Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഞ്ഞുമായി വിമാനയാത്ര; മലയാളി ദമ്പതികൾക്ക് ക്യാപ്റ്റന്റെ അധിക്ഷേപം

singapore-flight വിമാനത്തിനുള്ളിൽ ഇരിക്കുന്ന ദിവ്യ ജോർജും കുഞ്ഞും. ചിത്രം: ഫെയ്സ്ബുക്

സിംഗപ്പൂർ∙ വിശേഷ പരിഗണന വേണ്ട മകളുമായി യാത്ര ചെയ്യാനാവില്ലെന്നു പറഞ്ഞ് ഇന്ത്യക്കാരായ ദമ്പതികളെ വിമാനത്തിൽ അപമാനിച്ചു. സിംഗപ്പൂർ എയർലൈൻസിന്റെ കീഴിലുള്ള സ്കൂട്ട് എയർലൈനിലാണു ദമ്പതികളെയും കുഞ്ഞിനെയും അപമാനിച്ചത്. അഞ്ചു വയസ്സുള്ള മകളെയും കൊണ്ട് കഴിഞ്ഞദിവസം സിംഗപ്പൂരിൽനിന്നു ഫുക്കറ്റിലേക്കുള്ള വിമാനത്തിൽ കയറിയപ്പോഴാണു മലയാളി ദിവ്യ ജോർജിനെയും ഭർത്താവിനെയും ക്യാപ്റ്റന്റെ നേതൃത്വത്തിൽ അധിക്ഷേപിച്ചത്.

ദിവ്യ ജോർജ് സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിലൂടെയാണു വിവരം പുറംലോകം അറിഞ്ഞത്. അഞ്ചു വയസ്സുണ്ടെങ്കിലും ഇവരുടെ മകൾക്ക് 8.5 കിലോ മാത്രമേ ഭാരമുള്ളൂ. ‘രാവിലെ 7.35ന് പുറപ്പെടേണ്ട വിമാനമാണിത്. ഞങ്ങളുടെ കുഞ്ഞുമായി യാത്ര ചെയ്യുന്നതിനെച്ചൊല്ലിയുള്ള തർക്കത്താൽ ഒരു മണിക്കൂറിലേറെയായി വിമാനം വൈകുകയാണ്. മോളുമായി യാത്ര ചെയ്യാനാവില്ലെന്നും പുറത്തിറങ്ങണമെന്നുമാണു ജീവനക്കാർ ആവശ്യപ്പെടുന്നത്’– ദിവ്യയുടെ പോസ്റ്റിൽ പറയുന്നു.

സമൂഹമാധ്യമത്തിൽനിന്നു പിന്തുണ തേടി, കുഞ്ഞിനെ മടിയിൽ വച്ച് ഭർത്താവ് വിമാന ജീവനക്കാരോടു സംസാരിക്കുന്നതിന്റെ വിഡിയോയും പുറത്തുവിട്ടു. എന്നാൽ ക്യാപ്റ്റൻ ഒട്ടും മനസ്സലിവു കാണിച്ചില്ല. അഞ്ചു വർഷത്തിനിടെ മകളുമായി 67 ആകാശയാത്രകൾ ‌നടത്തിയിട്ടുണ്ട്. വിമാന ജീവനക്കാർ ആദ്യം ചെറിയ ആശങ്കകൾ പങ്കുവയ്ക്കാറുണ്ടെങ്കിലും കുഞ്ഞിനെ കണ്ടാൽ കാര്യം മനസ്സിലാക്കാറുണ്ട്. എന്നാൽ ഇത്തരമൊരു സംഭവം ജീവിതത്തിലാദ്യമാണെന്നു ദിവ്യ പറഞ്ഞു.

ഗ്രൗണ്ട് സ്റ്റാഫിനോടു കുഞ്ഞിന്റെ കാര്യം സംസാരിച്ചിരുന്നു. മകൾക്കു ടിക്കറ്റ് എടുക്കാറുണ്ടെങ്കിലും മടിയിലാണ് ഇരുത്താറുള്ളത്. മോൾക്കു ഒറ്റയ്ക്ക് ഇരിക്കാനാവാത്തതിനാൽ കുഞ്ഞുങ്ങൾക്കുള്ള സീറ്റുബെൽറ്റ് അനുവദിക്കാറുണ്ട്. ഗ്രൗണ്ട് സ്റ്റാഫിനോടു ബേബി ബെൽറ്റിന്റെ കാര്യം പറഞ്ഞിരുന്നതാണ്. ക്യാപ്റ്റനെ ഇക്കാര്യം അറിയിക്കാമെന്നു പറഞ്ഞിരുന്നതുമാണ്. അകത്തു കയറിയപ്പോൾ കുഞ്ഞിനെ ശ്രദ്ധിച്ച ഫ്ലൈറ്റ് അറ്റൻഡന്റ് ബേബി ബെൽറ്റ് അനുവദിക്കാമെന്നും വാക്കു തന്നു. പെട്ടെന്നാണു സാഹചര്യം മാറിയത്. ഇതുപോലുള്ള കുഞ്ഞിനെയുമായി യാത്ര ചെയ്യാനാവില്ലെന്നു ക്യാപ്റ്റൻ ദയാദാക്ഷിണ്യമില്ലാതെ അറിയിച്ചു. അഗ്നിപരീക്ഷയുടെ 90 മിനിറ്റുകളിലൂടെയാണ് പിന്നീടു ഞങ്ങൾ കടന്നുപോയത്.

ഇത്രയും പറഞ്ഞതു ചിലതു വ്യക്തമാക്കാനാണ്. എനിക്കെതിരെ ട്രോളുകൾ വന്നുതുടങ്ങിയിരിക്കുന്നു. സ്വന്തമായി സീറ്റുബെൽറ്റ് ധരിക്കാനാവാത്ത കുഞ്ഞിനെയും കൊണ്ട് യാത്ര ചെയ്യാനാവില്ലെന്നു വിമാന ക്യാപ്റ്റൻ പറയുമ്പോൾ എന്റെ ഹൃദയമാണു തകരുന്നത്. മോളുടെ തെറ്റുകൊണ്ടാണോ ഇങ്ങനെ സംഭവിച്ചത്? ഇനിയെന്താണു ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. എന്നാലും വിമാനയാത്ര നിർത്താൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും ദിവ്യ സമൂഹമാധ്യമത്തിൽ വ്യക്തമാക്കി. ആദ്യമായി കുഞ്ഞിനെ പ്രത്യേകം സീറ്റിലിരുത്തി ആകാശയാത്ര നടത്തേണ്ടി വന്നു. തലയിലും കാലിലും അമ്മയും അച്ഛനും പിടിച്ചിരുന്നു. ഫുക്കറ്റിലേക്കുള്ള അവധിക്കാല യാത്ര, ദുഃസ്വപ്നം പോലെയായെന്നു ദിവ്യ പറഞ്ഞു. സംഭവത്തിൽ സ്കൂട്ട് എയർലൈനിന്റെ പ്രതികരണം ലഭ്യമായിട്ടില്ല.