർക്കിടയിൽ അഭിപ്രായ ഭിന്നത. എംഎൽഎമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനർജി ശരിവച്ചപ്പോൾ ജസ്റ്റിസ് എം.സുന്ദർ സ്പീക്കറുടെ തീരുമാനം തള്ളി.

വിധിയുടെ കാര്യത്തിൽ ഭിന്നാഭിപ്രായം ഉടലെടുത്ത സാഹചര്യത്തിൽ കേസ് വീണ്ടും മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്കുവരും. മൂന്നാമത്തെ ജഡ്ജി ആരെന്നു ഹൈക്കോടതി താമസിയാതെ പ്രഖ്യാപിക്കും. മൂന്നാമതൊരു ജഡ്ജി കേസിന്റെ വാദം വീണ്ടും കേട്ടതിനു ശേഷം ഭൂരിപക്ഷ അഭിപ്രായം മുൻനിർത്തിയാവും വിഷയത്തിലെ ഹൈക്കോടതി തീർപ്പ്. ഇക്കാര്യത്തിൽ തീരുമാനമാകാതെ ഉപതിരഞ്ഞെടുപ്പു നടത്തരുതെന്നും നിർദേശിച്ചിട്ടുണ്ട്.

എടപ്പാടി സർക്കാരിനു താൽക്കാലിക ആശ്വാസമാകുന്നതാണു കോടതിയുടെ തീരുമാനം. അതേസമയം ഇതുമായി ബന്ധപ്പെട്ട നിയമപോരാട്ടം ഇനിയും നീളുമെന്ന് ഉറപ്പായി. ഇക്കഴിഞ്ഞ ജനുവരിയിൽ കേസിന്റെ വാദം പൂർത്തിയായതാണ്. 

പളനി സാമിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു മാറ്റണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ദിനകരൻ പക്ഷത്തെ 19 എംഎൽഎമാർ ഗവർണറെ കണ്ടത്. ഈ എംഎൽഎമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് അണ്ണാഡിഎംകെ ചീഫ് വിപ് സ്പീക്കർക്കു കത്തു നൽകി. എംഎൽഎമാർ പാർട്ടി അച്ചടക്കം ലംഘിച്ചെന്നായിരുന്നു കത്തിൽ പറഞ്ഞിരുന്നത്. ഇവരിൽ ഒരു എംഎൽഎ പിന്നീട് നിലപാട് മാറ്റി. ചീഫ് വിപ്പിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ 18 പേരെ സ്പീക്കർ അയോഗ്യരാക്കി. ഇതിനെതിരെയാണു എംഎൽഎമാർ ഹൈക്കോടതിയിൽ ഹർജി നൽകിയത്. 

രണ്ടു വിധികൾ; അവ എങ്ങനെ ബാധിക്കും?

തമിഴ്നാട് നിയമസഭയിൽ നിലവിൽ 234 എംഎൽഎമാരാണ് ആകെയുള്ളത്. ഇതിൽ 18 പേരെ അയോഗ്യരാക്കിയാൽ അംഗസംഖ്യ 216 ആകും. കേവലഭൂരിപക്ഷത്തിന് 109 പേരാണു വേണ്ടത്. അണ്ണാഡിഎംകെയ്ക്ക് 111 എംഎൽഎമാരുടെ പിന്തുണയുണ്ട്. പ്രതിപക്ഷത്ത് ഡിഎംകെയ്ക്ക് ഉൾപ്പെടെ 98 പേരുണ്ട്. ദിനകരൻ പക്ഷത്ത് അദ്ദേഹമുൾപ്പെടെ നാലു പേരാണുള്ളത്. മൂന്നു സ്വതന്ത്രരുമുണ്ട്. ഇവർ അണ്ണാ ഡിഎംകെ ടിക്കറ്റിൽ മത്സരിച്ചവരാണ്. ഈ സാഹചര്യത്തിൽ സർക്കാർ സുരക്ഷിതമാണ്. 

എന്നാൽ 18 എംഎൽഎമാരെ അയോഗ്യരാക്കിയ വിധി ഹൈക്കോടതി റദ്ദാക്കിയാൽ സഭയിലെ ആകെ എംഎൽഎമാരുടെ എണ്ണം 234 ആവുകയും കേവല ഭൂരിപക്ഷം 118 ആവുകയും ചെയ്യും. അണ്ണാ ഡിഎംകെയ്ക്ക് ഉറപ്പുള്ളത് 111 പേരുടെ പിന്തുണയാണ്. എന്നാൽ ദിനകരൻ പക്ഷത്തെ 22 പേരും മൂന്നു സ്വതന്ത്രരും പ്രതിപക്ഷത്തെ 98 പേരും ചേര്‍ന്ന് അവിശ്വാസ പ്രമേയത്തെ പിന്തുണച്ചാൽ 123 പേരാകും. അതോടെ എടപ്പാടി മന്ത്രിസഭ പ്രതിസന്ധിയിലാകും. 

ദിനകരനുമായി യോജിച്ചു പോകേണ്ട എന്നാണു തീരുമാനമെങ്കില്‍ സർക്കാർ വീഴും. ഈ സാഹചര്യമുണ്ടായാൽ നേരിടാൻ ദിനകര പക്ഷത്തെ എംഎൽഎമാരെ തങ്ങൾക്കൊപ്പം നിർത്താനും പളനിസാമിയും ഉപമുഖ്യമന്ത്രി ഒ.പനീർസെൽവവും ശ്രമം തുടരുന്നുണ്ടെന്നാണു റിപ്പോർട്ടുകൾ.