Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിപിഎം കേന്ദ്ര കമ്മിറ്റിക്ക് ഇന്നു തുടക്കം; പ്രതിപക്ഷ ഐക്യമടക്കം ചർച്ചയാവും

cpm-leaders

ന്യൂഡൽഹി ∙ ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യനിരയെക്കുറിച്ചുള്ള ചർ‍ച്ചകൾ സജീവമായിരിക്കെ, കാലിക രാഷ്ട്രീയ വിലയിരുത്തലിനും കേന്ദ്രനേതാക്കളുടെ ചുമതലകൾ തീരുമാനിക്കാനുമായി സിപിഎം കേന്ദ്ര കമ്മിറ്റി (സിസി) ഇന്നുമുതൽ മൂന്നു ദിവസം ചേരും. പാർട്ടി കോൺഗ്രസിനുശേഷം നടക്കുന്ന ആദ്യ സിസി എന്ന നിലയിലും കർണാടക തിരഞ്ഞെടുപ്പിനുശേഷം ഉരുത്തിരിഞ്ഞ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലും പ്രാധാന്യം ഏറെ.

തിരഞ്ഞെടുപ്പു മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയെന്നതാവും ആദ്യ വെല്ലുവിളി. പ്രതിപക്ഷ ഐക്യനിര രൂപപ്പെടുമ്പോൾത്തന്നെ, അതിനൊത്തു ദേശീയ രാഷ്ട്രീയത്തിൽ പ്രസക്തി വർധിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ പാർട്ടിക്കു നേട്ടമുണ്ടാവില്ലെന്ന കണക്കുകൂട്ടൽ യച്ചൂരിക്കുമുണ്ട്. ബിജെപിയെ താഴെയിറക്കാൻ മതനിരപേക്ഷ, ജനാധിപത്യ കക്ഷികളുമായും ധാരണയെന്ന യച്ചൂരിയുടെ നിലപാടിന് അനുകൂലമാണു കർണാടകയിലെ സർക്കാർ രൂപീകരണവും തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പു ഫലങ്ങളും. ഇതുതന്നെയാവും പ്രധാന ചർച്ച.

ഒപ്പം, പാർട്ടി കോൺ‍ഗ്രസിന്റെ പൊതുരൂപരേഖയും നടപ്പാക്കാൻ നിർദേശിക്കപ്പെട്ട കാര്യങ്ങളും ചർച്ചയാവും. കേന്ദ്രനേതാക്കളുടെ ചുമതലകൾ സംബന്ധിച്ച ധാരണ അവതരിപ്പിക്കും. ചർച്ചകൾക്കുശേഷമാവും അന്തിമതീരുമാനം. ഇതടക്കം തിരഞ്ഞെടുപ്പുകൂടി മുന്നിൽക്കണ്ടാവും തീരുമാനങ്ങളുണ്ടാവുകയെന്നു വ്യക്തം. കേരളത്തിലെ പൊലീസ് വീഴ്ച അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള സാധ്യതയും പാർട്ടി വൃത്തങ്ങൾ തള്ളിക്കളയുന്നില്ല.

19 പുതുമുഖങ്ങളും ഇന്നത്തെ സിസിയിൽ പങ്കെടുക്കും. കാരാട്ടുപക്ഷത്തിനുതന്നെയാണു മേൽക്കൈയെങ്കിലും നില മെച്ചപ്പെടുത്തിയ നിലയിലാണ് യച്ചൂരിപക്ഷം ഇക്കുറി സിസിയെ അഭിമുഖീകരിക്കുകയെന്നതും പ്രധാനമാറ്റം. മുതിർന്ന നേതാവ് വി.എസ്.അച്യുതാനന്ദൻ അടക്കം നേതാക്കൾ ഇന്നലെ തലസ്ഥാനത്ത് എത്തി.