Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകകപ്പ് കാണാന്‍ സൈക്കിളില്‍ ചേര്‍ത്തലയില്‍നിന്ന് റഷ്യയിലേക്ക്; ക്ലിഫിനാണ് താരം

Cliffin-Francis ക്ലിഫിന്‍ ഫ്രാന്‍സിസ് യാത്രയ്ക്കിടെ

തിരുവനന്തപുരം ∙ കപ്പലില്‍‌ ഭൂഖണ്ഡങ്ങള്‍ താണ്ടിയവര്‍ പഴയ കഥ, സെക്കിളില്‍ ദുബായില്‍നിന്നു റഷ്യയിലേക്കു ലോകകപ്പ് കാണാന്‍ പോയ ചേര്‍ത്തലക്കാരന്‍ ക്ലിഫിന്‍ ഫ്രാന്‍സിസിന്റേതാണ് പുതുമയുള്ള കഥ. നാലുമാസം നീണ്ട സൈക്കിള്‍ യാത്രയുടെ കഥ തുടങ്ങുന്നത് ചേര്‍ത്തലയിലാണ്. യാത്ര അടുത്ത ആഴ്ച റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ അവസാനിക്കാനിരിക്കുമ്പോള്‍ ഇതുവരെയുള്ള കാര്യങ്ങളെല്ലാം ശുഭം. 26 ന് നടക്കുന്ന ഫ്രാന്‍സ് - ഡെന്‍മാര്‍ക്ക് കളിയും കണ്ട് റഷ്യയിലൊന്നു കറങ്ങി ക്ലിഫിന്‍ അടുത്തമാസം സൈക്കിളുമായി തിരിച്ചെത്തും.

Cliffin Francis ക്ലിഫിന്‍ ഫ്രാന്‍സിസ് യാത്രയ്ക്കിടെ

ലോകം പന്തിനു പിന്നാലെ പായുമ്പോള്‍, രണ്ടു ചക്രത്തില്‍ റഷ്യയിലേക്കു പാഞ്ഞ ക്ലിഫിന് യാത്ര സമ്മാനിച്ചത് പുതിയ അനുഭവങ്ങളാണ്. ഹിന്ദി സിനിമാതാരം മിഥുന്‍ ചക്രവര്‍ത്തിയെ അറിയില്ലേയെന്നു ചോദിച്ച ഇറാനികള്‍, സൈക്കിള്‍ മോഷണം പോകാതിരിക്കാന്‍ പൊലീസ് സ്റ്റേഷനില്‍ സ്ഥലം നല്‍കിയ അസര്‍ ബൈജാനിലെ പൊലീസുകാര്‍, എവിടെപ്പോയാലും മലയാളിയുണ്ടെന്ന വാക്കുകള്‍ സത്യമാക്കി അസര്‍ ബൈജാനില്‍ സഹായത്തിനെത്തിയ സിറാജ്, അമിത്, ജിനു, ഇന്ത്യക്കാനാണെന്നറിഞ്ഞപ്പോള്‍ ബാഗ് പരിശോധിക്കാതെ നടി ഐശ്വര്യറായിക്കു സുഖമാണോ എന്ന് അന്വേഷിച്ച റഷ്യന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍... കഥകള്‍ നീളുന്നു.

Cliffin Francis ക്ലിഫിന്‍ ഫ്രാന്‍സിസ് യാത്രയ്ക്കിടെ

നിലാവില്‍ പമ്പയാറിന്റെ കരയില്‍ നക്ഷത്രമെണ്ണിക്കിടന്നപ്പോഴല്ല, അതിനും എത്രയോ നാള്‍ മുന്‍പേ ചേര്‍ത്തലക്കാരനായ ക്ലിഫിന് െവളിപാടുണ്ടായതാണ്: യാത്ര ചെയ്യണം, ലോകകപ്പ് മത്സരം കാണണം. ഗണിത അധ്യാപകനാണ് ക്ലിഫിന്‍. എറണാകുളത്ത് ബാങ്ക് കോച്ചിങ് ക്ലാസെടുക്കുന്നു. റഷ്യയിലേക്കു പോകാന്‍ പണം വേണം, സൈക്കിള്‍ വാങ്ങണം. അതിനായി ഓരോ ദിവസവും പരമാവധി ക്ലാസുകളെടുത്ത് പണം സമ്പാദിച്ചു. ഏഴു മാസങ്ങള്‍ക്കുശേഷം ഫെബ്രുവരി 23 ന് യാത്ര ആരംഭിച്ചു. ചേര്‍ത്തലയില്‍നിന്നു സൈക്കിളില്‍ റഷ്യയിലേക്കു പോകണമെന്നായിരുന്നു ആഗ്രഹം. പാക്കിസ്ഥാന്‍ വഴി സൈക്കിളില്‍ പോകുന്നതിനു പ്രശ്നങ്ങളുള്ളതിനാല്‍ യാത്ര ദുബായ് വഴിയാക്കി. ദുബായില്‍നിന്ന് സൈക്കിളില്‍ ഇറാനിലേക്ക്..

∙ മിഥുന്‍ ചക്രവര്‍ത്തിയെ പരിചയമുണ്ടോ ക്ലിഫിനേ...

Cliffin Francis ക്ലിഫിന്‍ ഫ്രാന്‍സിസ് യാത്രയ്ക്കിടെ

ഇറാനെന്നാല്‍ ബോംബ് സ്ഫോടനവും തീവ്രവാദി ആക്രമണങ്ങളുമാണ് ക്ലിഫിന്റെ മനസ്സിലുണ്ടായിരുന്നത്. ചെന്ന ആദ്യ ദിവസം തന്നെ ധാരണ മാറി. ഇന്ത്യക്കാരനാണെന്നറിഞ്ഞപ്പോള്‍ ഇറാന്‍ അതിര്‍ത്തിയില്‍ സ്നേഹം നിറഞ്ഞ സ്വീകരണം. അതിര്‍ത്തി മേഖലകളിലെ പലരും ദുബായില്‍ ജോലി ചെയ്യുന്നതിനാല്‍ ഹിന്ദി മനസ്സിലാകും. താമസസൗകര്യം പ്രശ്നമായില്ല. 45 ദിവസത്തെ ഇറാന്‍ സന്ദര്‍ശനത്തിനിടയില്‍ രണ്ടു ദിവസം മാത്രമാണ് ഹോട്ടലില്‍ താമസിച്ചത്. മറ്റുള്ള ദിവസങ്ങളില്‍ പരിചയപ്പെടുന്നവരുടെ വീടുകളില്‍ താമസിച്ചു. വീടുകളില്‍നിന്ന് രുചികരമായ ഭക്ഷണം ലഭിച്ചു. ഇറാനിയന്‍ ഭാഷയില്‍ മൊഴിമാറ്റം ചെയ്ത ഹിന്ദി സിനിമകള്‍ അവര്‍ ക്ലിഫിനെ കാണിച്ചു. പള്ളികളില്‍ താമസിക്കാന്‍ സൗകര്യം ഒരുക്കി. അവസാനം ക്ലിഫിന് പറയേണ്ടിവന്നു - ‘ഇറാന്‍ വിചാരിച്ച ഇറാനേയല്ല’. ഇറാനിയന്‍ സ്നേഹം ഏറ്റുവാങ്ങി സൈക്കിള്‍ യാത്ര ചെന്നെത്തിയത് അസര്‍ബൈജാനിലാണ്.

∙ സ്നേഹത്തിന്റെ അസര്‍ബൈജാന്‍

Cliffin Francis യാത്രയ്ക്കിടെ കണ്ടെത്തിയ കുടുംബത്തിനൊപ്പം

ഇറാനില്‍ മേം.. ഹൂംം. ഹെ..എന്നെല്ലാം പറഞ്ഞ് പിടിച്ചു നിന്നെങ്കില്‍ അസര്‍ബൈജാനില്‍ കളി വേറെയായിരുന്നു. ഹിന്ദിയും ഇംഗ്ലിഷുമൊന്നും നാട്ടുകാര്‍ക്കറിയില്ല. അസേറിയും റഷ്യനുമാണ് ഭാഷ. ആദ്യത്തെ ഒരാഴ്ച പാടുപെട്ടെന്ന് ക്ലിഫിന്‍. ഭക്ഷണത്തിന്റെ പേരു പോലും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ. അപ്പോഴാണ് അസര്‍ബൈജാനില്‍ ഹോട്ടല്‍ നടത്തുന്ന മലയാളികളായ സിറാജും അമിത്തും ജിനുവും രക്ഷയ്ക്കെത്തിയത്. ഓയില്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന എറണാകുളം സ്വദേശിയായ ഡൊമിനിക്കും സഹായിച്ചു. ചെലവു ചുരുക്കാനായി ടെന്‍റിലായിരുന്നു താമസം. ചിലപ്പോള്‍ പരിചയപ്പെടുന്ന നാട്ടുകാരുടെ വീട്ടില്‍. സൈക്കിളില്‍ ലോകകപ്പ് കാണാനെത്തിയ സഞ്ചാരിയെ അസര്‍ബൈജാന്‍ പൊലീസും സ്നേഹത്തോടെയാണ് സ്വീകരിച്ചത്. ടെന്റ് അടിക്കാന്‍ സുരക്ഷിതമായ സ്ഥലങ്ങള്‍ അവര്‍ കാണിച്ചുകൊടുത്തു. രാത്രിയില്‍ സൈക്കിള്‍ സ്റ്റേഷനില്‍ സൂക്ഷിക്കാന്‍ അനുവാദം നല്‍കി. ജോര്‍ജിയ വഴി റഷ്യയിലേക്കു പോകാനായിരുന്നു ക്ലിഫിന്റെ പദ്ധതി. പക്ഷേ അത് അവിചാരിതമായി മുടങ്ങി.

∙ ഒരു രാജ്യത്തുമില്ലാതെ ഒരു ദിവസം, ശൂന്യത മാത്രം

Cliffin Francis ക്ലിഫിന്‍ ഫ്രാന്‍സിസ് യാത്രയ്ക്കിടെ

യാത്രയ്ക്കിടെ പരിചയപ്പെട്ട ജര്‍മന്‍കാരനുമൊത്താണ് ക്ലിഫിന്‍ ജോര്‍ജിയ അതിര്‍ത്തിയിലെത്തിയത്. യാത്രാരേഖകള്‍ കാണിച്ചെങ്കിലും പ്രവേശനനുമതി ലഭിച്ചില്ല. ഇന്ത്യക്കാരനാണെന്നറിഞ്ഞപ്പോള്‍ പെരുമാറ്റം മോശമായിരുന്നു. കൂടെയുള്ള ജര്‍മന്‍കാരനെ ജോര്‍ജിയയിലേക്ക് പ്രവേശിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അനുവദിച്ചു. അസര്‍ബൈജാനില്‍നിന്ന് എക്സിറ്റ് അടിച്ചതിനാല്‍ തിരികെ പോകാനും ജോര്‍ജിയയിലേക്ക് കടക്കാനും കഴിയാത്ത അവസ്ഥ. ലോകകപ്പ് ടിക്കറ്റടക്കം കാണിച്ചെങ്കിലും അനുമതി ലഭിച്ചില്ല. ഭക്ഷണവും വെള്ളവുമില്ലാതെ മണിക്കൂറുകളോളം ഇരു രാജ്യത്തിന്റെയും ഇടയില്‍ സുരക്ഷാപോസ്റ്റില്‍ ക്ലിഫിന്‍ കുടുങ്ങി. ഒടുവില്‍ കയ്യിലെ മൊബൈല്‍ഫോണ്‍ വഴി അസര്‍ബൈജാന്‍ വീസയ്ക്ക് അപേക്ഷിച്ച് അവര്‍ അംഗീകാരം നല്‍കിയതിനുശേഷമാണ് മടങ്ങിപ്പോകാന്‍ കഴിഞ്ഞത്. അസര്‍ബൈജാനിലുള്ളവരുമായി സംസാരിച്ചപ്പോള്‍ റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലമുണ്ടെന്നു മനസ്സിലാക്കാന്‍ കഴിഞ്ഞു. പിന്നീട് റഷ്യയിലേക്കുള്ള യാത്ര അസര്‍ബൈജാന്‍ വഴിയാക്കി.

∙ സ്നേഹത്തോടെ, റഷ്യയിലേക്ക്

Cliffin Francis യാത്രയ്ക്കിടെ പരിചയപ്പെട്ട കുടുംബത്തിനൊപ്പം

ഒടുവില്‍ റഷ്യയെത്തി. അതിര്‍ത്തിയില്‍ പ്രശ്നങ്ങളൊന്നുമില്ല. ഇന്ത്യക്കാര്‍ക്കു പ്രത്യേക പരിഗണന, സ്നേഹം. ബാഗ് പോലും ഉദ്യോഗസ്ഥര്‍ പരിശോധിച്ചില്ല. ലോകകപ്പ് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഫിഫ നൽകിയ ഫാൻ ഐഡി കാണിച്ചപ്പോൾ റഷ്യയിലേക്ക് പ്രവേശനം ലഭിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ആകെ ചോദിക്കാനുണ്ടായിരുന്നത് ഐശ്വര്യാ റായിയെക്കുറിച്ചു മാത്രമായിരുന്നു. ആദ്യ ആഴ്ചയിലെ യാത്ര റഷ്യയിലെ സുരക്ഷാഭീഷണി ഉള്ള സ്ഥലങ്ങളിലൂടെയായിരുന്നു. താടി ഉള്ളതിനാല്‍ പൊലീസ് പൊക്കി സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷനിലെത്തിയപ്പോള്‍ ഒരു വിശേഷം കൂടി അറിയാന്‍ കഴിഞ്ഞു. സ്റ്റേഷന്‍ പുതുതായി കെട്ടിയതാണ്, പഴയ സ്റ്റേഷന്‍ മാസങ്ങള്‍ക്കു മുന്‍പ് ബോംബ് സ്ഫോടനത്തില്‍ തകര്‍ന്നു. ലോകകപ്പ് ടിക്കറ്റും യാത്രാരേഖകളും കാണിച്ചപ്പോള്‍ പൊലീസ് വിട്ടയച്ചു. ഇപ്പോള്‍ റഷ്യയിലൂടെയുള്ള സഞ്ചാരം തുടരുന്നു. ഇനി 700 കിലോമീറ്ററുണ്ട് മോസ്കോയിലേക്ക്. അര്‍ജന്റീനയുടെ ആരാധകനാണ് ക്ലിഫിന്‍. മെസിയുടെ ഒപ്പം ഒരു ഫോട്ടോ, സൈക്കിളില്‍ ഒരു കയ്യൊപ്പ്. അതാണ് ആഗ്രഹം.

∙ എനിക്ക് സാധിക്കുമെങ്കില്‍ ആര്‍ക്കും സാധിക്കും

Cliffin Francis Travel യാത്രയ്ക്കിടെ പരിചയപ്പെട്ട കുടുംബം

ദുബായില്‍നിന്ന് റഷ്യയിലെത്താന്‍ 1,000 ഡോളറാണ് ഇതുവരെ ചെലവായത്. ഭക്ഷണം ഒപ്പം കരുതിയിരുന്നെങ്കില്‍ ചെലവ് ഇനിയും കുറയുമായിരുന്നെന്ന് ക്ലിഫിന്‍ പറയുന്നു. സൈക്കിളിന് 40,000 രൂപ ചെലവായി. ദുബായില്‍നിന്നാണ് വാങ്ങിയത്. ഹോട്ടലില്‍ താമസിക്കാതെ ടെന്റില്‍ താമസിച്ചാണ് ചെലവ് കുറയ്ക്കുന്നത്. സ്ഥലങ്ങള്‍ കണ്ടും ഓരോ സ്ഥലത്തും താമസിച്ചും സാവധാനത്തിലാണ് സഞ്ചാരം. ജിപിഎസും കയ്യിലെ മാപ്പും ഉപയോഗിച്ചാണ് വഴികള്‍ കണ്ടെത്തുന്നത്. കിലോമീറ്ററുകളോളം മരുഭൂമിയുള്ള സ്ഥലത്തെത്തുമ്പോള്‍ ജിപിഎസ് പണിമുടക്കും. അപ്പോള്‍ ഏകദേശ ധാരണ വച്ചാണ് സഞ്ചാരം. കണക്കുകൂട്ടലുകള്‍ ഇതുവരെ പിഴച്ചിട്ടില്ല. തനിക്കു യാത്ര ചെയ്യാമെങ്കില്‍ ആര്‍ക്കും യാത്ര ചെയ്യാന്‍ കഴിയുമെന്നും കൂടുതല്‍പേര്‍ ഇത്തരം യാത്രകള്‍ക്കായി മുന്നോട്ടു വരണമെന്നാണ് തന്റെ ആഗ്രഹമെന്നും ക്ലിഫിന്‍ പറയുന്നു. യാത്രയെക്കുറിച്ച് ഒരു പുസ്തകമെഴുതാനും ആലോചനയുണ്ട്. ഇപ്പോള്‍ റഷ്യയിലുള്ള ക്ലിഫിന് അവിടെ പരിചയക്കാരില്ല. മലയാളികള്‍ അടക്കമുള്ളവരുടെ സഹായം ആഗ്രഹിക്കുന്നുണ്ട്. അതിനായി ക്ലിഫിനെ ഫെയ്സ്ബുക് വഴി ബന്ധപ്പെടാം.

related stories