Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൗരി, കൽബുർഗി, പൻസാരെ വധം: ആ വെടിയുണ്ടകൾ ഒരേ തോക്കിൽ നിന്നായിരുന്നു

Gauri Lankesh ഗൗരി ലങ്കേഷ്

ബെംഗളൂരു∙ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ സംഘത്തിന് അഞ്ചു സംസ്ഥാനങ്ങളിലെങ്കിലും സ്വാധീനമുണ്ടെന്ന് പൊലീസ്. കുറഞ്ഞത് 60 പേരെങ്കിലുമടങ്ങിയ സംഘമാണു കൊലപാതകത്തിനു പിന്നിലെന്നും പൊലീസ് പറഞ്ഞു. ഗൗരിയെയും ഗോവിന്ദ് പന്‍സാരെയെയും എം.എം.കൽബുർഗിയെയും കൊലപ്പെടുത്താൻ ഒരേ ആയുധം തന്നെയാണ് ഉപയോഗിച്ചത്. ഫൊറൻസിക് പരിശോധനയിലാണ് ഇക്കാര്യം തെളിഞ്ഞതെന്നും പ്രത്യേക അന്വേഷണ സംഘം വെളിപ്പെടുത്തി.

എന്നാൽ വെടിവയ്ക്കാനുപയോഗിച്ച തോക്ക് കണ്ടെത്താനായിട്ടില്ല. വെടിയുണ്ടയ്ക്കു പിന്നിലുണ്ടായിരുന്ന അടയാളം പരിശോധിച്ചാണ് മൂന്നും ഒരേ തോക്കിൽ നിന്നാണു വന്നതെന്ന നിഗമനത്തിലേക്ക് ഫൊറൻസിക് സംഘമെത്തിയത്. ഏതു സംഘടനയ്ക്കു വേണ്ടിയാണു പ്രവർത്തിക്കുന്നതെന്ന കാര്യം കൊലപാതകത്തിനു പിന്നിലുള്ള സംഘം ഇതുവരെ പുറത്തുവിട്ടിട്ടില്ല. വിവരം ഒരിക്കലും പുറത്തുവിടില്ലെന്നുറപ്പിച്ച വിധമാണു സംഘാംഗങ്ങളുടെ പ്രവർത്തനമെന്നും പൊലീസ് പറയുന്നു.

വിവിധ ഹിന്ദു സംഘടനകളിൽ നിന്നു പുറത്താക്കപ്പെട്ടവരും പുറത്തു പോയവരുമാണ് ഈ അറുപതംഗ സംഘത്തിലുള്ളത്. എന്നാൽ കൂട്ടായ്മയ്ക്കു പേരൊന്നുമില്ലെന്നാണു പൊലീസിനു ലഭിച്ച വിവരം.  മധ്യപ്രദേശ്, മഹാരാഷ്ട്ര, കർണാടക, ഗോവ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ സംഘത്തിനു സ്വാധീനമുണ്ട്. 

മഹാരാഷ്ട്ര ആസ്ഥാനമായുള്ള ഹിന്ദു ജാഗ്രതി സമിതി, സനാതൻ സൻസ്ഥ തുടങ്ങിയ സംഘടനകളിൽ നിന്ന് ഈ സംഘത്തിലേക്ക് ‘റിക്രൂട്മെന്റ്’ നടന്നതായാണു വിവരം. അതിനാൽത്തന്നെ ഈ സംഘടനകൾക്കു കൊലപാതകവുമായി നേരിട്ടു ബന്ധമുണ്ടാകാനിടയില്ല. ഇരു സംഘടനകളും കൊലപാതകത്തിൽ പങ്കില്ലെന്നു വ്യക്തമാക്കിയിട്ടുമുണ്ട്.

പ്രവീൺ എന്നറിയപ്പെടുന്ന സുജിത് കുമാറാണ് കർണാടകയിലെ സംഘത്തിലേക്ക് വിവിധ സംഘടനകളിൽ നിന്ന് പ്രവർത്തകരെ ‘റിക്രൂട്ട്’ ചെയ്തത്. ഇയാളെ പിടികൂടിയതിൽ നിന്നാണ് ഗൗരി ലങ്കേഷിനെ വെടിവച്ച പരശുറാം വാഗ്മറെ ഉൾപ്പെടെയുള്ളവരെ അറസ്റ്റു ചെയ്യാൻ സാധിച്ചത്.

പരശുറാമാണ് ഗൗരിയെ വെടിവച്ചു കൊലപ്പെടുത്തിയത്. കൊലപാതകത്തിൽ മൂന്നു പേർക്കു കൂടി പങ്കുണ്ടെന്നാണു പൊലീസ് പറയുന്നത്. ഇവർക്കായി തിരച്ചിൽ ശക്തമാക്കി. ലക്ഷ്യമിടുന്ന ഓരോരുത്തരെയും വധിക്കാനുള്ള നീക്കം ഒരു ‘മിഷനാ’യാണു സംഘം സ്വീകരിക്കുന്നത്. ആറുമാസം മുതൽ ഒരു വർഷം വരെയെടുത്താണു കൊലപാതകത്തിലേക്കെത്തുന്നത്. ഇക്കാലമത്രയും തങ്ങൾ ലക്ഷ്യമിടുന്നവരെ ഇവർ നിരീക്ഷിക്കും.

കന്നഡ എഴുത്തുകാരൻ പ്രഫ. കെ.എസ്.ഭഗവാനെയും കൊലപാതകസംഘം ലക്ഷ്യമിട്ടിരുന്നു. അദ്ദേഹത്തിനു കുത്തേറ്റെങ്കിലും രക്ഷപ്പെട്ടു. ഇതുമായി ബന്ധപ്പെട്ടു നാലു പേരെ അറസ്റ്റ് ചെയ്തു. ഇവർക്കും ഗൗരി ലങ്കേഷ് കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.