Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജപ്പാനിൽ ശക്തമായ ഭൂചലനം: മൂന്നുപേർ കൊല്ലപ്പെട്ടു

Japan Earthquake ഭൂചലനത്തെ തുടർന്ന് ഒസാകയിലെ കെട്ടിടത്തിന്റെ ഭിത്തി തകർന്നുവീണനിലയിൽ. ചിത്രം: എപി.

ടോക്കിയോ∙ ജപ്പാനിലെ ഒസാകയിൽ ശക്തമായ ഭൂചലനത്തിൽ മൂന്നുപേർ മരിച്ചു. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. സ്കൂൾ ഭിത്തി തകർന്നുവീണ് ഒൻപതുവയസ്സുകാരിയും നഗരത്തിലെ കെട്ടിടത്തിന്റെ ഭിത്തിതകർന്ന് എൺപതുകാരനുമാണു മരിച്ചത്. വീട്ടിലെ ബുക്ക്ഷെൽഫ് മറിഞ്ഞുവീണ് ഒരാൾകൂടി കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു.

രാവിലെ എട്ടുമണിയോടെയാണു റിക്ടർ സ്കെയിലിന് 6.1 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. സൂനാമി സാധ്യതയില്ലെന്നും ആണവനിലയങ്ങൾക്കു ഭീഷണിയില്ലെന്നും അധികൃതർ അറിയിച്ചു.

ബുള്ളറ്റ് ട്രെയിൻ ഉൾപ്പെടെ ട്രെയിൻ സർവീസുകൾ നിർത്തിവച്ചു. ഒന്നരലക്ഷത്തിലേറെ വീടുകളിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. തുടർചലനങ്ങളുണ്ടായതിനെ തുടർന്നു പ്രദേശത്തു ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വീടുകൾ തകരാനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം സൂചിപ്പിച്ചു.

2011 മാർച്ചിൽ പസിഫിക് സമുദ്രത്തിലെ അതിശക്തമായ ഭൂചലനത്തിനു പിന്നാലെയുണ്ടായ സൂനാമിയിൽ ജപ്പാനിൽ ആയിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടിരുന്നു. ഫുകുഷിമ ആണവനിലയത്തിലെ മൂന്നു റിയാക്ടറുകൾ പൊട്ടിത്തെറിച്ചതിനെ തുടർന്ന്, രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുണ്ടായ ഏറ്റവും വലിയ ദുരന്തത്തിനാണു ജപ്പാൻ അന്നു സാക്ഷ്യംവഹിച്ചത്.