Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കള്ളക്കടത്ത് പിടിച്ചു; കസ്റ്റംസ് കമ്മിഷണര്‍ക്കുമേല്‍ ഔദ്യോഗിക സമ്മര്‍ദം

Sumit-Kumar സുമിത് കുമാര്‍

കൊച്ചി∙ കള്ളക്കടത്തുകാര്‍ക്കെതിരെ നടപടിയെടുക്കാതിരിക്കാന്‍ കസ്റ്റംസ് കമ്മിഷണര്‍ക്കുമേല്‍ ഔദ്യോഗിക സമ്മര്‍ദം. കൊച്ചിയിലെ കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാര്‍ ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഭീഷണികളെ ധീരമായി നേരിടുമെന്നും കള്ളക്കടത്തുകാര്‍ക്കെതിരായ നടപടികള്‍ തുടരുമെന്നും സുമിത് കുമാര്‍ മനോരമ ന്യൂസിനോടു പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ ഷോപ്പ് വഴിയുള്ള അനധികൃത മദ്യക്കടത്തും നെടുമ്പാശേരി വിമാനത്താവളത്തിലെ വിദേശ കറന്‍സി കടത്തും പിടികൂടിയതിനു പിന്നാലെയാണ് സുമിത് കുമാറിനെതിരെ ഔദ്യോഗിക തലത്തില്‍ സമ്മര്‍ദം ശക്തമായത്. കള്ളക്കടത്തുകാരില്‍ നിന്ന് നേരിടുന്ന ഭീഷണിക്ക് പുറമേയാണ് സഹപ്രവര്‍ത്തകരില്‍ നിന്നുള്ള സമ്മര്‍ദമെന്ന് സുമിത് കുമാര്‍ ചൂണ്ടിക്കാട്ടുന്നു. കള്ളക്കടത്തുകാര്‍ക്ക് ഒത്താശചെയ്യുന്ന പലരും തന്റെ ഓഫിസിലുണ്ടെന്നും അദ്ദേഹം പരോക്ഷമായി സൂചിപ്പിക്കുന്നു.

കള്ളക്കടത്തുകാരുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങാതിരുന്ന തന്നെ സ്ഥലംമാറ്റാന്‍ നീക്കം നടക്കുന്നതായും സുമിത് കുമാര്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു. എന്നാല്‍ ഭീഷണികളേയും സമ്മര്‍ദങ്ങളേയും നേരിടുമെന്നും കള്ളക്കടത്തുകാര്‍ക്കെതിരായ അന്വേഷണവും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും സുമിത് കുമാര്‍ പറഞ്ഞു. യാത്രക്കാരുടെ പാസ്പോര്‍ട്ട് വിവരങ്ങള്‍ ഉപയോഗിച്ച് അനധികൃതമായി മദ്യംകടത്തിയ തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തതാണ് സുമിത് കുമാറിനുമേല്‍ സമ്മര്‍ദം ശക്തമാകാന്‍ കാരണമെന്നാണ് സൂചന.