Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉന്നതർക്കു നേരെ വ്യാജപ്രചാരണം, വാർത്തകൾ തെറ്റ്: വിമർശനവുമായി ബെഹ്റ

loknath-behra ലോക്നാഥ് ബെഹ്റ

തിരുവനന്തപുരം∙ തെറ്റായ വിവരങ്ങളുടെയും കണക്കിന്റെയും അടിസ്ഥാനത്തിൽ ഒരു വിഭാഗം മാധ്യമങ്ങൾ പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ പ്രചാരണം നടത്തുന്നതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ചില സീനിയർ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായപ്പോൾ അതു പരിഹരിക്കാൻ സർക്കാർ ശക്തമായ നടപടിയെടുത്തു. എന്നാൽ ഇതിന്റെ തുടർച്ചയായി ഒരു വിഭാഗം മാധ്യമങ്ങൾ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ വ്യാജപ്രചാരണം നടത്തുന്നു. മിക്ക വാർത്തയും തെറ്റാണ്. പൊലീസിന്റെ മനോവീര്യം തകർക്കാനും പൊലീസിൽ ജനങ്ങൾക്കുള്ള വിശ്വാസം കുറയ്ക്കാനും ഇതിടയാക്കുന്നു. സമൂഹത്തിന്റെ ഉത്തമ താൽപര്യം മുൻനിർത്തി മാധ്യമങ്ങൾ ഇത്തരം പ്രചാരണങ്ങളിൽ നിന്നു പിൻമാറണമെന്നും ബെഹ്റ അഭിപ്രായപ്പെട്ടു.

എഡിജിപിയുടെ മകൾ പൊലീസ് ഡ്രൈവറെ മർദിച്ചതും ഐപിഎസ് ഉദ്യോഗസ്ഥരുടെ വീട്ടിൽ പൊലീസുകാരെ അനധികൃതമായി ജോലിക്കു നിർത്തിയതും ഏറെ വിവാദമായ പശ്ചാത്തലത്തിലാണു ബെഹ്റ മാധ്യമങ്ങൾക്കു നേരെ തിരിഞ്ഞത്. ഏറ്റവും കൂടുതൽ പൊലീസുകാരെയും ക്യാംപ് ഫോളോവർമാരെയും ഇത്തരത്തിൽ ക്രമവിരുദ്ധമായി നിർത്തിയിട്ടുള്ളതു ഡിജിപി റാങ്കിലെ ഒരു ഉദ്യോഗസ്ഥനെന്ന റിപ്പോർട്ടും പുറത്തുവന്നിരുന്നു. പല ഷിഫ്റ്റിലായി ഇദ്ദേഹത്തിന്റെ ഓഫീസിലും വീട്ടിലും 36 പേരാണുള്ളത്. ഇതോടെയാണു ബെഹ്റയുടെ നേതൃത്വത്തിൽ ഒരു വിഭാഗം ഐപിഎസുകാർ മുഖ്യമന്ത്രിയെ കണ്ടു പരാതി പറഞ്ഞതും തൊട്ടുപിന്നാലെ ഡിജിപി പ്രസ്താവന പുറത്തിറക്കിയതും.

അതേസമയം, മാധ്യമ പ്രവർത്തകർ ആവർത്തിച്ച് ആവശ്യപ്പെട്ടാലും പൊലീസിന്റെ കൈവശമുള്ള കണക്കോ വിവരങ്ങളോ പൊലീസ് ആസ്ഥാനത്തു നിന്നോ ഉന്നത ഉദ്യോഗസ്ഥരോ നൽകാറില്ല. വിവരവകാശ നിയമ പ്രകാരം ചോദിച്ചിട്ടും നിയമസഭയിൽ മുഖ്യമന്ത്രി വെളിപ്പെടുത്തിയ കണക്കുകൾ പോലും നൽകാൻ കഴിയില്ലെന്ന നിലപാടാണ് അടുത്തിടെ പൊലീസ് ആസ്ഥാനത്തെ പബ്ളിക് ഇൻഫർമേഷൻ ഓഫിസർ സ്വീകരിച്ചത്.