Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകൾ മർദിച്ചിട്ടില്ല, ഗവാസ്കറുടേത് അലക്ഷ്യ ഡ്രൈവിങ്; സുരക്ഷാഭീഷണിയെന്നും എഡിജിപി

gavaskar-sudesh-kumar പരുക്കേറ്റ ഗവാസ്കർ, എഡിജിപി സുദേഷ് കുമാർ.

തിരുവനന്തപുരം ∙ എഡിജിപിയുടെ മകൾ പൊലീസുകാരനെ മർദിച്ച കേസിൽ വഴിത്തിരിവ്. ഡ്രൈവര്‍ ഗവാസ്കര്‍ക്കെതിരെ എഡിജിപി സുദേഷ്കുമാര്‍ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു പരാതി നല്‍കി. മകള്‍ മര്‍ദിച്ചെന്ന പരാതി അടിസ്ഥാനരഹിതമാണെന്നും സംഭവദിവസം ഗവാസ്കര്‍ വാഹനം ഓടിച്ചത് അലക്ഷ്യമായാണെന്നും പരാതിയിൽ പറയുന്നു. അലക്ഷ്യമായ വാഹനമോടിച്ചതിനാലാണു ഗവാസ്കര്‍ക്കു പരുക്കേറ്റത്. പൊതുജനമധ്യത്തില്‍ തന്നെ അവഹേളിക്കാനാണു ശ്രമം. തനിക്കു സുരക്ഷാഭീഷണിയുണ്ടെന്നും സുദേഷ്കുമാര്‍ പരാതിയിൽ ചൂണ്ടിക്കാട്ടി.

എഡിജിപിയുടെ മകൾ തന്നെ മർദിച്ചെന്നായിരുന്നു ഡ്രൈവറായ പൊലീസുകാരൻ ഗവാസ്കറുടെ പരാതി. കഴുത്തിനു പരുക്കേറ്റ തിരുവനന്തപുരം കുറ്റിച്ചൽ സ്വദേശി ഗവാസ്കർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. ഗവ. ആശുപത്രിയിലെ പരിശോധനയിൽ തലയ്ക്കും നട്ടെല്ലിനും പരുക്കേറ്റതായി കണ്ടതിനെ തുടർന്നാണു ഗവാസ്കറെ വിദഗ്ധ ചികിൽസയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്.

മൂന്നു മാസമായി ഗവാസ്കറെക്കൊണ്ട് എഡിജിപി വീട്ടുജോലികളും ചെയ്യിപ്പിച്ചിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. ഇതിനു പുറമെ എഡിജിപിയുടെ വീട്ടുകാർ വ്യക്തിഹത്യ നടത്തുകയും ചെയ്തിരുന്നു. പലതവണ ഇതാവർത്തിച്ചപ്പോൾ ഗവാസ്കർ എഡിജിപിയോടു നേരിട്ടു പരാതിപ്പെട്ടു. ഡ്രൈവിങ് ജോലിയിൽനിന്നു മാറ്റി ക്യാംപിലേക്കു തിരികെ വിടണമെന്നും അപേക്ഷിച്ചു.

കനകക്കുന്നിൽ പ്രഭാതസവാരിക്കായി കാറിൽ കൊണ്ടുപോകുമ്പോൾ എഡിജിപിയുടെ മകൾ, താൻ പരാതി പറഞ്ഞതിനെച്ചൊല്ലി അധിക്ഷേപിച്ചു. മടക്കയാത്രയിലും ഇതു തുടർന്നതോടെ വണ്ടിയിൽ വച്ച് അധിക്ഷേപിക്കരുതെന്ന് ആവശ്യപ്പെട്ടു. അപ്പോൾ യുവതിയും അമ്മയും വാഹനം നിർത്താനാവശ്യപ്പെട്ടു പുറത്തിറങ്ങി. മൊബൈൽ ഫോൺ എടുക്കാൻ മറന്നതിനെ തുടർന്നു വീണ്ടും വാഹനത്തിൽ കയറി തന്നെ ആക്രമിക്കുകയായിരുന്നുവെന്നു ഗവാസ്കർ പറയുന്നു.

ഫോൺ കൊണ്ടു തലയ്ക്കു പുറകിൽ ആഞ്ഞിടിക്കുകയും പുറകിൽ ചവിട്ടുകയും ചെയ്തു. എഡിജിപിയുടെ ഭാര്യയും മർദിച്ചെന്നു മ്യൂസിയം പൊലീസിനു നൽകിയ പരാതിയിൽ ഗവാസ്കർ വ്യക്തമാക്കി. ഡിജിപിയുടെ മകൾക്കെതിരെയും പൊലീസ് ഡ്രൈവർക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഗവാസ്കറുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നതിനാണ് എഡിജിപിയുടെ മകൾക്കെതിരെ കേസ്. പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ചെന്നതിനാണു ഗവാസ്കർക്കെതിരെ കേസ്.