അച്ചടക്കമില്ലാത്ത ആദർശം ആത്മാവില്ലാത്ത ശരീരം പോലെയെന്ന് ഹസൻ; ഒന്നും മിണ്ടാതെ ബൽറാം

പൊതുപ്രവർത്തനത്തിന്റെ അഞ്ചര പതിറ്റാണ്ടു പിന്നിട്ട മുൻ മന്ത്രി കെ.പി വിശ്വനാഥനെ ആദരിക്കുന്ന ചടങ്ങിൽനിന്ന്.

തൃശൂർ ∙ അച്ചടക്കമില്ലാത്ത ആദർശം ആത്മാവില്ലാത്ത ശരീരം പോലെയാണെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ; നേതൃത്വത്തോട് കലഹിക്കുന്ന സംഭവങ്ങൾ പണ്ടുമുണ്ടെന്ന് വി.എം.സുധീരൻ. കെ.പി.വിശ്വനാഥന് തൃശൂരിന്റെ ആദരം പരിപാടിയിൽ സംസാരിക്കവെയാണ് ഇരുവരും അഭിപ്രായങ്ങളാൽ ഏറ്റുമുട്ടിയത്. സീറ്റിനു വേണ്ടി യുവാക്കളും മുതിർന്നവരും തമ്മിലുള്ള ‘ഏറ്റുമുട്ടലും’ പലരുടെയും പ്രസംഗങ്ങളിൽ പ്രതിഫലിച്ചു. 

നല്ല സീറ്റ് കിട്ടിയാൽ കെ.പി.വിശ്വനാഥൻ ഇനിയും മൽസരിക്കുന്ന കാര്യം ആലോചിക്കാവുന്നതല്ലേ എന്നു ചോദിച്ച വയലാർ രവി, പലരും എതിരാവുമെന്നതു കൊണ്ടു ഞാനതു പറയുന്നില്ല എന്നു കൂടി പറഞ്ഞത് വേദിയിലേക്ക് വി.ടി.ബൽറാം കയറി വരുമ്പോഴായത് സദസ്സിൽ ചിരി പടർത്തി. അധികാരത്തിനു വേണ്ടി ഓടുന്ന തലമുറയായിരുന്നില്ല, അർഹതയുണ്ടെങ്കിൽ എല്ലാം തേടി വരും എന്നു ചിന്തിക്കുന്ന തലമുറയായിരുന്നു കെ.പി.വിശ്വനാഥൻ അടക്കമുള്ളവരുടേതെന്നും ഉദ്ഘാടകനായ വയലാർ രവി പറഞ്ഞു. 

പൊതുപ്രവർത്തനത്തിന്റെ അഞ്ചര പതിറ്റാണ്ടു പിന്നിട്ട മുൻ മന്ത്രി കെ.പി വിശ്വനാഥന് തൃശൂരിൽ നൽകിയ ആദരം വയലാർ രവി എം.പി ഉദ്ഘാടനം ചെയ്യുന്നു.

കെഎസ്‍യുവിലും യൂത്ത് കോൺഗ്രസിലും ഉള്ള ശക്തി കണ്ട് യുവതലമുറയ്ക്ക് അംഗീകാരം നൽകുകയായിരുന്നു പഴയ വൃദ്ധനേതൃത്വം എന്നാണ് അധ്യക്ഷനായ എം.എം.ഹസൻ പറ​ഞ്ഞത്. പാർലമെന്ററി പ്രവർത്തനത്തിൽ വന്നാൽ മാത്രമേ രാഷ്ട്രീയ പ്രവർത്തനമാവൂ എന്നൊരു ധാരണ ഇല്ലാത്തവരായിരുന്നു പണ്ടെന്നും യുവതലമുറയ്ക്ക് ഇവർ അനുകരണീയരാണെന്നും ഹസൻ പറഞ്ഞു. മറ്റു പരിപാടിയുടെ തിരക്കുള്ളതിനാൽ ഹസന്റെ പ്രസംഗം കഴിഞ്ഞ ഉടൻ നേതാക്കളോടെല്ലാം യാത്ര പറഞ്ഞ് വി.ടി.ബൽറാം വേദി വിട്ടു. 

കെ.പി.വിശ്വനാഥന്റെ രാജി സ്വീകരിച്ചത് ഒരു മനസാക്ഷിക്കുത്തായി മാറിയെന്നും മറ്റുള്ളവരുടെ രാജി സ്വീകരിക്കും മുൻപ്  പത്തു വട്ടം ആലോചിക്കാൻ അത് ഒരു അനുഭവപാഠമായെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ചില നിലപാടുകളുടെ പേരിൽ താൻ‌ മന്ത്രിസ്ഥാനം വേണ്ടെന്നു വച്ചതാണ് കെ.പി.വിശ്വനാഥന് മന്ത്രിസ്ഥാനം ലഭിക്കാൻ കാരണമായതെന്ന് പറഞ്ഞ വി.എം.സുധീരൻ, തിരുത്തൽശക്തിയായി പണ്ടും ചിലർ പ്രവർത്തിച്ചിട്ടുണ്ടെന്നും വയലാർ രവിയൊക്കെ അതിന്റെ ഭാഗമാണെന്നും പറഞ്ഞു. 

മന്ത്രി വി.എസ്.സുനിൽകുമാർ, മാർ അപ്രേം, ജസ്റ്റിസ് സി.എസ്.രാജൻ, ഡിസിസി പ്രസിഡന്റ് ടി.എൻ.പ്രതാപൻ, സി.എൻ.ബാലകൃഷ്ണൻ, തേറമ്പിൽ രാമകൃഷ്ണൻ, ഒ.അബ്ദുറഹ്മാൻ കുട്ടി, എം.പി.ജാക്സൺ, സി.പി.ജോൺ, പി.എ.മാധവൻ, തോമസ് ഉണ്ണിയാടൻ, ജോസ് വള്ളൂർ എന്നിവർ പ്രസംഗിച്ചു.