Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്താണ് ഞാനിത്ര കൗശലക്കാരിയായത്? ക്രൂരയായത്?: സോഫിയ

sam-abraham-sofia-arun-kamalasanan അരുൺ കമലാസനൻ (ഇടത്); സാം ഏബ്രഹാമും ഭാര്യ സോഫിയയും

സാധാരണ മരണമെന്നു കുടുംബാംഗങ്ങളുൾപ്പെടെ വിശ്വസിച്ച സാം ഏബ്രഹാമിന്റെ കൊലപാതകം പൊലീസ് തെളിയിച്ചത് അതിസൂക്ഷ്മവും അങ്ങേയറ്റം കാര്യക്ഷമവുമായ അന്വേഷണത്തിലൂടെ. യുഎഇ എക്സ്ചേഞ്ച് ഉദ്യോഗസ്ഥനായിരുന്ന സാമിനെ (35) മെൽബണിലെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തുന്നത് 2015 ഒക്ടോബറിലാണ്. ഒരിക്കൽ ജീവനുതുല്യം സ്നേഹിച്ചിരുന്ന ഭാര്യ സോഫിയ സാമിനു നൽകാൻ സയനൈഡ് കലർത്തിയ ജ്യൂസ് തയാറാക്കുമ്പോൾ അയാൾ ഏഴുവയസ്സുകാരൻ മകനൊപ്പം ഗാഢനിദ്രയിലായിരുന്നു.

സംഭവശേഷം, തുടക്കത്തിൽതന്നെ സോഫിയ പൊലീസിന്റെ സംശയനിഴലിലായിരുന്നു. സോഫിയയുടെയും അരുണിന്റെയും ഓരോ ചലനങ്ങളും പൊലീസ് നിരീക്ഷിച്ചുകൊണ്ടിരുന്നു. സോഫിയയുടെ ഒരു ഡയറി പൊലീസ് ഇതിനിടെ കണ്ടെടുത്തതായി ഓസ്ട്രേലിയൻ ദിനപത്രം ‘ദ് ഏജ്’ റിപ്പോർട്ട് ചെയ്യുന്നു. ചിലപ്പോൾ കാവ്യാത്മകമായും മറ്റുചിലപ്പോൾ അലസമായും ആ ഡയറിയിൽ കുറിച്ചിരുന്ന വാക്കുകളിലാണു പൊലീസ് സോഫിയയും അരുണും തമ്മിലുണ്ടായിരുന്ന പ്രണയം വായിച്ചെടുത്തത്.

ഫോൺകോൾ പരിശോധന

ആയിരക്കണക്കിനു ഫോൺകോൾ റെക്കോഡുകൾ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് വിലയിരുത്തി. ടെലി-സൈബർ കുറ്റാന്വേഷകരുടെ രീതിയാണിത്. ദിവസത്തിലെ ആദ്യ കോൾ, കോൾ ദൈർഘ്യം, തുടർച്ചയായ ചെറു സംഭാഷണങ്ങൾ എന്നിവയൊക്കെ നിരീക്ഷിക്കും. ഇവയെയെല്ലാം ഉൾപ്പെടുത്തി തയാറാക്കുന്ന ‘ഡേറ്റാ ഷീറ്റ്’ വിശദമായി വിലയിരുത്തി കൊലപാതക സാധ്യതകളെക്കുറിച്ചുള്ള ഒന്നിലേറെ നിഗമനങ്ങളിലെത്തുന്നു.

തുടർന്ന് ഈ നിഗമനങ്ങളെ അടിസ്ഥാനമാക്കി നേരിട്ടുള്ള അന്വേഷണങ്ങളും ഫൊറൻസിക് പരിശോധനകളും പ്രതിയിലേക്കെത്തിക്കും. ഉദാഹരണത്തിന്, സംശയനിഴലിലുള്ളയാളുടെ പിറന്നാൾ ദിനത്തിൽ ആശംസയറിയിക്കാൻ ആദ്യം വിളിക്കുകയോ മെസേജ് അയയ്ക്കുകയോ ചെയ്തയാളെ നിരീക്ഷിക്കുന്നു. അത്, ഏറെ വേണ്ടപ്പെട്ടയാളായിരിക്കുമെന്ന് ഉറപ്പാണല്ലോ. തുടർന്ന് അയാളെയും നിരീക്ഷണപരിധിയിലുൾപ്പെടുത്തുന്നു.

സാം വധിക്കപ്പെടുന്നതിനു മൂന്നുവർഷം മുൻപു മുതലേ അരുൺ മറ്റുള്ളവർക്കുമുന്നിൽ മാനസിക അസ്വസ്ഥതകൾ ഉള്ളയാളായി അഭിനിയിച്ചിരുന്നു. അഥവാ പിടിക്കപ്പെട്ടാൽ എളുപ്പത്തിൽ കേസിൽനിന്നു രക്ഷപ്പെടാനുള്ള മുന്നൊരുക്കമായിരുന്നു ഇതെന്നു പൊലീസ് തിരിച്ചറിഞ്ഞു. ദീർഘനാളത്തെ തയാറെടുപ്പോടെ നടത്തിയ കൊലപാതകമാണെന്നു പൊലീസ് തിരിച്ചറിഞ്ഞത് ഇതിൽനിന്നാണ്.

അന്വേഷണത്തിലെ വഴിത്തിരിവുകൾ

സോഫിയയുടെ ഡയറിയിലെ ചില പരാമർശങ്ങൾ ഓസ്ട്രേലിയൻ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ചിലത് ഇങ്ങനെ:

ഫെബ്രുവരി 2, 2013:  ഞാൻ നിനക്കുവേണ്ടി കാത്തിരിക്കുകയാണ്

ഫെബ്രുവരി 8: എനിക്കു നിന്റെ കൈകളിൽ ഉറങ്ങണം. എനിക്കു നിന്റേതാകണം. പക്ഷേ, നീ എന്റേതല്ലല്ലോ..

ഫെബ്രുവരി 17: നിന്നെ ഒരുപാടു മിസ് ചെയ്യുന്നു. എന്നെ ചേർത്തുപിടിക്കുമോ? നിനക്കുവേണ്ടിയാണു ഞാൻ കാത്തിരിക്കുന്നത്.

മാർച്ച് 8: എന്താണു ഞാനിങ്ങനെയായത്? എന്താണ് എന്റെ ഹൃദയം കല്ലുപോലെയായത്? എന്തുകൊണ്ടാണു ഞാനിത്ര ക്രൂരയായത്? ഇങ്ങനെ കൗശലക്കാരിയായത്? നീയാണെന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിച്ചത്. നീയാണെന്നെ ഇത്ര ചീത്തയാക്കിയത്.

ഏപ്രിൽ 12: നിന്റേതാകാൻ കഴിഞ്ഞാൽ ഞാൻ അഭിമാനിക്കും. നീ കൂടെയുണ്ടെങ്കിൽ, ഉയരങ്ങൾ കീഴടക്കാൻ എനിക്കുകഴിയും.

ജൂലൈ 18: നമ്മൾ ചെയ്യാൻ പോകുന്നതിനു നല്ല പ്ലാനിങ് വേണം. പ്ലാനിങ് ഇല്ലാത്ത ആശയം വെറും സ്വപ്നം മാത്രമാണ്.

കൃ‍ത്യത്തിനു ശേഷവും അരുണും സോഫിയയും അടുത്തിടപഴകിയിരുന്നു. അതേസമയം, അതു മറ്റുള്ളവരുടെ ശ്രദ്ധയിൽപെടാതിരിക്കാനും ശ്രദ്ധിച്ചു. സാമിന്റെ കാറിന്റെ ഉടമസ്ഥാവകാശം സോഫിയ അരുണിന്റെ പേരിലേക്കു മാറ്റിയെന്നും പൊലീസ് കണ്ടെത്തി. സോഫിയയ്ക്കു സംശയമുണ്ടാകാത്ത വിധത്തിൽ അന്വേഷണം പുരോഗമിച്ചുകൊണ്ടിരുന്നു. സാമിനു ഹൃദയാഘാതമുണ്ടായതായി സോഫിയ വിളിച്ചുപറയുന്ന ഫോൺകോൾ കോടതി കേട്ടു. അതിൽ സോഫിയ അലമുറയിടുന്നതു വ്യക്തമായി കേൾക്കാമായിരുന്നു. കൂടെക്കിടക്കുന്ന ഭർത്താവ് വിഷം ഉള്ളിൽചെന്ന നിലയിലാണെന്നു മരിക്കുംവരെ സോഫിയ തിരിച്ചറിഞ്ഞില്ല എന്നു വിശ്വസിക്കാൻ പ്രയാസമാണെന്നു പ്രോസിക്യൂഷൻ വാദിച്ചു.

related stories