Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാസ്പോർട്ടിൽ വിവരമില്ല, എന്തു സംഭവിച്ചെന്നുമറിയില്ല; നീരവ് മോദി ബൽജിയത്തിൽ?

Nirav-Modi-1 നീരവ് മോദി

ലണ്ടൻ ∙ പിഎൻബി തട്ടിപ്പു കേസിൽ ഒളിവിലുള്ള വജ്രവ്യാപാരി നീരവ് മോദി ബൽജിയത്തിലെ ബ്രസൽസിലേക്കു കടന്നതായി സൂചന. മോദി ലണ്ടനിൽ രാഷ്ട്രീയ അഭയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾക്ക് ബ്രിട്ടിഷ് സർക്കാരിന്റെ സ്ഥിരീകരണം കാത്തിരിക്കെയാണ് ഇത്. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കു തട്ടിപ്പു കേസിൽ കുറ്റാരോപിതനായ നീരവ് മോദി സിംഗപ്പൂർ പാസ്പോർട്ടിലാകാം സഞ്ചരിക്കുന്നത് എന്നാണ് ഇന്റർപോളിന്റെ അനുമാനം. സിബിഐയുടെ ആവശ്യപ്രകാരം ഇന്റർപോൾ നീരവിനും സഹോദരനും ബൽജിയം പൗരനുമായ നിഷാലിനുമെതിരെ റെഡ് കോർണർ നോട്ടിസ് ഇറക്കിയിരുന്നു. ഇതനുസരിച്ച് മുംബൈ പ്രത്യേക കോടതി ചൊവ്വാഴ്ച അവർക്കെതിരെ ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചു.

എന്നാൽ ഈ വർഷം മാർച്ച് 31–നു ശേഷം നീരവിന്റെ ഇന്ത്യൻ പാസ്പോർട്ടിൽ ഒരു യാത്രയും രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ഇന്റർപോൾ ഇന്ത്യൻ സർക്കാരിനെ അറിയിച്ചിരിക്കുന്നത്. ജാമ്യമില്ലാ വാറന്റ് അദ്ദേഹത്തിന്റെ ഇന്ത്യൻ പാസ്പോർട്ടിനെതിരെയാണ്. സിംഗപ്പൂർ പാസ്പോർട്ടാണ് അദ്ദേഹം ഉപയോഗിക്കുന്നതെങ്കിൽ അവരുടെ സഹായം അനിവാര്യമാണെന്നും ഇന്റർപോൾ പറയുന്നു.

ഏതു പാസ്പോർട്ട് ഉപയോഗിച്ചാണ് നീരവ് യുകെയിൽ പ്രവേശിച്ചതെന്ന് അവിടെയുള്ള ഇന്ത്യൻ ഹൈക്കമ്മിഷനും വ്യക്തമല്ല. യുകെയിലെ ഇമിഗ്രേഷൻ വകുപ്പിനു മാത്രമേ ഇതു സംബന്ധിച്ച വിവരങ്ങൾ നൽകാൻ സാധിക്കുകയുള്ളുവെന്ന് അവർ പറഞ്ഞു. നീരവ് സിംഗപ്പൂർ പാസ്പോർട്ട് ഉപയോഗിക്കാൻ സാധ്യതയില്ലെന്നും ഒരുപക്ഷേ വ്യാജ ഇന്ത്യൻ പാസ്പോർട്ടാകാം ഉപയോഗിക്കുന്നതെന്നും ഇന്ത്യൻ ഹൈക്കമ്മിഷന്റെ ഓഫിസ് അറിയിച്ചു. യുകെ ആഭ്യന്തര മന്ത്രാലയം ഇതുവരെ ഇതിനോടു പ്രതികരിച്ചിട്ടില്ല.