Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപ് നയത്തിനു മറുപടി: 29 അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഇന്ത്യ നികുതി കൂട്ടി

trump-cartoon

ന്യൂഡൽഹി ∙ ഇന്ത്യയിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് അമേരിക്ക നികുതി കൂട്ടിയതിനു തിരിച്ചടിയായി 29 യുഎസ് ഉൽപന്നങ്ങൾക്ക് ഇന്ത്യ ഇറക്കുമതിത്തീരുവ ഉയർത്തി. ഓഗസ്റ്റ് നാലിനു നിലവിൽ വരും.യൂറോപ്യൻ യൂണിയനുമായും ചൈനയുമായും യുഎസ് ഇതേ രീതിയിൽ ‘വ്യാപാരയുദ്ധ’ത്തിനു തുടക്കമിട്ടതോടെ അവരും അമേരിക്കൻ ഉൽപന്നങ്ങൾക്കു നികുതി കൂട്ടാനൊരുങ്ങുകയാണ്.

യുഎസിൽനിന്നെത്തുന്ന കടല, പയർ തുടങ്ങിയവയുടെ നികുതി ഇന്ത്യ 30 ശതമാനത്തിൽനിന്ന് 70% ആക്കി. തുവരയ്ക്ക് 30% ആയിരുന്നതു 40% ആക്കി. തോടുള്ള ബദാം കിലോഗ്രാമിന് 100 രൂപ ആയിരുന്ന നികുതി 120 രൂപയായി വർധിപ്പിച്ചു. വാൽനട്ടിന് കിലോഗ്രാമിന് നികുതി 30 രൂപയിൽ നിന്നു 120 രൂപയായി. ചിലയിനം രാസവസ്തുക്കൾ, സ്റ്റീൽ ഉൽപന്നങ്ങൾ, അർട്ടീമിയ ചെമ്മീൻ എന്നിവയ്ക്കും ഇറക്കുമതിത്തീരുവ ഉയർത്തി. 50% വരെ നികുതി ഉയർത്താൻ ഉദ്ദേശിക്കുന്ന 30 ഇനങ്ങളുടെ പട്ടിക ലോകവ്യാപാര സംഘടനയ്ക്ക് ഇന്ത്യ കഴിഞ്ഞയാഴ്ച സമർപ്പിച്ചിരുന്നു. പട്ടികയിൽ 800 സിസിയിലേറെ എൻജിൻ കപ്പാസിറ്റിയുള്ള മോട്ടോർ സൈക്കിളുകളും ഉൾപ്പെടുത്തിയിരുന്നുവെങ്കിലും ഇന്നലെ പ്രഖ്യാപിച്ചവയുടെ കൂട്ടത്തിൽ ഇതില്ല. യുഎസിലെ പ്രമുഖ ബ്രാൻഡ് ഹാർലി ഡേവിഡ്സൻ, ബ്രിട്ടനിലെ ട്രയംഫ് എന്നിവയാണ് ഈയിനത്തിൽപ്പെടുക.

ഇന്ത്യയിൽ നിന്നുള്ള സ്റ്റീൽ, അലുമിനിയം ഉൽപന്നങ്ങൾക്കു മാർച്ചിൽ യുഎസ് അധിക തീരുവ പ്രഖ്യാപിച്ചിരുന്നു. 24 കോടി ഡോളറിന്റെ അധിക നികുതിയാണു പ്രതിവർഷം ഇങ്ങനെ ഉണ്ടാവുകയെന്നതിനാൽ ഏതാണ്ട് അതേ തുകയ്ക്കുള്ള അധിക നികുതിയാണ് ഇന്ത്യ യുഎസ് ഉൽപന്നങ്ങൾക്കു മേൽ ചുമത്തുന്നത്. ഉടനടി നികുതി കൂട്ടാമായിരുന്നെങ്കിലും ഒത്തുതീർപ്പു ചർച്ചകൾക്കുള്ള സമയം ലഭിക്കാൻ ഓഗസ്റ്റ് വരെ നീട്ടുകയാണ് ഇന്ത്യ ചെയ്തിരിക്കുന്നത്. ഇന്ത്യ യുഎസിലേക്കു പ്രതിവർഷം 150 കോടി ഡോളറിന്റെ സ്റ്റീൽ, അലുമിനിയം ഉൽപന്നങ്ങൾ കയറ്റിയയ്ക്കുന്നുണ്ട്. അവിടേക്കുള്ള മൊത്തം ഉൽപന്ന കയറ്റുമതി 2016–17ൽ 4221 കോടി ഡോളറിന്റേതായിരുന്നു. ഇന്ത്യയിലേക്ക് അമേരിക്കയിൽ നിന്നുള്ള ഇറക്കുമതി 2230 കോടി ഡോളറിന്റേതാണ്.