Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രഹസ്യനിക്ഷേപം: കൂടുതൽ ഇന്ത്യക്കാരുടെ പേരുകളുമായി പാനമ രേഖകൾ വീണ്ടും

Amitabh Bachchan

ന്യൂഡൽഹി∙ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അനധികൃത രഹസ്യനിക്ഷേപത്തിന്റെ പുതിയ വിവരങ്ങളുമായി 12 ലക്ഷത്തോളം പാനമ രേഖകൾ കൂടി പുറത്തായി. ഇതിൽ 12,000 രേഖകൾ ഇന്ത്യക്കാരുടെ കള്ളപ്പണനിക്ഷേപവുമായി ബന്ധപ്പെട്ടതാണ്. 2016 വെളിപ്പെടുത്തലുകളിൽ ഉൾപ്പെടാത്ത ഒട്ടേറെ ഇന്ത്യൻ വ്യവസായികൾ ഇത്തവണത്തെ പട്ടികയിലുണ്ട്. നികുതിവകുപ്പും റിസർവ് ബാങ്കും ഉൾപ്പെടുന്ന മൾട്ടി ഏജൻസി ഗ്രൂപ്പ് (എംഎജി) വെളിപ്പെടുത്തലുകൾ പരിശോധിച്ചുവരുന്നതായി കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു.

2016 ഏപ്രിൽ നാലിന് ആദ്യ പാനമ രേഖകൾ പുറത്തുവന്നപ്പോഴാണ് അന്വേഷണത്തിന് എംഎജിക്കു കേന്ദ്രസർക്കാർ രൂപം നൽകിയത്. ‘ദ് പാനമ പേപ്പേഴ്‌സ്: ദി ആഫ്ടർമാത്’ എന്ന പേരിലുള്ള പുതിയ രേഖകളിൽ പരാമർശിക്കുന്ന ഇന്ത്യയിലെ പ്രമുഖർ: പിവിഎസ് സിനിമാസ് ഉടമസ്ഥൻ അജയ് ബിജ്‌ലിയും കുടുംബാംഗങ്ങളും, സുനിൽ മിത്തലിന്റെ മകനും ഹൈക് മെസെഞ്ചർ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ കവിൻ ഭാരതി മിത്തൽ, ഏഷ്യൻ പെയിന്റ്സ് സംരംഭകരിലൊരാളായ അശ്വിൻ ഡാനിയുടെ മകൻ ജലജ് അശ്വിൻ ഡാനി. ആദായനികുതി വകുപ്പും എംഎജിയും 426 ഇന്ത്യക്കാർക്കെതിരെ അന്വേഷണം തുടരുന്നുണ്ടെന്നാണു വിവരം.

പാനമയിലെ നിയമകാര്യ സ്ഥാപനമായിരുന്ന മൊസാക് ഫൊൻസേകയാണു കള്ളപ്പണനിക്ഷേപത്തിനായി വിദേശകമ്പനികൾ സ്ഥാപിക്കാൻ വിവിധ രാജ്യങ്ങളിൽനിന്നുള്ള രഹസ്യനിക്ഷേപകരെ സഹായിച്ചത്. 2016ൽ ഈ രേഖകൾ ചോർന്നതിനു പിന്നാലെ ഫൊൻസേക വിവിധകമ്പനികളുടെ യഥാർഥ ഉടമസ്ഥരെ കണ്ടെത്താനായി അയച്ച സന്ദേശങ്ങൾ ചോർത്തിയാണു യുഎസ് ആസ്ഥാനമായ അന്വേഷണാത്മക പത്രപ്രവർത്തകരുടെ കൂട്ടായ്മ ഐസിഐജെയുടെ പുതിയ വെളിപ്പെടുത്തൽ. കമ്പനിവിവരങ്ങൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് മൊസാക് ഫൊൻസേക ഒട്ടേറെ വിദേശസ്ഥാപനങ്ങൾ‌ക്ക് 2016 ൽ നോട്ടിസ് അയച്ചിരുന്നു. ഈ കത്തുകളിൽ ചിലതിൽ കമ്പനിയുടമകളുടെ പേരുകളുണ്ടായിരുന്നു.

ഉടമകളുടെ പേരുകൾ ഉടനടി അറിയിക്കാൻ ആവശ്യപ്പെട്ടുള്ളതായിരുന്നു മറ്റു കത്തുകൾ. 90 ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിൽ കമ്പനികളുടെ നടത്തിപ്പ് ഉത്തരവാദിത്തം ഒഴിയുമെന്നു മുന്നറിയിപ്പു നൽകിയായിരുന്നു രണ്ടാം വട്ട കത്തുകൾ. അമിതാഭ് ബച്ചൻ, സൺ ഗ്രുപ്പ് വൈസ് ചെയർപഴ്‌സൻ ശിവ് ഖേംക, ഡിഎൽഎഫ് ഗ്രൂപ്പിലെ കെ.പി.സിങ്, രാഷ്ട്രീയനേതാവ് അനുരാഗ് കേജ്‌രിവാൾ തുടങ്ങിയവരുടെ പേരുകൾ ഈ കത്തുകളിൽ പരാമർശിക്കുന്നുണ്ട്. തങ്ങളുടെ രഹസ്യരേഖകൾ ചോർന്നതോടെ മൊസാക് ഫൊൻസേക പിന്നീട് അടച്ചുപൂട്ടി.

മെസ്സിക്ക് വീണ്ടും കുരുക്ക്

നികുതിവെട്ടിപ്പിന് സ്പെയിനിൽ അന്വേഷണം നേരിടുന്ന ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ അനധികൃത നിക്ഷേപം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്ന രേഖകളിലുണ്ട്. കോടികളുടെ നികുതിവെട്ടിപ്പിന്റെയും അനധികൃത വിദേശനിക്ഷേപങ്ങളുടെയും പേരിൽ മെസ്സിയും പിതാവ് ഹൊറാഷ്യോ മെസ്സിയും അന്വേഷണം നേരിടുന്നുണ്ട്. പാനമയിൽ മെഗാ സ്റ്റാർ എന്റർപ്രൈസസ് എന്ന പേരിൽ മറ്റൊരു കമ്പനി കൂടി ഇരുവരുടെയും ഉടമസ്ഥതയിലുണ്ടെന്നാണു പുതിയ വെളിപ്പെടുത്തൽ. 2016 ഏപ്രിലിൽ ആദ്യ പാനമ രേഖകൾ പുറത്തുവന്നപ്പോൾ മെസ്സി പറഞ്ഞത് ഈ കമ്പനി പൂർണമായും പ്രവർത്തനരഹിതമാണെന്നാണ്. എന്നാൽ, പുതിയ രേഖകൾ ഈ അവകാശവാദത്തെ ചോദ്യം ചെയ്യുന്നതാണ്.