അപർണയ്ക്കു വധഭീഷണി: ഷബീർ, കില്ലർ യോദ്ധാവ്, ഷബി, അഫ്താന പിടിയിൽ (എല്ലാം ഒരാളാണ്)

അപർണ പ്രശാന്തി

മലപ്പുറം ∙ എഴുത്തുകാരിയും സാമൂഹികപ്രവർത്തക പി.ഗീതയുടെ മകളുമായ അപർണ പ്രശാന്തിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വധഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പൊന്നാനി സ്വദേശി ഷബീറിനെയാണു പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്.

ഷബീർ കില്ലർ യോദ്ധാവ്, ഷബി അഫ്താന, ഷബി എന്നീ ഫെയ്സ്ബുക്ക് അക്കൗണ്ടുകളുപയോഗിച്ച് ഇയാൾ നിരന്തരം അപർണയെ അധിക്ഷേപിച്ചിരുന്നു. അഫ്താന എന്ന മറ്റൊരു അക്കൗണ്ടും ഷബീറിനുണ്ട്. കേസിൽ മണ്ണാർക്കാട് സ്വദേശി നിയാസുദ്ദീൻ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

അല്ലു അർജുൻ സിനിമയുടെ മലയാളം പതിപ്പ് കണ്ടിറങ്ങുമ്പോൾ മഴയത്ത് കുടുങ്ങിയതിനെക്കുറിച്ച് അപർണ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത രണ്ടുവരി ഫോട്ടോ ക്യാപ്ഷനു പിന്നാലെയാണ് സമൂഹമാധ്യമ അധിക്ഷേപം തുടങ്ങിയത്. അല്ലു ആർജുൻ ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ എന്ന പേരിൽ തുടങ്ങിയ ആക്രമണം വിവാദമായതോടെ, സംഭവത്തിൽ അസോസിയേഷനു പങ്കില്ലെന്നു ഭാരവാഹികൾ അറിയിച്ചിരുന്നു.

തുടർന്ന് അല്ലു അർജുൻ ചിത്രമായ ‘കൃഷ്ണ’യുടെ ആരാധകരെന്ന പേരിൽ കൃഷ്ണ ബോയ്സ് എന്ന ഗ്രൂപ്പിൽനിന്നായി അധിക്ഷേപം. 18 പേർ പ്രതികളായ കേസിൽ യഥാർഥ ഐഡിയിൽനിന്ന് വധഭീഷണി മുഴക്കിയ പെരിന്തൽമണ്ണ സ്വദേശിയും ഉൾപ്പെടും.