Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിഞ്ചോമനയുടെ മൃതദേഹവും കണ്ടെത്തി, മരണം എട്ടായി; നെഞ്ചിടറി കരിഞ്ചോലമല

Malappuram-Rain-havoc മലപ്പുറം എടവണ്ണ പടിഞ്ഞാറേ ചാത്തല്ലൂരിൽ ഉരുൾപൊട്ടിയപ്പോൾ. ചിത്രം: സമീർ എ. ഹമീദ്

കോഴിക്കോട്∙ താമരശ്ശേരി കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടി കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇന്നലെ മരിച്ച കരിഞ്ചോല ഹസന്റെ കൊച്ചുമകൾ ഒരു വയസ്സുകാരി റിഫ മറിയത്തിന്റെ മൃതദേഹമാണു കണ്ടെത്തിയത്. റിഫയുടെ സഹോദരിയും അമ്മയുമടക്കം ആറുപേർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നു വ്യാഴാഴ്ച രാത്രി ഏഴു മണിയോടെ നിർത്തിവച്ച തിരച്ചിലാണു വീണ്ടും തുടങ്ങിയത്. മൂന്നു കുട്ടികളടക്കം ഏഴുപേരുടെ മൃതദേഹങ്ങൾ കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.

കരിഞ്ചോല മലയുടെ താഴെ താമസിക്കുന്ന നാലു വീട്ടുകാരാണ് അപകടത്തിൽപ്പെട്ടത്. കരിഞ്ചോല ഹസൻ, ഉമ്മിണി അബ്ദുറഹിമാൻ, കരിഞ്ചോല അബ്ദുൽ സലിം, കക്കാട് ഈർച്ച അബ്ദുറഹിമാൻ, കൊടശ്ശേരിപൊയിൽ പ്രസാദ് എന്നിവരുടെ വീടുകളാണു തകർന്നത്. ഒരു ദിവസം നീണ്ട കനത്ത മഴയ്ക്കൊടുവിൽ വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെ മലയുടെ വടക്കു ഭാഗത്താണ് ആദ്യം ഉരുൾപൊട്ടിയത്. ദുരന്തനിവാരണസേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണു രക്ഷാപ്രവര്‍ത്തനം. അതേസമയം, എന്തുചെയ്യണമെന്നറിയാതെ ഇരുന്നൂറിലേറെ പേരാണ് ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നത്.

കോഴിക്കോട് ജില്ലയിൽ ഉരുൾപൊട്ടലുണ്ടായ കട്ടി പാറ പഞ്ചായത്തിലെ കരിഞ്ചോലമലയിലും പനങ്ങാട് പഞ്ചായത്തിലെ കിനാലൂർ മങ്കയത്തും മന്ത്രിമാരായ ടി.പി.രാമകൃഷ്ണനും എ കെ ശശീന്ദ്രനും സന്ദർശനം നടത്തി. എം.കെ.രാഘവൻ എംപി, പുരുഷൻ കടലുണ്ടി എംഎൽഎ എന്നിവരും സന്ദർശിച്ചു. 

tp-ramakrishnan-ak-saseendran ദുരന്ത ബാധിത പ്രദേശങ്ങളില്‍ മന്ത്രിമാരായ ടി.പി. രാമകൃഷ്ണനും എ.കെ. ശശീന്ദ്രനും സന്ദർശനം നടത്തുന്നു

എൻഡിആർഎഫ് എത്തിയതോടെ ദുരന്തനിവാരണ പ്രവർത്തനം കൂടുതൽ ഊർജിതമായെന്നു മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ എല്ലായിടങ്ങളിലും റവന്യു വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും മേൽനോട്ടത്തിൽ നടക്കുന്നു. ക്യാംപുകളിൽ ഭക്ഷണവും കുടിവെള്ളവും മെഡിക്കൽ സൗകര്യവും ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രദേശത്ത് സന്ദർശനം നടത്തി. 

related stories