Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമരത്തിൽ പങ്കെടുത്തില്ല; ഊബർ ഡ്രൈവർമാരുടെ വണ്ടിയിൽ മീൻവെള്ളം

uber-kochi ചിത്രമെടുക്കാൻ എത്തിയ ഫൊട്ടോഗ്രാഫറോടു കയർക്കുന്ന സമരാനുകൂലികൾ.

കൊച്ചി∙ സമരത്തിൽ പങ്കെടുക്കാത്ത ഊബർ ഡ്രൈവർമാരെ സംഘം ചേർന്നു ഭീഷണിപ്പെടുത്തുകയും കാറുകൾക്കുളളിൽ മീൻവെള്ളം തളിക്കുന്നതായും പരാതി. സമരത്തിൽ പങ്കെടുക്കാത്തവരെ കണ്ടെത്തി വ്യാപകമായി വാഹനങ്ങളിലെ കാറ്റൂരി വിടുകയും സീറ്റുകളിൽ മീൻവെളളം തളിക്കുകയും ചെയ്യുകയാണെന്നു ഡ്രൈവർമാർ പറഞ്ഞു. ജില്ലയുടെ പല ഭാഗത്തും വാഹനങ്ങൾ തടയുന്നുണ്ട്. തങ്ങളുടെ ഡ്രൈവർമാരെ പലയിടത്തും പ്രതിഷേധക്കാർ ഓഫ്‌ലൈൻ ആകാൻ നിർബന്ധിക്കുന്നതായി ഊബർ അധികൃതർ പറഞ്ഞു. ഡ്രൈവർമാർക്കു സംരക്ഷണം നൽ‌കാൻ പൊലീസ് തയാറാകണമെന്നു കമ്പനി ആവശ്യപ്പെട്ടു. 

അതേസമയം, മൂന്നു ദിവസം പിന്നിട്ട സമരം ഒത്തുതീർക്കാൻ കലക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരണമെന്നു സംയുക്ത സമരസമിതി ആവശ്യപ്പെട്ടു. സമരം പൊളിക്കാനായി പുതിയതായി അറ്റാച്ച് ചെയ്ത് ഒാടുന്ന വാഹനങ്ങൾ സർവീസ് നടത്താൻ അനുവദിക്കില്ലെന്നും സമരസമിതി വ്യക്തമാക്കി. പൊലീസിനെ ഉപയോഗിച്ചു കള്ളക്കേസ് എടുക്കാനുള്ള ഊബർ നീക്കത്തെ ചെറുക്കും. തൊഴിലാളികളെ മർദിച്ച ഗുണ്ടകൾക്കെതിരെ നടപടിയെടുക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.

ഒാൺലൈൻ ടാക്സികളെ സർക്കാർ നിയന്ത്രണത്തിലാക്കുക, കമ്മിഷൻ 10 ശതമാനാമായി കുറയ്ക്കുക, അടിസ്ഥാന യാത്രാനിരക്ക‌ു മൂന്നു കിലോമീറ്ററിനു 150 രൂപയാക്കുക, രാത്രി 10ന് ശേഷം 50 ശതമാനം അധികതുക ഈടാക്കുക, വെയിറ്റിങ് ചാർജ് അഞ്ച് രൂപയാക്കുക, മിനിമം വേതനം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു സമരം. ടാക്സ് മുൻകൂറായി അടയ്ക്കണമെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജപ്തി ഭീഷണി നേരിടുന്ന സാഹചര്യത്തിലാണു സമരം ആരംഭിച്ചതെന്നു കോഒാർഡിനേഷൻ കമ്മിറ്റി ചെയർമാൻ ടി.സി.സുബ്രഹ്മണ്യൻ, സെക്രട്ടറി സുഗേഷ് ബാബു എന്നിവർ അറിയിച്ചു.