Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കമൽഹാസൻ സോണിയയെ സന്ദർശിച്ചു; കോൺഗ്രസ് സഖ്യമെന്ന് അഭ്യൂഹം

Kamal Haasan

ന്യൂഡൽഹി ∙ തമിഴ് സൂപ്പർതാരം കമൽഹാസൻ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദർശിച്ചു. തന്റെ പുതിയ പാർട്ടിയായ മക്കൾ നീതി മയ്യം (എംഎൻപി) ഒൗദ്യോഗികമായി തിരഞ്ഞെടുപ്പ് കമ്മിഷനിൽ Jജിസ്റ്റർ ചെയ്യാൻ തലസ്ഥാനത്ത് എത്തിയതായിരുന്നു ഉലകനായകൻ. വെറും സൗഹൃദ സന്ദർശനം മാത്രമായിരുന്നു സോണിയയുമായി നടത്തിയതെന്ന് കമൽഹാസൻ മാധ്യമങ്ങളോടു പറഞ്ഞു.‘തമിഴ് നാട്ടിലെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ചാണ് ഞങ്ങൾ സംസാരിച്ചത്.’ - അദ്ദേഹം പറഞ്ഞു. കോൺഗ്രസുമായി സഖ്യത്തിലേർപ്പെടുമോ എന്ന ചോദ്യത്തിന്, ‘അതിനെക്കുറിച്ച് ഇപ്പോൾ സംസാരിക്കുന്നത് വളരെ നേരത്തെയായി പോകും’ എന്നായിരുന്നു കമലിന്റെ മറുപടി.

ഇന്നലെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയ കമൽഹാസൻ ഇനി മറ്റു രാഷ്ട്രീയ നേതാക്കളെ സന്ദർശിക്കില്ലെന്നാണു സൂചന. ബിജെപി വിരുദ്ധ പാർട്ടികളുമായി സൗഹൃദം സ്ഥാപിക്കുന്ന കമൽഹാസൻ ഈ മാസമാദ്യം കർണാടക മുഖ്യമന്ത്രി എച്ച്. ഡി. കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലും പങ്കെടുത്തിരുന്നു. രാഹുലും സോണിയയുമായുള്ള കൂടിക്കാഴ്ച ഇതുമായി കൂട്ടിവായിക്കാമെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. എംഎൻപി രൂപീകരിക്കുന്നതിനു മുന്നോടിയായി കമൽഹാസൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവരെയും സന്ദർശിച്ചിരുന്നു.