Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭക്ഷണത്തെച്ചൊല്ലി പരാതികൾ: അനധികൃത കച്ചവടക്കാരെ തുരത്താനൊരുങ്ങി റെയിൽവേ

Railway-class അംഗീകൃത കച്ചവടക്കാർക്കായി പാലക്കാട് റെയിൽവേ ഡിവിഷൻ സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസിൽനിന്ന്.

കണ്ണൂർ∙ റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും വിതരണം ചെയ്യുന്ന ഭക്ഷണത്തെക്കുറിച്ചു പരാതികൾ വ്യാപകമായ സാഹചര്യത്തിൽ അനധികൃത കച്ചവടക്കാർക്കെതിരെ റെയിൽവേ നടപടി ശക്തമാക്കുന്നു. ഇതിനു മുന്നോടിയായി അംഗീകൃത കച്ചവടക്കാർക്കായി പാലക്കാട് ഡിവിഷനിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ബോധവൽക്കരണം തുടങ്ങി.

അംഗീകൃത വിതരണക്കാർക്കു മാത്രമേ റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനിലും ഭക്ഷണം വിൽപന നടത്താൻ അനുമതിയുള്ളൂ. അല്ലാത്തവരെ കണ്ടെത്താൻ റെയിൽവേ ഉദ്യോഗസ്ഥർ പരിശോധന തുടങ്ങി. പല സ്റ്റേഷനുകളിലും ട്രെയിനുകളിലും ഇത്തരക്കാരെ പിടികൂടി നിയമനടപടി ആരംഭിച്ചിട്ടുണ്ട്. അനധികൃത കച്ചവടക്കാരെക്കണ്ടാൽ റെയിൽവേ ഉദ്യോഗസ്ഥരെ ഉടൻ വിവരം അറിയിക്കണമെന്ന് അംഗീകൃത കച്ചവടക്കാരോട് നിർദേശിച്ചു. ഇത്തരക്കാരെ പിടിച്ചു പുറത്താക്കാൻ അംഗീകൃത വിതരണക്കാർക്ക് അവകാശമുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

അംഗീകൃത വിതരണക്കാർ വൃത്തിയുള്ള യൂണിഫോം, ക്യാപ്, നെയിംകാർഡ്, ഗ്ലൗസ് എന്നിവ നിർ‍ബന്ധമായും ധരിക്കണം. യാത്രക്കാരോട് മാന്യമായി പെരുമാറണം. ചൂടുള്ള ഭക്ഷണം പ്ലാസ്റ്റിക് കവറുകളിൽ നൽകരുത്. യൂണിഫോമും നെയിംകാർഡും വ്യാജമായി തയാറാക്കി ട്രെയിനുകളിൽ കയറിപ്പറ്റുന്നവരെ കണ്ടെത്താൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ സഹായവും റെയിൽവേ തേടിയിട്ടുണ്ട്.

പാലക്കാട്, ഷൊർണൂർ സ്റ്റേഷനുകളിൽ ബോധവൽക്കരണ ക്ലാസുകൾ പൂർത്തിയാക്കി. കണ്ണൂർ, കോഴിക്കോട് സ്റ്റേഷനുകളിൽ ഇന്നു ക്ലാസ് നടക്കുന്നു. മംഗലാപുരം സ്റ്റേഷനിലും അടുത്ത ദിവസം ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കും. അസിസ്റ്റന്റ് കമേഴ്സ്യൽ മാനേജർ മായാ പീതാംബരൻ, അസി. ഓപ്പറേഷൻസ് മാനേജർ നിതിൻ നോബർട്ട് എന്നിവർ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ക്ലാസുകള്‍ക്ക് നേതൃത്വം നൽകി.