Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജമ്മു കശ്മീരിലെ പിഡിപി സർക്കാരിനുള്ള പിന്തുണ ബിജെപി പിന്‍വലിച്ചു

BJP National President Amit Shah മെഹ്ബൂബ മുഫ്തി, നരേന്ദ്രമോദി

ന്യൂഡൽഹി∙ ജമ്മു കശ്മീർ ഭരണ സഖ്യത്തിൽനിന്ന് ബിജെപി പിൻമാറി. പിഡിപി സർക്കാരിനുള്ള പിന്തുണ പിൻവലിക്കുകയാണെന്ന് ബിജെപി അറിയിച്ചു. ജമ്മു കശ്മീരിൽനിന്നുള്ള ബിജെപി എംഎൽഎമാരുടെ യോഗത്തിനുശേഷമാണു പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ അന്തിമ തീരുമാനം എടുത്തത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി മണിക്കൂറുകൾക്കകമായിരുന്നു ഡൽഹിയിൽ എംഎൽഎമാരുടെ യോഗം നടന്നത്. 

റമസാനോട് അനുബന്ധിച്ച് ഏർപ്പെടുത്തിയ വെടിനിർത്തൽ റദ്ദാക്കിയ കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ പിഡിപി ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. മാത്രമല്ല, കശ്മീർ വിഷയം പരിഹരിക്കപ്പെടണമെങ്കിൽ കേന്ദ്രം വിഘടനവാദികളുമായി സംസാരിക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി സ്വീകരിച്ചിരുന്നതും. ഇതും ഇരു പാർട്ടികൾക്കിടയിലെ വിടവ് വർധിപ്പിച്ചു.

‘ബിജെപിക്ക് ഇനി പിഡിപിയുമായുള്ള ബന്ധം തുടരാനാകില്ല. ഭീകരവാദവും അക്രമവും മറ്റും വളരെയധികം വർധിച്ചിരിക്കുന്നു. പൗരന്മാരുടെ അടിസ്ഥാനപരമായ അവകാശങ്ങൾ അപകടത്തിലാണ്. മാധ്യമപ്രവർത്തകനായ ഷുജാത്ത് ബുഖാരിയുടെ കൊലപാതകം ഇതിന് ഉദാഹരണമാണ്. ഇന്ത്യയുടെ ആകെയുള്ള സുരക്ഷയും അഖണ്ഡതയും പരിഗണിച്ചാണു തീരുമാനം. ജമ്മു കശ്മീർ എന്നത് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഇതു നിലനിർത്താനും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനുമാണ് ഈ തീരുമാനം. സംസ്ഥാനത്തിന്റെ ഭരണം ഗവർണർക്കു കൈമാറും’ – തീരുമാനം വെളിപ്പെടുത്തി ബിജെപി നേതാവ് റാം മാധവ് പറഞ്ഞു.

മുഖ്യമന്ത്രിക്കും ഗവർണർക്കും തങ്ങളുടെ എംഎൽഎമാർ രാജിക്കത്ത് കൈമാറിയതായി ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ കവീന്ദർ ഗുപ്ത അറിയിച്ചു.

related stories