Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോടതി പുറത്താക്കിയ കൺസ്യൂമർഫെഡ് എംഡിയെ തിരികെ കൊണ്ടുവരാൻ സർക്കാർ

consumerfed

കണ്ണൂർ ∙ ഹൈക്കോടതി നിയമനം തടഞ്ഞ കൺസ്യൂമർ ഫെഡ് എംഡി ഡോ. എം. രാമനുണ്ണിയെ തിരികെ എംഡി സ്ഥാനത്തു നിയമിക്കാൻ ചട്ടങ്ങളിൽ ഭേദഗതി വരുത്തി സർക്കാർ. അയോഗ്യതയ്ക്കു കാരണമായ നിയമന ചട്ടങ്ങളിൽ അടിയന്തര ഭേദഗതി വരുത്തി സഹകരണ വകുപ്പ് ഉത്തരവിറക്കി. സംസ്ഥാനത്തു മതിയായ യോഗ്യതയുള്ള നിരവധി ഉദ്യോഗസ്ഥരുണ്ടെങ്കിലും ഡോ.രാമനുണ്ണിക്കു വേണ്ടി മാത്രം ഭേദഗതി വരുത്തിയതിൽ ദുരൂഹതയുണ്ടെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. 

ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ അല്ലെങ്കിൽ സമാന യോഗ്യതയുള്ള സർക്കാർ ഉദ്യോഗസ്ഥർ എന്നിവരിൽനിന്നു ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ മാത്രമേ കൺസ്യൂമർഫെഡ് മാനേജിങ് ഡയറക്ടറെ നിയമിക്കാൻ പാടുള്ളൂ എന്നാണു നിയമം. ഇതിനു വിരുദ്ധമായാണ് സർക്കാർ പദവിയൊന്നും വഹിക്കാത്ത, തൃശൂർ ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജറായിരുന്ന രാമനുണ്ണിയെ എംഡിയായി നിയമിച്ചത്. ഇതിനെതിരെ കൺസ്യൂമർഫെഡ് ഡയറക്ടർ ബോർഡ് അംഗം ഒ.വി. അപ്പച്ചൻ സമർപ്പിച്ച ഹർജിയിൽ  ഹൈക്കോടതി രാമനുണ്ണിയുടെ നിയമനം സ്റ്റേ ചെയ്യുകയായിരുന്നു. 

ഹൈക്കോടതി നിയമനം സ്റ്റേ ചെയ്തെങ്കിലും മാസങ്ങളായി പകരക്കാരനെ നിയമിക്കാതെ സഹകരണ വകുപ്പ് എംഡി പദവി ഒഴിച്ചിട്ടിരിക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ 18നാണു കൺസ്യൂമർഫെഡ് ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളിൽ എംഡിയുടെ ഭാഗം മാത്രം ഭേദഗതി ചെയ്തു സർക്കാർ ഉത്തരവിറക്കിയത്. ഇതുപ്രകാരം സർക്കാർ ഉദ്യോഗസ്ഥർക്കു പുറമേ ജില്ലാ സഹകരണ ബാങ്കുകളുടെ ജനറൽ മാനേജർ പദവിയിലിരുന്നവർക്കും നിയമനം നൽകാമെന്നാണ് ഉത്തരവ്.  ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിലെ നിയമനത്തിനു പകരം കരാർ വ്യവസ്ഥയിലെ നിയമനം എന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. 

നേരത്തെ തൃശൂർ ജില്ലാ ബാങ്ക് മാനേജർ പദവിയിലായിരുന്ന ഡോ.എം.രാമനുണ്ണിയുടെ നിയമനം അംഗീകരിപ്പിക്കുന്നതിനു വേണ്ടിയാണ് ആ വ്യവസ്ഥ മാത്രം കൂട്ടിച്ചേർത്തു നിയമ ഭേദഗതി നടത്തിയത്.