Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാല്‍, പച്ചക്കറി, മത്സ്യ വിതരണം കൂടുതല്‍ സുഗമമാകും; ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യ വരുന്നു

vegetables

തിരുവനന്തപുരം∙ സംസ്ഥാനത്ത് പാല്‍, പച്ചക്കറി, മത്സ്യം എന്നിവയുടെ വിതരണത്തിനും, വിള ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിനുമായി കേരള സര്‍ക്കാര്‍ അത്യാധുനിക ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യ നടപ്പാക്കുന്നു. ഇന്ത്യയില്‍ ഇതാദ്യമായി സര്‍ക്കാര്‍ മേഖലയിലെ ഈ ഉദ്യമം കേരള ഡെവലപ്മെന്‍റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്ക്) ആണ് ഏറ്റെടുത്തിരിക്കുന്നത്. ബ്ലോക്ചെയിന്‍ മേഖലയ്ക്കാവശ്യമായ  മനുഷ്യശേഷി സൃഷ്ടിക്കുന്നതിനു പരിശീലന കോഴ്സുകള്‍ തുടങ്ങുന്നതിനും കെ-ഡിസ്ക് തീരുമാനിച്ചിട്ടുണ്ട്.

മില്‍ക്ചെയിന്‍ എന്ന പേരിലാണു പാല്‍വിതരണത്തില്‍ ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യ നടപ്പാക്കുന്നത്. ഉത്പാദനം, സംഭരണം, വിതരണം എന്നിവയില്‍ ഗുണനിലവാരവും കൃത്യനിഷ്ഠയും ഉറപ്പാക്കുകയാണു ലക്ഷ്യമെന്ന് കെ-ഡിസ്ക് ചെയര്‍മാന്‍ കെ.എം ഏബ്രഹാം അറിയിച്ചു. നിലവിലുള്ള വിതരണ ശൃംഖലയുടെ വിവരങ്ങള്‍ ആര്‍ക്കും പരിശോധിക്കാവുന്ന തരത്തിലുള്ള ഇലക്ട്രോണിക് ലെഡ്ജറായി സൃഷ്ടിക്കും. ശൃംഖലയിലെ ഓരോ ഘടകത്തിനും പ്രത്യേക തിരിച്ചറിയല്‍ നമ്പരുണ്ടാകും. ഈ നമ്പര്‍ ഉപയോഗിച്ച് വിതരണത്തിന്‍റെ ഏതു ഘട്ടത്തിലും ഉല്പന്നത്തിന്‍റെ സ്രോതസും ഗുണനിലവാരവും കണ്ടെത്തും.

പ്രകൃതിക്ഷോഭം കാരണമുണ്ടാകുന്ന വിളനഷ്ടം വിലയിരുത്തി പരമാവധി വേഗത്തില്‍ നഷ്ടപരിഹാരം നല്‍കുന്ന സ്മാര്‍ട്ട് വിള ഇന്‍ഷുറന്‍സ് പദ്ധതിയാണ് ബ്ലോക്ചെയിനിലൂടെ നടപ്പാക്കുന്ന മറ്റൊരു സേവനം. നഷ്ടത്തിന്‍റെ യഥാര്‍ഥ കാരണം പ്രതികൂല കാലാവസ്ഥയാണോ എന്നു നിശ്ചയിക്കാനും ഇക്കാര്യത്തില്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കാനും മാത്രമല്ല, തട്ടിപ്പുകാരെ കണ്ടുപിടിക്കാനും കഴിയും. ബ്ലോക്ചെയിനിലെ സ്മാര്‍ട്ട് കോണ്‍ട്രാക്ട് എന്ന സംവിധാനമാണ് ഇതിനു സഹായകമാകുക.

ബ്ലോക്ചെയിന്‍ അധിഷ്ഠിതമായി വിവരങ്ങള്‍ സൂക്ഷിക്കുകയും പരിശോധിക്കുകയും ചെയ്യാവുന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമാണ് സ്മാര്‍ട് കോണ്‍ട്രാക്ട്. തിരുത്തലുകളോ കുതന്ത്രങ്ങളോ അനുവദിക്കാത്തതുകൊണ്ട് ഇന്‍ഷുറന്‍സ് സ്ഥാപനത്തിനും ഗുണഭോക്താവിനും പരസ്പര വിശ്വാസം ഉറപ്പാക്കാനാവും. 

പച്ചക്കറിയുടെയും മത്സ്യത്തിന്‍റെയും വിതരണമാണ് ബ്ലോക്ചെയിന്‍ സാങ്കേതിക വിദ്യയുടെ സാധ്യത പരിശോധിക്കാന്‍ ഉദ്ദേശിക്കുന്ന മറ്റൊരു മേഖല. സ്വന്തം പച്ചക്കറി കൃഷിയിടങ്ങളെയും ഫിഷ് ലാന്‍ഡിങ് കേന്ദ്രങ്ങളെയും പായ്ക്കിങ് കേന്ദ്രങ്ങളെയും കര്‍ഷകര്‍ ജിയോകോഡഡ് ഇമേജ് വഴി ബ്ലോക്ചെയിന്‍ ശൃംഖലയില്‍ ചേര്‍ക്കുകയാണു ചെയ്യുന്നത്. ഈ കോഡിലൂടെ കര്‍ഷകരുടെയോ കരാറുകാരുടെയോ പായ്ക്കറ്റിലാക്കിയ ഉത്പന്നം തൂക്കവും ക്യൂആര്‍ കോഡും ആര്‍എഫ്ഐഡിയും സഹിതം ശൃംഖലയില്‍ റജിസ്റ്റര്‍ ചെയ്യാനാവും.

ബ്ലോക്ചെയിനില്‍ കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ആദ്യ അവസരങ്ങള്‍ നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ കെ-ഡിസ്ക് ആസൂത്രണം ചെയ്ത ആക്സിലറേറ്റഡ് ബ്ലോക്ചെയിന്‍ കോംപീറ്റന്‍സി ഡെവലപ്മെന്‍റ് (എബിസിഡി) എന്ന പേരിലുള്ള പരിശീലന കോഴ്സിലേയ്ക്ക് റജിസ്ട്രേഷന്‍ ആരംഭിച്ചുകഴിഞ്ഞു. വിശദവിവരങ്ങള്‍ക്ക്: 04712700813, abcd.kdisc.kerala.gov.in