Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോഡ്ജുകളും ബാറുകളും അരിച്ചു പെറുക്കി ചെന്നൈ പൊലീസ്: പിടിയിലായത് 3500 പേർ

Police Representative Image

ചെന്നൈ ∙ സുരക്ഷിത നഗരമായി ചെന്നൈയെ മാറ്റാൻ കച്ചകെട്ടി സിറ്റി പൊലീസ്. കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി സിറ്റി പൊലീസ് ആരംഭിച്ച ഓപ്പറേഷൻ ക്രൈം ഫ്രീ ചെന്നൈയുടെ ഭാഗമായി നഗരത്തിൽ നടത്തിയ പരിശോധനയിൽ 3500 പേർ അറസ്റ്റിലായി. രണ്ടു ദിവസം മുൻപു സിറ്റി പൊലീസ് കമ്മിഷണർ എ.കെ.വിശ്വനാഥന്റെ നേതൃത്വത്തിലാണ് ഓപ്പറേഷൻ ആരംഭിച്ചത്.

നഗരത്തിലെ ലോഡ്ജുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പൊലീസ് നടത്തിയ പരിശോധനയിൽ വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട 442 പേർ അറസ്റ്റിലായി. ജാമ്യമില്ലാ വകുപ്പുകളിൽ 20 പേരെയും, വിവിധ കേസുകളിൽ പൊലീസിനെ വെട്ടിച്ചു കടന്ന ഏഴുപേരെയും കസ്റ്റഡിയിൽ എടുത്തതായി പൊലീസ് അറിയിച്ചു. ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട നൂറോളം പേരും അറസ്റ്റിലായവരിൽ ഉൾപ്പെടും.

മുൻകാലങ്ങളിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരും, സ്ഥിരം കുറ്റവാളികളുമാണ് അറസ്റ്റിലായ മറ്റുള്ളവർ. മദ്യപിച്ചു വാഹനമോടിച്ച 53 പേർക്കു പിഴയിട്ടതായും, കസ്റ്റഡിയിൽ എടുത്തവരെ സ്വന്തം ജാമ്യത്തിൽ വിട്ടയച്ചതായും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

നഗരം അരിച്ചുപെറുക്കി പരിശോധന

ഓപ്പറേഷന്റെ ഭാഗമായി രാത്രികാലങ്ങളിൽ നഗരത്തിൽ പൊലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. ചെറു സംഘങ്ങളായി തിരിഞ്ഞാണു പരിശോധനകൾ നടത്തുന്നത്. ആളൊഴിഞ്ഞ സ്ഥലങ്ങളിലും പൂട്ടിയിട്ട കെട്ടിടങ്ങളിലും രാത്രികാലങ്ങളിൽ സാമൂഹിക വിരുദ്ധർ തമ്പടിക്കുന്ന ബീച്ച്, ടാസ്മാക് ബാർ, ബാറുകൾ എന്നിവിടങ്ങളിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്. രാത്രി പത്തുമുതൽ പുലർച്ചെ നാലുവരെയും, രാവിലെ നാലുമുതൽ രാവിലെ പത്തുവരെയും രണ്ടു ഷിഫ്റ്റുകളിലായാണു പൊലീസ് സംഘം പ്രവർത്തിക്കുന്നത്. ഈ മാസം മുപ്പതുവരെ ഈ രീതി തുടരുമെന്നു കമ്മിഷണർ അറിയിച്ചു.

അടുത്തകാലത്തായി നഗരത്തിൽ കുറ്റകൃത്യങ്ങൾ വർധിച്ചിരുന്നു. സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങളും പതിവായിരുന്നു. രാത്രികാലങ്ങളിൽ പൊലീസ് പട്രോളിങ് കുറഞ്ഞതായും പരാതികൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ ഞായറാഴ്ച രാത്രി പതിമൂന്നിലധികം കവർച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകകൂടി ചെയ്തതോടെയാണു നഗരത്തിലെ കുറ്റവാളികളെ വലയിലാക്കാൻ പൊലീസ് തീരുമാനിച്ചത്.

കമ്മിഷണറുടെ നേതൃത്വത്തിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷമാണു സ്ഥിരം കുറ്റവാളികൾ അടക്കമുള്ളവരെ നിരീക്ഷിക്കാനും പരിശോധന ശക്തമാക്കാനും തീരുമാനിച്ചത്. വാഹന പരിശോധനയും കർശനമാക്കി.

അനധികൃത ബൈക്കോട്ട മൽസരം നടത്തുന്നവരെയും, റോഡിൽ മറ്റു വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണി ഉയർത്തി ബൈക്കിൽ കുതിച്ചുപായുന്നവർക്കെതിരെയും ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. എന്തായാലും നഗരത്തിലെ കുറ്റകൃത്യങ്ങൾക്ക് അറുതിവരുത്താൻ പൊലീസ് കച്ചകെട്ടിയിറങ്ങിയതിന്റെ ആശ്വാസത്തിലാണ് ജനങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.