Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംഘടനാപ്രവർത്തനത്തിനു നിയമം നിർമിക്കും: കോടിയേരി

Kodiyeri Balakrishnan

കൊല്ലം∙ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംഘടനാ സ്വാതന്ത്ര്യം അനുവദിക്കുന്നതിന് എൽ‍ഡിഎഫ് സർക്കാർ നിയമ നിർമാണം നടത്തുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കൊല്ലത്ത് എസ്എഫ്ഐ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിനായുള്ള ബിൽ തയാറായിക്കഴിഞ്ഞു. നിലവിൽ ഇത്തരം സ്ഥാപനങ്ങളിൽ വിദ്യാർഥി സംഘടനകൾക്കു നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതിനു സമാനമായ സാഹചര്യമാണുള്ളത്. ഇവിടെ സംഘടനാ പ്രവർത്തനം നടത്തുന്നതിനു മാനേജ്മെന്റുകളുമായി ഏറ്റുമുട്ടേണ്ടി വരുന്ന അവസ്ഥയാണ്. ഇതിനു മാറ്റം ഉണ്ടാകുമെന്നും കോടിയേരി പറഞ്ഞു.

രാജ്യത്തു ബിജെപിയും സംഘപരിവാർ ശക്തികളും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ലാഭകരമല്ലെന്നു പറഞ്ഞു സ്കൂളുകൾ പൂട്ടുന്നതായുള്ള കണക്കുകൾ പുറത്തു വരികയാണ്. ഇവിടെയാകട്ടെ ഈ അധ്യയന വർഷം പൊതുവിദ്യാഭ്യാസ മേഖലയിൽ പുതുതായി പ്രവേശനം നേടിയ രണ്ടു ലക്ഷത്തോളം വിദ്യാർഥികളുടെ കണക്കുകളാണു പറയാനുള്ളത്. വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കാൻ ശ്രമിക്കുന്ന ബിജെപിക്കും വാണിജ്യവൽക്കരിക്കുന്ന യുഡിഎഫിനും ബദലായി ജനകീയവൽക്കരിക്കാനുള്ള എൽഡിഎഫിന്റെ പരിശ്രമത്തിനു കിട്ടിയ അംഗീകാരമാണ് ഈ മാറ്റമെന്നും കോടിയേരി അവകാശപ്പെട്ടു.

വിന്ധ്യപർവതത്തിനിപ്പുറം വർഗീയ ശക്തികൾക്കു സ്ഥാനമില്ലെന്നതിന്റെ തെളിവാണു ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പു ഫലം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അഞ്ചു ലോക്കപ്പ് മരണങ്ങൾ ഉണ്ടായിട്ടും വേട്ടക്കാർക്കൊപ്പം നിന്ന യുഡിഎഫ് ഇപ്പോൾ ഇരകൾക്കൊപ്പം നിലകൊള്ളുന്ന എൽഡിഎഫ് സർക്കാരിനെതിരെ നീങ്ങുന്നതിന്റെ പൊരുൾ പൊതുജനം വിലയിരുത്തും. രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ ഉൾപ്പടെ വിമർശനം ഉന്നയിച്ചവരും അല്ലാത്തവരുമായ കോൺഗ്രസ് നേതാക്കളുടെ നട്ടെല്ലു പാണക്കാട്ട് പണയം വച്ചിരിക്കുകയാണെന്നും കോടിയേരി പരിഹസിച്ചു. ഇനി കെപിസിസി, യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രസിഡന്റുമാരെ കൂടി അവിടെ നിന്നു തീരുമാനിക്കുന്ന അവസ്ഥ ഉണ്ടാകും. നട്ടെല്ലുള്ള നല്ല കെഎസ്‌യുക്കാരുണ്ടെങ്കിൽ എസ്എഫ്ഐയിൽ ചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ജെയ്ക് സി.തോമസ് അധ്യക്ഷത വഹിച്ചു.

related stories