Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ജോലി ചെയ്യാൻ അനുവദിക്കൂ...', കേജ്‍രിവാളിനോട് ഐഎഎസ് ഉദ്യോഗസ്ഥർ

arvind-kejriwal അരവിന്ദ് കേജ്‌രിവാൾ

ന്യൂഡൽഹി ∙ ‘ഞങ്ങളെ ജോലി ചെയ്യാൻ അനുവദിക്കൂ’ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ ആരോപണത്തിനു മറുപടിയായി സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥർ പറഞ്ഞതിങ്ങനെ. ‘നിയമസംവിധാനത്തിനും ഭരണഘടനയ്ക്കുമാണു ഞങ്ങൾ വിധേയപ്പെട്ടിരിക്കുന്നത്. എന്നാൽ ഞങ്ങളെ ഒറ്റപ്പെടുത്തുന്നു. രാഷ്ട്രീയ കാരണങ്ങളുടെ ഇരകളാക്കുന്നു’ ഐഎഎസ് അസോസിയേഷൻ പ്രതിനിധിയും റവന്യു സെക്രട്ടറിയുമായ മനീഷ സക്സേന ആരോപിച്ചു. സുരക്ഷിതമല്ലെന്നു തോന്നുന്ന യോഗങ്ങളിൽ തങ്ങൾ പങ്കെടുക്കാറില്ലെന്നും ഇവർ വ്യക്തമാക്കി.

ഇവർക്കു മറുപടിയുമായി കേജ്‍രിവാളും രംഗത്തെത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥർക്ക് എല്ലാ സുരക്ഷയും ഉറപ്പു നൽകുന്നതായി പറഞ്ഞ കേജ്‍രിവാൾ അവരെ സ്വന്തം കുടുംബമെന്നാണു വിശേഷിപ്പിച്ചത്. ചീഫ് സെക്രട്ടറി അൻഷു പ്രകാശിനെ കയ്യേറ്റം ചെയ്ത സംഭവത്തിനുശേഷമാണു തങ്ങൾ സുരക്ഷിതരല്ലെന്ന തോന്നലുണ്ടായതെന്നും അതിനാലാണു ചില യോഗങ്ങളിൽ പങ്കെടുക്കാത്തതെന്നും ഇവർ പറഞ്ഞു. ‘ഏറെ ആത്മാർഥമായാണു ജോലി ചെയ്യുന്നത്. ഇത് ആരും കാണുന്നില്ല. എല്ലാ ദിവസവും ഓഫിസിലെത്തുകയും ജോലി ചെയ്യുകയും ചെയ്യുന്നുണ്ട്’ ഗതാഗത കമ്മിഷണർ വർഷ ജോഷി വ്യക്തമാക്കി.