Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭരണം കുട്ടിക്കളിയല്ലെന്നു മോദി അറിയണം: വിമർശനം കടുപ്പിച്ച് ശിവസേന

shiv-sena-logo-1

മുംബൈ ∙ ജമ്മു കശ്മീരിൽ പിഡിപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി ശിവസേന. കശ്മീരിലെ അത്യാഗ്രഹത്തിന് ബിജെപിക്കു ചരിത്രം മാപ്പുനൽകില്ലെന്നു പാർട്ടി മുഖപത്രമായ സാമ്ന മുഖപ്രസംഗത്തിൽ പറയുന്നു. പ്രധാനമന്ത്രിക്കെതിരെയും വിമർശനമുന്നയിക്കുന്ന ലേഖനത്തിൽ, രാജ്യഭരണം കുട്ടിക്കളിയല്ലെന്നു നരേന്ദ്ര മോദി മനസ്സിലാക്കണമെന്നു ശിവസേന ആവശ്യപ്പെട്ടു.

അതിർത്തിയിലെ ഭീകരവാദവും കലാപവും നിയന്ത്രിക്കാൻ ബിജെപി ഒന്നും ചെയ്തില്ല. താഴ്‌വരയിൽ അരാജകത്വം പരത്തിയിട്ട് അവർ അധികാരം കയ്യൊഴിഞ്ഞു. അവസാനം എല്ലാ കുറ്റവും പിഡിപിയുടെ ചുമലിൽ കെട്ടിവച്ചിരിക്കുകയാണ്. ബ്രിട്ടിഷുകാർ രാജ്യംവിട്ടതിനു സമാനമായ ഒളിച്ചോട്ടമാണിതെന്നും സേന പരിഹസിച്ചു.

മുൻപൊരിക്കലും കശ്മീരിലെ സാഹചര്യം ഇത്ര മോശമായിട്ടില്ല, ഇതുപോലെ ചോരപ്പുഴയൊഴുകിയ അവസരം മുൻപുണ്ടായിട്ടില്ല, ഇത്രയധികം സൈനികർക്കു ജീവൻ നഷ്ടപ്പെട്ടിട്ടില്ല. ഇതെല്ലാം സംഭവിച്ചത് ബിജെപി ഭരണത്തിൽ സഹകരിച്ചുതുടങ്ങിയ ശേഷമാണ്. എന്നിട്ടു മെഹബൂബ മുഫ്തിയുെട ചുമലിൽ എല്ലാ ഉത്തരവാദിത്തവും വച്ചുകൊടുത്ത് ഒന്നുമറിയാത്തതുപോലെ അവർ കയ്യൊഴി‍ഞ്ഞു.

കശ്മീരിൽ സർക്കാർ രൂപം കൊണ്ടതുതന്നെ ബിജെപിയുടെ അതിമോഹത്തിൽനിന്നാണ്. അതിനു രാജ്യവും സൈന്യവും കശ്മീരിലെ ജനങ്ങളും വലിയ വില നൽകേണ്ടിവന്നു. കശ്മീരിലെ തീവ്രവാദ ഭീഷണി ഇല്ലാതാക്കുമെന്നു വാഗ്ദാനം നൽകിയാണു തങ്ങൾ അധികാരത്തിലെത്തിയതെന്നു മോദിയും ബിജെപിയും മറക്കരുത്.

മുൻപുണ്ടായിരുന്ന കോണ്‍ഗ്രസ്-നാഷനൽ കോൺഫറൻസ് സർക്കാരായിരുന്നു ഭേദമെന്നു കശ്മീർ ജനത ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. ഇന്ന്, സൈനിക പോസ്റ്റുകൾ ഭീകരർ ആക്രമിക്കുമ്പോൾ സൈനികർ നാട്ടുകാരെ ആക്രമിക്കുകയാണ്. നിരപരാധികളായ സാധാരണക്കാർക്കു ജീവൻ നഷ്ടപ്പെടുന്നു. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളെ തമാശയിൽ പൊതിഞ്ഞ വാക്കുകൾ കൊണ്ടാണു പ്രതിരോധമന്ത്രി ട്വിറ്ററിലൂടെ അനുശോചനമറിയിക്കുന്നത്.

നോട്ട് നിരോധനത്തിനു ശേഷം അതിർത്തിയിലെ ഭീകരവാദം ആയിരമിരട്ടി വർധിച്ചു. പാക്കിസ്ഥാന്റെ ഇടപെടൽ പഴയതിലുമേറെയായി. യുദ്ധമില്ലാതെതന്നെ ഒട്ടേറെ സൈനികർ കൊല്ലപ്പെട്ടു. ഇതൊന്നും നിയന്ത്രിക്കാൻ കഴിയില്ലെന്നായപ്പോൾ എല്ലാം പിഡിപിയുടെ ചുമലിൽ വച്ചുകൊടുത്തു. ബ്രിട്ടിഷുകാരും ഇതുതന്നെയല്ലേ ചെയ്തത്? - മുഖപ്രസംഗം പറയുന്നു.

related stories