Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അകൽച്ചയിലും അടുപ്പം; കൈപിടിച്ച് പിണറായി ചോദിച്ചു, ഉറപ്പുനൽകി മോദി

Pinarayi Vijayan and Modi പിണറായി വിജയൻ, നരേന്ദ്ര മോദി (ഫയൽ ചിത്രം).

ന്യൂഡൽഹി∙ ‘വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകൽച്ചയിൽ ആയിരുന്നെങ്കിലും അവർക്കിടയിലുള്ള അന്തർധാര സജീവമായിരുന്നു എന്നുവേണം കരുതാൻ’ എന്ന പ്രസിദ്ധ സിനിമാ ഡയലോഗിനെ ഓർമിപ്പിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി– മുഖ്യമന്ത്രി പിണറായി വിജയൻ സൗഹൃദം. കേരളത്തിനുള്ള റേഷൻ വിഹിതം വർധിപ്പിക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ അനുമതി തേടിയ മുഖ്യമന്ത്രി പിണറായി വിജയന്റെ അപേക്ഷ കഴിഞ്ഞദിവസം തള്ളിയെന്നതു വലിയ ചർച്ചയായിരുന്നു. എന്നാൽ, കേരളത്തിനു സന്തോഷമുണ്ടാക്കുന്ന മറ്റൊരു വാർത്ത ഇപ്പോൾ പുറത്തുവരുന്നു.

പ്രധാനമന്ത്രിയുടെ കൈപിടിച്ചു കണ്ണൂർ വിമാനത്താവളത്തിനായാണു മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പുവാങ്ങിയത്. കഴിഞ്ഞയാഴ്ച നിതി ആയോഗ് യോഗവേദിയിലാണ് ഇരുവരും വിമാനത്താവള വിഷയം ചർച്ച ചെയ്തത്. തനിക്കൊപ്പമിരുന്ന് ഊണു കഴിക്കാൻ മോദി പിണറായിയെ ക്ഷണിച്ചു. ഊണിനുശേഷം, മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ കൈപിടിച്ചു പറഞ്ഞു: രാജ്യത്തെ വലിയ വിമാനത്താവളങ്ങളിലൊന്നാണു കണ്ണൂരിലേത്. അതു രക്ഷപ്പെടണമെങ്കിൽ താങ്കൾ വിചാരിക്കണം, വിദേശ വിമാനക്കമ്പനികളുടെ സർവീസ് അനുവദിക്കണം. താൻ നേരിട്ടു വിഷയം പരിശോധിക്കാമെന്നും ഓഫിസിൽ ആവശ്യമായ നിർദേശം നൽകാമെന്നും പ്രധാനമന്ത്രി വാക്കു നൽകി. ഈ ഉറപ്പുമായാണു പിണറായി മടങ്ങിയത്.

അതേസമയം, ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണു മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സർവകക്ഷി സംഘത്തിനു കാണാനുള്ള അനുമതി പ്രധാനമന്ത്രി നിഷേധിക്കുന്നത്. ഇതടക്കം ഇതു നാലാം തവണയാണ് മുഖ്യമന്ത്രിക്കു സന്ദർശനാനുമതി നിഷേധിക്കപ്പെട്ടത്. സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിന് എത്തുമെന്നതിനാൽ, പിണറായി വീണ്ടും അനുമതി തേടി. അപ്പോൾ വകുപ്പുമന്ത്രിയെ കാണാൻ നിർദേശിച്ചു. നോട്ടുനിരോധനത്തിനു പിന്നാലെ സഹകരണ ബാങ്കുകളിലുണ്ടായ പ്രതിസന്ധി ബോധ്യപ്പെടുത്താൻ 2016ലും വരൾച്ചാ സഹായം തേടി 2017ലും സന്ദർശനാനുമതി തേടിയപ്പോഴും അനുകൂല പ്രതികരണമുണ്ടായിരുന്നില്ല.

related stories