Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട്ടുജോലി, നായയെ കുളിപ്പിക്കൽ, തോക്കുചൂണ്ടി ഭീഷണി: എഡിജിപിക്കെതിരെ പൊലീസുകാരൻ

Gavaskar ഗാവസ്കർ ആശുപത്രിയിൽ

തിരുവനന്തപുരം∙ എഡിജിപി സുധേഷ് കുമാറിന്റെ പീഡനത്തെക്കുറിച്ചു തുറന്നുപറഞ്ഞ് ഡ്രൈവർ ഗവാസ്കര്‍‍. എഡിജിപി ജീവനക്കാരെക്കൊണ്ട് വീട്ടുവേല ചെയ്യിക്കുകയാണ്. നായയെ കുളിപ്പിക്കാന്‍ വരെ നിര്‍ബന്ധിക്കും. ഇതിനു തയാറാകാത്തവരെ ഭാര്യയും മകളും ചേര്‍ന്ന് ചീത്തവിളിക്കും. മകളുടെ മുന്നില്‍ വച്ച് ചിരിച്ചെന്ന് ആരോപിച്ച് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നും ഗവാസ്കര്‍ മനോരമ ന്യൂസിനോടു പറഞ്ഞു.

മകള്‍ക്കെതിരായ പരാതി പിന്‍വലിക്കാന്‍ എഡിജിപി ആവശ്യപ്പെട്ടിരുന്നു. ഓഫിസില്‍നിന്നു ജീവനക്കാരെ വിട്ടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. തനിക്കെതിരെ കേസെടുത്തത് ഇതിനു വഴങ്ങാത്തതിനാലെന്നും ഗവാസ്കര്‍ പറഞ്ഞു. അതേസമയം, എഡിജിപിക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി മറ്റു പൊലീസുകാരും രംഗത്തെത്തി. ഔദ്യോഗിക വസതിയിൽ ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരൻ ബിജുവിനെ എസ്എപി ക്യാംപിൽ തടഞ്ഞിരുന്നു. സുധേഷ് കുമാറിന്റെ പട്ടിക്കുവേണ്ടി മീൻ വറുക്കാൻ കൊണ്ടുവന്നപ്പോഴായിരുന്നു ഇത്. എല്ലാദിവസവും മീൻവാങ്ങി എസ്എപി ക്യാംപിൽ വറുത്താണു കൊണ്ടുപോയിരുന്നതെന്നും പൊലീസുകാർ പറഞ്ഞു.

അതിനിടെ, എഡിജിപി സുധേഷ് കുമാറിന്‍റെ മകള്‍ക്കെതിരെ പരാതി നല്‍കിയ പൊലീസുകാരനെതിരെയും കേസെടുത്തു. മര്‍ദിച്ചെന്ന പരാതിയില്‍ ഡ്രൈവര്‍ ഗവാസ്കറാണ് സുധേഷ് കുമാറിന്‍റെ മകൾക്കെതിരെ പരാതി നല്‍കിയത്. ഗവാസ്കറിന്‍റെ പരാതിയില്‍ ആദ്യം കേസെടുക്കാതിരുന്ന പൊലീസ് സംഭവം വിവാദമായതോടെ എഡിജിപിയുടെ മകൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഇതിനിടെ ഗവാസ്കറിനെതിരെയും എഡിജിപിയുടെ മകൾ പരാതി നല്‍കി. ഈ പരാതിയിലാണ് ഇപ്പോള്‍ ഗവാസ്കറിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്.