Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോസംരക്ഷകരുടെ മർദ്ദനത്തിൽ യുപിയിൽ രണ്ടു പേർക്ക് പരുക്ക്

Del6451174 (ഫയൽ ചിത്രം)

ലക്നൗ∙ ഗോവധത്തിന്റെ പേരിൽ യുപിയിൽ വീണ്ടും ആക്രമണം. ഉത്തർപ്രദേശിലെ ഹപൂർ ജില്ലയിലെ ബജേരാ കുർദിലാണ് സംഭവം. മുപ്പത്തിയെട്ടുകാരനായ ഖാസിം, അറുപത്തഞ്ചുകാരനായ ഷമിയുദ്ദിൻ എന്നിവരെയാണു പശുവിനെ കശാപ്പു ചെയ്യാൻ ശ്രമിച്ചെന്ന ആരോപണത്തിൽ ഒരു സംഘം ആളുകൾ മർദ്ദിച്ചത്. ഇവരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പശുക്കൾക്കു കാലിത്തീറ്റ വാങ്ങിക്കാൻ പോയ ഷമിയുദ്ദിനെ പശു കച്ചവടക്കാരനായ ഖാസിമിനോടു സംസാരിക്കുന്നതു കണ്ട ഒരു കൂട്ടം ആളുകൾ ഇരുവരെയും മർദ്ദിക്കുകയായിരുന്നുവെന്ന് ഷമിയുദ്ദിന്റെ ബന്ധുക്കൾ പറഞ്ഞു. മർദ്ദനത്തിൽ അവശരായ ഇവരെ സമീപമുള്ള ക്ഷേത്രത്തിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയെന്നും ദൃക്സാക്ഷികൾ പറഞ്ഞു. വടി ഉൾപ്പെടെയുള്ള സാമഗ്രികൾ ഉപയോഗിച്ചായിരുന്നു മർദ്ദനം. സ്ഥലത്തെത്തിയ പൊലീസ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

എന്നാൽ ഇരുവരെയും പശുവിനെ കശാപ്പു ചെയ്യാൻ ശ്രമിച്ചുവെന്ന പേരിലല്ല മർദ്ദിച്ചതെന്നു പൊലീസ് പറഞ്ഞു. ഖാസിമും ഷമിയുദ്ദിനും സഞ്ചരിച്ച ഇരുചക്രവാഹനം സംഘത്തിലുള്ള ഒരാളെ ഇടിച്ചതിനുശേഷമുള്ള സംഘർഷമാണു മർദ്ദനത്തിനു കാരണമെന്നും ഇരകളുടെ പക്കൽനിന്നു കശാപ്പു ചെയ്യാൻ ഉപയോഗിക്കുന്ന ഒരായുദ്ധങ്ങളും കണ്ടെടുത്തിട്ടില്ലെന്നും അവർ പറഞ്ഞു.

2015ൽ ഗോമാംസം കൈവശം വച്ചെന്ന ആരോപണത്തിൽ ഒരു സംഘം ആളുകൾ തല്ലിക്കൊന്ന മുഹമ്മദ് അഖ്‌ലാഖിന്റെ വീടിനു 10 കിലോമീറ്റർ അകലെയാണ് ഈ സംഭവം.