Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അവർ എന്റെ മകന്റെ കുഞ്ഞിനെക്കൂടി കൊല്ലില്ലെന്ന് എന്താണുറപ്പ്?’ സാമിന്റെ പിതാവ്

Sam Abraham | Sofia സാം ഏബ്രഹാമും സോഫിയയും. ചിത്രം: ഫെയ്സ്ബുക്ക്.

കോട്ടയം∙ ‘എന്റെ മകനെ കൊന്നവർക്കു ശിക്ഷ കിട്ടിയല്ലോ, സന്തോഷം. പക്ഷേ, ഇതുകൊണ്ടായില്ല...’ മെൽബണിൽ ഭാര്യയും കാമുകനും ചേർന്നു വിഷംകൊടുത്തു കൊലപ്പെടുത്തിയ സാം ഏബ്രഹാമിന്റെ പിതാവ് സാമുവൽ ഏബ്രഹാമിന്റെ ഇപ്പോഴത്തെ ആശങ്ക, സാമിന്റെ ഒൻപതു വയസ്സുള്ള മകനെയോർത്താണ്. സാം വധക്കേസിൽ പ്രതിയായ സോഫിയയുടെ സഹോദരിക്കും ഭർത്താവിനുമൊപ്പം മെൽബണിലാണ് ഇപ്പോൾ കുട്ടി.

Read In English: 'What if they kill Sam's son, too'

‘എന്റെ കുഞ്ഞിനെ ആ കുടുംബത്തിൽ നിർത്തുന്നതു സുരക്ഷിതമല്ല. അച്ഛനെ കൊന്നുകളഞ്ഞവരുടെയൊപ്പം അവനെങ്ങനെ നിൽക്കും? പത്തുവയസ്സാകാൻ പോകുന്നു അവന്. ആവശ്യത്തിനു മാനസിക പക്വതയുള്ള കുട്ടിയല്ലേ.. അച്ഛനെ കൊലപ്പെടുത്തിയവരോട് അവന്റെയുള്ളിൽ പക വളരില്ലേ.. അതു തിരിച്ചറിയുമ്പോൾ ആ കുടുംബം അവനെക്കൂടി കൊന്നുകളയില്ലെന്ന് എന്താണുറപ്പ്?’ സാമുവൽ ചോദിക്കുന്നു. സോഫിയയുടെ മാതാപിതാക്കളും മെൽബണിലാണ്.

കുട്ടിയെ വിട്ടുകിട്ടാൻ സഹായിക്കണമെന്നാവശ്യപ്പെട്ടു സാമുവൽ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ ഓഫിസിനെ സമീപിച്ചിട്ടുണ്ട്. മന്ത്രിയുടെ ഓഫിസുമായി സുഹൃത്ത് തുടർച്ചയായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. കൊല്ലം എംപി എൻ.കെ. പ്രേമചന്ദ്രനും പരമാവധി ശ്രമിക്കുന്നുണ്ടെന്നു കരവാളൂരിലെ വീട്ടിലിരുന്നു സാമുവൽ ഏബ്രഹാം പറഞ്ഞു.

കൊച്ചുമകനുമായി ആഗ്രഹിക്കുന്നതുപോലെ സംസാരിക്കാൻ സാധിക്കാത്തതിലാണു സാമുവലിന് ഏറെ വിഷമം. ‘മാസത്തിലൊരിക്കലാണു വിഡിയോ കോൾ ചെയ്യുക. പക്ഷേ, അവന് അധികമൊന്നും എന്നോടു സംസാരിക്കാൻ കഴിയാറില്ല. സോഫിയയുടെ കുടുംബാംഗങ്ങൾ അവന്റെ ചുറ്റിലുമുണ്ടാകും. സുഖമാണോ എന്നു ചോദിക്കുമ്പോൾ അതെയെന്ന് അവൻ പറയും. അതെത്രത്തോളം സത്യമാണെന്ന് എനിക്കറിയില്ല. സോഫിയയുടെ സഹോദരിയോട് ഞാൻ സംസാരിക്കാറില്ല. സംസാരിക്കണമെന്നു തോന്നിയിട്ടേയില്ല. കുഞ്ഞിന്റെ കാര്യങ്ങളെക്കുറിച്ച് അറിയാൻ അവരുടെ ഭർത്താവിനോടു സംസാരിച്ചിട്ടുണ്ട്.

എന്റെ മകന്റെ മരണത്തെക്കുറിച്ച് ഒരു വാക്കുപോലും ഇന്നേവരെ അവരോടു ചോദിച്ചിട്ടില്ല. പക്ഷേ, സോഫിയയുടെ അമ്മയ്ക്ക് എല്ലാക്കാര്യങ്ങളും അറിയാമായിരുന്നു എന്നെനിക്കറിയാം.’ - സാമുവൽ പറയുന്നു. ‘അവർക്ക് എല്ലാം അറിയാമായിരുന്നു. പക്ഷേ, ഇപ്പോൾ അവർ പറയുന്നതു മകളും കൂട്ടുപ്രതി അരുണും നിരപരാധികളാണെന്നാണ്. കെട്ടിച്ചമച്ച കേസാണെന്നാണ് അവരുടെ വാദം’.

സാമിന്റെയും സോഫിയയുടെയും സ്വകാര്യജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ചു തനിക്കൊന്നുമറിയില്ലായിരുന്നെന്നും സാമുവൽ പറഞ്ഞു. സാമിന്റെ മരണശേഷം, അവനോട് അടുപ്പമുണ്ടായിരുന്ന ബന്ധുക്കളിലും സുഹൃത്തുക്കളിലുംനിന്നാണു പലതും മനസ്സിലാക്കിയത്. അരുൺ ഓസ്ട്രേലിയയിലെത്തിയശേഷം സാമും സോഫിയയും തമ്മിൽ ബന്ധമുണ്ടായിരുന്നില്ല. സോഫിയയാണ് അരുണിനെ ഓസ്ട്രേലിയയിലെത്തിച്ചത്. സാമിന് ഒമാനിൽ നല്ല ജോലി ഉണ്ടായിരുന്നു. സോഫിയയെയും ഒമാനിൽ ഒപ്പം നിർത്താനായിരുന്നു സാമിന്റെ ആഗ്രഹം. അവൾ സമ്മതിക്കാതിരുന്നതുകൊണ്ട് സാം ഓസ്ട്രേലിയയിലേക്കു പോകുകയായിരുന്നു.

കോട്ടയത്തെ ഒരു കോളജിൽ ഒരുമിച്ചു പഠിച്ചവരാണു സോഫിയയും അരുണും. സാമുമായുള്ള വിവാഹത്തിനു മുൻപ് സോഫിയയും അരുണും തമ്മിൽ ബന്ധമുണ്ടായിരുന്നോ എന്നതിനു തെളിവൊന്നുമില്ല. ഉണ്ടായിരുന്നെന്നു തന്നെയാണു താൻ വിശ്വസിക്കുന്നതെന്നും സാമുവൽ പറയുന്നു. സാമിനു ഭാര്യയെ സംശയമുണ്ടായിരുന്നില്ല എന്ന കാര്യത്തിൽ ഉറപ്പുണ്ട്. അവർ ഒരുമിച്ചു പുറത്തുപോകുമ്പോഴൊക്കെയും പഴയ സഹപാഠിയുമായുള്ള സൗഹൃദത്തിനപ്പുറം എന്തെങ്കിലുമുള്ളതായി സാം കരുതിയിരുന്നില്ല.

സോഫിയയെ ഇവിടെയെല്ലാവർക്കും ചെറുപ്പംതൊട്ടേ അറിയാം. പള്ളിയിലെ ഗായകസംഘത്തെ നയിച്ചിരുന്നതു സാം ആയിരുന്നു. ആ ഗായകസംഘത്തിലെ അംഗമായിരുന്നു സോഫിയയും. കുട്ടിക്കാലം തൊട്ടേ അവർ നല്ല സുഹൃത്തുക്കളായിരുന്നു. എന്നെ പപ്പ എന്നാണു പണ്ടേ വിളിച്ചിരുന്നത്. നല്ല സ്നേഹമായിരുന്നു. നല്ല പെരുമാറ്റവും. പിടിയിലാകുന്നതിനു തൊട്ടുമുൻപത്തെ ദിവസങ്ങളിൽവരെ അവൾ ഞങ്ങളെ വിളിച്ചിരുന്നു - യാഥാർഥ്യത്തോട് ഇനിയും പൂർണമായി പൊരുത്തപ്പെടാകാതെ നിറഞ്ഞ കണ്ണുകളോടെ സാമുവൽ പറഞ്ഞുനിർത്തി.