Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കമാൻഡോകൾ കശ്മീരിലേക്ക്; തന്ത്രപ്രധാന മേഖലകളിൽ വിന്യസിക്കും

nsg

ന്യൂഡൽഹി ∙ റമസാനിൽ ഏർപ്പെടുത്തിയ വെടിനിർത്തൽ പിൻവലിച്ചതിനു പിന്നാലെ ജമ്മു കശ്മീരിൽ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കു മൂർച്ച കൂട്ടി കേന്ദ്രസർക്കാർ. ഭീകരരെ നേരിടാൻ ദേശീയ സുരക്ഷാ സേനയിലെ (എൻഎസ്‌ജി) കമാൻഡോകളെ നിയോഗിക്കും. ഇവരെ ശ്രീനഗർ വിമാനത്താവളം ഉൾപ്പെടെയുള്ള തന്ത്രപ്രധാന മേഖലകളിൽ വിന്യസിക്കും.

ഭീകരരോട് വിട്ടുവീഴ്ചയില്ലെന്നു വ്യക്തമാക്കിക്കൊണ്ട് മുൻ ഐപിഎസ് ഉദ്യോഗസ്ഥനും സിആർപിഎഫ് ഡയറക്ടർ ജനറലുമായിരുന്ന കെ. വിജയകുമാറിനെ കഴിഞ്ഞ ദിവസം ഗവർണറുടെ ഉപദേഷ്ടാവായി നിയമിച്ചിരുന്നു. വീരപ്പനെ വധിച്ച പ്രത്യേക ദൗത്യസേനാ തലവനായിരുന്ന വിജയകുമാർ കശ്മീരിൽ മുമ്പു പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ, കരസേന, സിആർപിഎഫ്, ജമ്മു കശ്മീർ പൊലീസ് എന്നിവയാണു ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കു കശ്മീരിൽ നേതൃത്വം നൽകുന്നത്.

കഴിഞ്ഞമാസമാണ് എൻഎസ്‌ജി സംഘത്തെ നിയോഗിക്കാൻ തീരുമാനിച്ചത്. ശ്രീനഗറിലെ ബിഎസ്എഫ് ക്യാംപിൽ പരിശീലനം പൂർത്തിയാക്കിയ സംഘത്തെ വരും ദിവസങ്ങളിൽ സംസ്ഥാനത്തു നിയോഗിക്കും. ആദ്യഘട്ടത്തിൽ നൂറു പേരുൾപ്പെട്ട സംഘത്തെയാണു വിടുന്നത്. കമാൻഡോ യൂണിറ്റ് ശ്രീനഗറിൽ ആരംഭിക്കുന്നതിന്റെ ആദ്യ പടിയാണിത്. ഉന്നം തെറ്റാതെ വെടിവയ്ക്കുന്നതിൽ വിദഗ്ധരായ രണ്ടു ഡസൻ കമാൻഡോകൾ ശ്രീനഗറിൽ നിലയുറപ്പിക്കും. ഗവർണർ എൻ.എൻ. വോറ ഇന്നു സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്.

എൻഎസ്‌ജി

രാജ്യരക്ഷയ്ക്കായി പ്രത്യേക പരിശീലനം നേടിയ സായുധ സംഘം നിലവിൽ വന്നത് 1984ൽ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സേനയിലെ കമാൻഡോകൾ ഉപയോഗിക്കുന്നത് അത്യാധുനിക ആയുധങ്ങൾ. ഭീകര വിരുദ്ധ പ്രവർത്തനത്തിനു പുറമെ വിഐപികളുടെ സുരക്ഷയും ഉറപ്പാക്കുന്ന ഇവർ ‘ബ്ലാക്ക് കാറ്റ്സ്’ (കരിമ്പൂച്ചകൾ) എന്നും അറിയപ്പെടുന്നു.