Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദാസ്യവേല: ഡിജിപിയുടെ അന്ത്യശാസനത്തിന് ഐപിഎസുകാർക്കിടയിൽ തണുപ്പൻ പ്രതികരണം

police-slavery

തിരുവനന്തപുരം∙ ദാസ്യവേലക്കാരായ പൊലീസുകാരെ 24 മണിക്കൂറിനകം മടക്കണമെന്ന ഡിജിപി ലോക്നാഥ് ബെഹ്റയുടെ അന്ത്യശാസനത്തിന് ഐപിഎസുകാർക്കിടയിൽ തണുപ്പൻ പ്രതികരണം. ഭൂരിപക്ഷം ഉദ്യോഗസ്ഥരും വ്യക്തമായ ഉത്തരവില്ലാതെ തന്നെ പലരെയും ഒപ്പം നിർത്തി വീട്ടിലെ ‘വർക്കിങ് അറേഞ്ച്മെന്റ്’ തുടരുകയാണ്. എന്നാൽ, വീട്ടുജോലികളിൽ കുടുങ്ങിപ്പോയ പൊലീസുകാരും ക്യാംപ് ഫോളോവർമാരിൽ ഭൂരിപക്ഷവും സർക്കാരിന്റെ ഇടപെടലിനെ തുടർന്നു സ്വന്തം ജോലികളിലേക്കു മടങ്ങി.

ഐപിഎസുകാരുടെ വീടുകളിൽ അനുവദനീയമായതിലും കൂടുതൽ പൊലീസുകാർ സേവനത്തിലുണ്ടെങ്കിൽ അവരെ 24 മണിക്കൂറിനകം മടക്കണമെന്നാണു ഡിജിപി 19നു പുറപ്പെടുവിച്ച ഉത്തരവ്. സേനയ്ക്കു പുറത്തു ഡപ്യൂട്ടേഷനിലുള്ള ഉദ്യോഗസ്ഥർ ഇത്തരം പൊലീസുകാരെ ഉടനടി മടക്കണമെന്നും നിർദേശിച്ചു. അതിനു പിന്നാലെയാണു പൊലീസില്ലാതെ വീട്ടിലും ഓഫിസിലും ജോലി നടക്കില്ലെന്ന പരാതിയുമായി ഐപിഎസ് സംഘം മുഖ്യമന്ത്രിയെ കണ്ടത്.

ആകെ 984 പേർ രാഷ്ട്രീയക്കാർ ഉൾപ്പെടെയുള്ളവരുടെ കൂട്ടത്തിലുണ്ടെന്നും അതിൽ 124 പൊലീസുകാരേ ഐപിഎസുകാർക്ക് ഒപ്പമുള്ളൂവെന്നുമാണ് അവരുടെ വാദം. സേനയ്ക്കു പുറത്തുള്ള എഡിജിപി റാങ്കിലെ ഉദ്യോഗസ്ഥൻ ഒപ്പമുണ്ടായിരുന്ന 20 പൊലീസുകാരിൽ 15 പേരെയും കണക്കെടുപ്പിനു മുൻപേ മടക്കിയിരുന്നു. എന്നാൽ, ടെലികമ്യൂണിക്കേഷൽ ഡപ്യൂട്ടേഷനിൽ പോയ പത്തു പേരിൽ അഞ്ചു പേരും, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ക്യാമറാ നിരീക്ഷണത്തിനു നിയോഗിച്ചിരുന്ന നാലു പേരുമാണ് ഉത്തരവു വന്ന ശേഷം തിരിച്ചെത്തിയത്.

മധ്യകേരളത്തിലെ ക്രമസമാധന ചുമതലയുള്ള എസ്പി ഒരാളെ മടക്കിവിട്ടു. ചില ഐപിഎസുകാർ നിർബന്ധപൂർവം ഒപ്പം നിർത്തിയിരുന്ന പൊലീസുകാരും മടങ്ങി. ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥർക്കു വീട്ടിൽ ക്യാംപ് ഓഫിസ് പ്രവർത്തിപ്പിക്കാൻ പൊലീസ് കൂടിയേ കഴിയൂവെന്നാണ് ഐപിഎസ് സംഘം മുഖ്യമന്ത്രിയോടു പറഞ്ഞത്. എസ്പി മുതൽ ഡിജിപി വരെയുള്ള റാങ്കിലെ 29 ഉദ്യോഗസ്ഥരുടെ വീടുകൾ ക്യാംപ് ഓഫിസായി പ്രവർത്തിക്കുന്നുണ്ടെന്ന് അവർ പറയുന്നു.

രണ്ടു ഷിഫ്റ്റിലായി ആറു പേർ വീതം ഓരോ ക്യാംപ് ഓഫിസിലും പ്രവർത്തിച്ചാൽ പോലും 174 പൊലീസുകാർ വേണം. ഇതെല്ലാം നൽകുന്നതു ഡിജിപിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്. എന്നാൽ, ഈ ഉത്തരവു പോലുമില്ലാതെയാണു പല ഉദ്യോഗസ്ഥരും പൊലീസുകാരെ കൊണ്ടു നടക്കുന്നത്.

ഏതെങ്കിലും ഐപിഎസ് ഉദ്യോഗസ്ഥന് ഇഷ്ടക്കാരനെ ഒപ്പം വേണമെങ്കിൽ ആ പൊലീസുകാരൻ ജോലി ചെയ്യുന്ന ജില്ലയിലെ പൊലീസ് മേധാവിയെയോ ഐജിയെയോ വിളിക്കും. അവർ ബന്ധപ്പെട്ട കമൻഡാന്റിനു വാക്കാൽ ഉത്തരവു നൽകും. ആ ‘വെർബൽ ഓർഡർ’ ബുക്കിൽ രേഖപ്പെടുത്തിയാകും പൊലീസുകാരനെ വിട്ടുനൽകുന്നത്. ചിലരെ എസ്പിയുടെ ക്യാംപ് ഓഫിസ് ഡ്യൂട്ടി എന്ന പേരിൽ അവിടെ ‘അറ്റാച്ച്’ ചെയ്യും. പലപ്പോഴും യഥാർഥ അറ്റാച്ച്മെന്റ് ഉദ്യോഗസ്ഥന്റെ വീട്ടിലായിരിക്കും. ഇതു രണ്ടിനും പുറമെയാണു ‘വർക്കിങ് അറേഞ്ച്മെന്റ്’.

ഡിജിപിയുടെ ഉത്തരവോടെ തന്നെ ഇത്തരത്തിൽ എവിടെയെങ്കിലും നിയോഗിക്കുന്ന പൊലീസുകാരൻ പക്ഷേ ജോലി ചെയ്യുന്നത് ആരുടെയെങ്കിലും വീട്ടിൽ. ഈ കണക്കെടുപ്പു നടന്നിട്ടുമില്ല. 3200 പൊലീസുകാർ വേറെ പണി ചെയ്യുന്നുവെന്നു റിപ്പോർട്ട് നൽകിയ എഡിജിപി ടോമിൻ തച്ചങ്കരി വിചാരിച്ചിട്ടും അതു കണ്ടെത്താനായില്ല.