Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശ്വാസത്തിനായി അവരെ കൊല്ലണമെന്നു പറഞ്ഞു: ഗൗരി വധത്തിലെ പ്രതി

Gauri Lankesh ഗൗരി ലങ്കേഷ് (ഇടത്), പരശുറാം വാഗ്മർ (ഇൻസെറ്റ്)

ബെംഗളൂരു∙ ‘ആരെയാണു കൊല്ലുന്നതെന്ന് എനിക്കറിയില്ലായിരുന്നു. എന്റെ വിശ്വാസം രക്ഷിക്കാൻ ഒരാളെ കൊല്ലണമെന്ന് അവർ പറഞ്ഞപ്പോൾ ഞാൻ അതു സമ്മതിച്ചു. ഇപ്പോൾ എനിക്കതിൽ പശ്ചാത്താപമുണ്ട്’. ഗൗരി ലങ്കേഷ് വധത്തിൽ അറസ്റ്റിലായ പരശുറാം വാഗ്മർ  പൊലീസിനോടു പറഞ്ഞതാണിങ്ങനെ. ഗൗരി ലങ്കേഷ് വധം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ചൊവ്വാഴ്ചയാണ് പരശുറാമിനെ കർണാടകയിലെ വി‍ജയപുരയിൽനിന്ന് അറസ്റ്റു ചെയ്തത്.

കൊലയ്ക്കു രണ്ടു ദിവസം മുൻപാണ് തന്നെ ബെംഗളൂരുവിൽ കൊണ്ടുവന്നതെന്നും എയർഗൺ ഉപയോഗിക്കുന്നതിനു ബെൽഗാവിയിൽനിന്നു പ്രത്യേക പരിശീലനം നേടിയെന്നും പരശുറാം അന്വേഷണ സംഘത്തോടു വെളിപ്പെടുത്തി. 2017 സെപ്റ്റംബർ അഞ്ചിനാണ് ബെംഗളൂരുവിലെ ആർആർ നഗറിലുള്ള വീടിനു മുൻപിലെ ഗേയ്റ്റിനു സമീപം ഗൗരി ലങ്കേഷിനെ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. പിന്നീട് വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽനിന്ന്, രണ്ടംഗ സംഘം ബൈക്കിലെത്തി വെടിയുതിർക്കുകയായിരുന്നുവെന്ന് വ്യക്തമായി.

സെപ്റ്റംബർ മൂന്നിനു ബെംഗളൂരുവിൽ എത്തിയ പരശുറാമിനെ ഒരാൾ ബൈക്കിലെത്തി ഒരു വീട്ടിലേക്ക് കൊണ്ടുപോയി. രണ്ടു മണിക്കൂറിനു ശേഷം കൊല്ലേണ്ട ആളുടെ വീട് ബൈക്കുകാരൻ കാട്ടിക്കൊടുത്തു. അടുത്ത ദിവസം പരശുറാമിനെ മറ്റൊരു വീട്ടിലേക്ക് മാറ്റി. വൈകുന്നേരം വോറൊരു വ്യക്തി ബൈക്കിലെത്തി അദ്ദേഹത്തെ ഗൗരിയുടെ വീട്ടിലേക്കു കൊണ്ടുപോയി. അന്നു തന്നെ കൊല്ലാനായിരുന്നു നിർദേശമെങ്കിലും ഗൗരി ജോലി കഴിഞ്ഞെത്തി വീട്ടിനുള്ളിൽ പ്രവേശിച്ചിരുന്നതിനാൽ പദ്ധതി പരാജയപ്പെട്ടു.

അടുത്ത ദിവസം കൃത്യ സമയത്ത് സംഭവസ്ഥലത്തെത്തിയ പരശുറാം കയ്യിൽ കരുതിയിരുന്ന എയർഗൺ ഉപയോഗിച്ച് ഗൗരിയെ നാലു തവണ വെടിവെച്ചു. അതിനുശേഷം അന്നു തന്നെ സ്ഥലം വിടുകയും ചെയ്തു.

പരശുറാം വാഗ്മറിന്റെ ഈ കുറ്റമസമ്മതം അന്വേഷണ സംഘം പൂർണമായി വിശ്വസിച്ചിട്ടില്ലെങ്കിലും ഗൗരിയെ കൊല്ലാൻ പരശുറാമിനെ സഹായിച്ചുവെന്ന് കരുതുന്ന മൂന്നു പേർക്കുള്ള തിരച്ചിൽ ഊർജിതമാണെന്ന് അവർ പറഞ്ഞു. പരശുറാമിനെ ബെംഗളൂരുവിൽ എത്തിച്ച ആൾ, രണ്ടു ബൈക്കുകാർ എന്നിവർക്കു വേണ്ടിയാണു തിരച്ചിൽ നടത്തുന്നത്. ഇവരുടെ പേരോ മറ്റു വിവരങ്ങളോ അറിയില്ലെന്നാണ് പരശുറാമിന്റെ മൊഴി. കേസിൽ ഇതിനു മുൻപ് അറസ്റ്റിലായ പുണെ സ്വദേശി അമോൽ കലെ ഈ മൂന്നു പേരിൽ ഉൾപ്പെട്ടിട്ടുണ്ടോ ചോദ്യത്തിനു അന്വേഷണ സംഘം വ്യക്തമായ മറുപടി നൽകിയില്ല.