Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊലീസിൽ ജീർണ സംസ്കാരമുണ്ട്; സർക്കാരിന്റേത് സമതുലിത സമീപനം: മുഖ്യമന്ത്രി

Pinarayi Vijayan മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം∙ പൊലീസ് മാറേണ്ടത് ഉത്തരവിലൂടെയല്ല സംസ്കാരത്തിലൂടെയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഏതു സ്ത്രീക്കും വിശ്വസിക്കാവുന്ന രീതിയില്‍ കയറിചെല്ലാവുന്ന കേന്ദ്രമായി സ്റ്റേഷന്‍ മാറണം. മൂന്നാംമുറയും അഴിമതിയും കുറഞ്ഞുവരുന്നു, എന്നാല്‍ ഒറ്റപ്പെട്ട സംഭവങ്ങളുണ്ടായി. അവിടെയെല്ലാം ശക്തമായ നടപടിയെടുത്തെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസില്‍ ഉന്നത ഉദ്യോഗസ്ഥര്‍ മറ്റു ജീവനക്കാരെ വ്യക്തിപരമായ കാര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്ന സമ്പ്രദായം കാലാകാലമായി ഇവിടെ നിലവിലുണ്ട്. ബ്രിട്ടിഷ് പൊലീസ് ഭരണത്തില്‍ നിന്നു കൈമാറിവന്ന ജീര്‍ണമായ ഒരു സംസ്‌കാരമാണിത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഏഴു പതിറ്റാണ്ടു കഴിഞ്ഞ ഘട്ടത്തിലും ഇതു തുടരുന്നുവെന്ന പരാതി ഉയര്‍ന്നുവന്നിട്ടുണ്ട്. അതു ഗൗരവകരമാണ്. ഔദ്യോഗിക കാര്യങ്ങള്‍ക്കായി വിന്യസിക്കേണ്ട കോണ്‍സ്റ്റബിള്‍മാരെയും മറ്റും വീട്ടാവശ്യങ്ങള്‍ക്കും വ്യക്തിപരമായ സേവനങ്ങള്‍ക്കും ഉപയോഗപ്പെടുത്തുന്നുണ്ടോ എന്ന കാര്യം പരിശോധിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തരം പ്രവണത പൂർണമായും അവസാനിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പൊലീസിലെ ആശാസ്യമല്ലാത്ത ഈ പ്രവണത മുന്‍കാലങ്ങളിലും പലപ്പോഴും തലപൊക്കിയിട്ടുണ്ട്. പൊലീസ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെയുള്ള സകല ജീവനക്കാരുടെയും മാനുഷികാവകാശങ്ങള്‍ക്കു പരിരക്ഷയും ആദരവും നല്‍കുന്ന സമീപനമേ സര്‍ക്കാരില്‍ നിന്നുണ്ടാവൂ. മനുഷ്യാവകാശങ്ങളെ ലംഘിക്കുന്ന ഒരു നടപടിയും ഒരു ഉദ്യോഗസ്ഥന്റെയും ഭാഗത്തുനിന്നുണ്ടാവുന്നത് അനുവദിക്കില്ല. അതേസമയം പൊലീസ് ഒരു ഡിസിപ്ലിന്‍ഡ് ഫോഴ്‌സാണ്. അതിന്റെ അച്ചടക്കത്തെ ലംഘിക്കാന്‍ എന്തെങ്കിലും പഴുതാക്കുന്നതും അനുവദിക്കാനാവില്ല. അച്ചടക്കത്തിന്റെ പേരില്‍ മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കുന്നതും അനുവദിക്കാനാവില്ല. ഈ വിധത്തിലുള്ള സമതുലിതമായ സമീപനമാവും സര്‍ക്കാരില്‍ നിന്നുണ്ടാവുക.

ഇക്കാര്യത്തില്‍ സര്‍ക്കാരും പൊലീസ് മേധാവിയും നല്‍കുന്ന നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഏത് ഉന്നത ഉദ്യോഗസ്ഥനായാലും കര്‍ശനമായ നടപടി സ്വീകരിക്കും. സായുധസേന ബറ്റാലിയന്‍ എ‍ഡിജിപി സുധേഷ് കുമാറിന്റെ ഡ്രൈവര്‍ ഗവാസ്‌കറെ എഡിജിപിയുടെ മകള്‍ ദേഹോപദ്രവം ഏല്‍പ്പിച്ച് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നുള്ള ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മകളെ പ്രതിയാക്കി തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

എഡിജിപിയുടെ മകളുടെ മൊഴി പ്രകാരവും കേസ് എടുത്തിട്ടുണ്ട്. രണ്ട് കേസുകളും ക്രൈംബ്രാഞ്ച് എഡിജിപിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിച്ചു വരികയാണ്. പൊലീസിലെ അടിമപ്പണി പൂർണമായും അവസാനിപ്പിക്കുെമന്ന്, കെ.എസ്.ശബരിനാഥന്റെ സബ്മിഷനു മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു.