Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിയമസഭയില്‍ നശിപ്പിച്ചത് രണ്ടേകാൽ ലക്ഷത്തിന്റെ പൊതുമുതൽ; ആ കേസിന് എന്തു സംഭവിച്ചു?

ആർ.അയ്യപ്പൻ
Kerala Legislative Assembly Violence 2015ൽ നിയമസഭയിലുണ്ടായ കയ്യാങ്കളിയിൽ എംഎൽഎമാർ സ്പീക്കറുടെ കംപ്യൂട്ടർ ഉൾപ്പെടെ തകർക്കുന്നു. (ഫയൽ ചിത്രം: മനോജ് ചേമഞ്ചേരി)

തിരുവനന്തപുരം∙ 2015ലെ ബജറ്റ് അവതരണ വേളയിൽ സ്പീക്കറുടെ വേദി തകർത്തു പ്രതിപക്ഷാംഗങ്ങൾ നിയമസഭയിൽ നടത്തിയ കയ്യാങ്കളിയുടെ അലയൊലികൾ രാഷ്ട്രീയ കേരളത്തെ ഇന്നും പിടിച്ചുലയ്ക്കുന്ന ഒന്നാണ്. മാർച്ച് 13ന് വെള്ളിയാഴ്ച അരങ്ങേറിയ സംഭവവികാസങ്ങളുടെ പേരിൽ ഇടത് നിയസഭാ സാമാജികർക്കെതിരെ എടുത്ത കേസ് എഴുതി തള്ളാനുള്ള പിണറായി സർക്കാരിന്റെ തീരുമാനമായിരുന്നു ഏറ്റവും അവസാനമായി വിവാദങ്ങൾക്കു തിരികൊളുത്തിയത്.

എന്നാൽ കേസ് അവസാനിപ്പിക്കുന്നതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു മൂന്നു മാസം പിന്നിട്ടിരിക്കുന്നു. ഒരു മന്ത്രിയുൾപ്പെടെ കേസിൽ ഉൾപ്പെട്ടവർക്കെതിരെയുള്ള ക്രിമിനൽ കേസ് റദ്ദാക്കാനായി, സർക്കാർ ഇതുവരെ ഹൈക്കോടതിയെ സമീപിച്ചിട്ടില്ലെന്നതാണ് രസകരമായ കാര്യം. സിപിഎം പ്രതിനിധികളായ ഇ.പി. ജയരാജൻ, വി.ശിവൻക്കുട്ടി. സി.കെ.സദാശിവൻ, കെ.കുഞ്ഞഹമ്മദ് മാസ്റ്റർ, സിപിഐയുടെ കെ.അജിത്, ഇടതു സ്വതന്ത്രൻ കെ.ടി. ജലീൽ എന്നിവർക്കെതിരെയായിരുന്നു കേസ്. ഇതിൽ ജലീൽ പിണറായി മന്ത്രിസഭയിലെ അംഗമാണ്. ഇ.പി.ജയരാജനൊഴികെ പ്രതിപ്പട്ടികയിലുള്ള ആരും ഇപ്പോൾ നിയമസഭാംഗങ്ങളല്ല. 

കേസ് എഴുതിത്തള്ളാനുള്ള തീരുമാനം ഉയർത്തിയ വിവാദങ്ങളുടെ ചൂടാറിയെങ്കിലും നാഷണൽ ക്യാംപെയ്ൻ ഫോർ പീപ്പിൾസ് റൈറ്റ് ടു ഇൻഫർമേഷൻ (NCPRI) പ്രവർത്തകരായ രണ്ടുപേർ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത് സർക്കാരിന് പുതിയ തലവേദനകൾ സൃഷ്ടിക്കും. കയ്യാങ്കളി കേസ് എഴുതിത്തള്ളാനുള്ള തീരുമാനം ചോദ്യം ചെയ്ത് ഇവർ നൽകിയ ഹർജി ഫയലിൽ സ്വീകരിച്ച കോടതി കേസ് ജൂലൈ മൂന്നിന് പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്.

ക്രിമിനല്‍ കേസ് നിലവിലുണ്ടെങ്കിലും ആരോപണവിധേയർ ജാമ്യം എടുക്കാൻ പോലും തയാറായിട്ടില്ലെന്ന് വിവരാവകാശ പ്രവർത്തകരായ എം.ടി. തോമസും പീറ്റർ ഞാലിപറമ്പിലും നൽകിയ ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഇതേതുടർന്നാണു രേഖകൾ ആവശ്യപ്പെട്ട കോടതി കേസ് പരിഗണനക്കായി മാറ്റിവച്ചത്.

പൊതുമുതൽ നശിപ്പിക്കാനും ഇതുമൂലം സംസ്ഥാന ഖജനാവിനു സംഭവിച്ച നാശത്തിന്‍റെ കണക്കനുസരിച്ച് സമരങ്ങളുടെ വിജയം നിർണയിക്കാനും ആരെയും അനുവദിച്ചു കൂടെന്ന് തോമസ് ‘മനോരമ ഓണ്‍ലൈനി’നോട് പറഞ്ഞു. മുൻ ഐപിഎസ് ഓഫിസറായ അജിത് ജോയും ഇവർക്കു ശക്തമായ പിന്തുണയുമായി രംഗത്തുണ്ട്. 

പൊതുതാൽപര്യം ഒട്ടും ഇല്ലാത്ത കേസ് ഒരുതരത്തിലും പിൻവലിക്കരുതെന്നാണ് അജിത് ജോയുടെ നിലപാട്. പൊതുമുതൽ തീർത്തും വിവേകശൂന്യമായി നശിപ്പിക്കപ്പെട്ട കേസിൽ പൊതുതാൽപര്യം എത്തരത്തിലാണ് ഉയർന്നു വരുന്നതെന്ന് അദ്ദേഹം ചോദിച്ചു. ‘ജനപ്രതിനിധികൾ എന്ന നിലയിൽ ഏറ്റവും മാതൃകാപരമായ പ്രവർത്തനം കാഴ്ചവയ്ക്കേണ്ടവരാണിവർ. എന്നാൽ ജനാധിപത്യത്തിന്‍റെ ശ്രീകോവിലിനകത്ത് തങ്ങളുടെ അടിസ്ഥാനപരമായ സഹജവാസന പ്രകടിപ്പിക്കുകയാണ് ഇവർ ചെയ്തത്. ഇതിന് അവർ തക്കവില നൽകേണ്ടതുണ്ട്’ - അജിത് ജോയ് പറഞ്ഞു.

ധനമന്ത്രി ആയിരിക്കെ ബാർ കേസിൽ ആരോപണവിധേയനായ കെ.എം. മാണി ബജറ്റ് അവതരിപ്പിക്കാന്‍ ശ്രമിച്ചതാണ് കയ്യാങ്കളിൽ കലാശിച്ചത്. പിന്നീട് അധികാരത്തിലെത്തിയപ്പോൾ മാണിയെ വരുതിയിലാക്കാൻ ഇടതുപക്ഷം തന്നെ നീക്കം നടത്തിയതെന്നതു രസകരമായ മറ്റൊരു കാര്യം.

ജനപ്രതിനിധികൾ എന്ന നിലയിലുള്ള അധികാരമാണ് കേസിലെ ആരോപണ വിധേയർക്ക് സംരക്ഷണവലയം ഒരുക്കിയത്. കുറ്റപത്രം നിലവിലുണ്ടെങ്കിലും ഒരിക്കൽ പോലും കോടതിയിൽ ഹാജരാകാനും ഇവർ തയ്യാറായിട്ടില്ല. ഇവരെ വിളിച്ചു വരുത്താൻ കോടതിയുടെ ഭാഗത്തു നിന്നും ശ്രമം ഉണ്ടായിട്ടില്ലെന്നും ജോയ് ചൂണ്ടിക്കാട്ടി. ആരോപണവിധേയർ ജാമ്യം എടുക്കാൻ പോലും തയാറായിട്ടുമില്ല.

‘നിയമസഭാ സാമാജികരായിരുന്ന ഇവർക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ ഒരു സാധാരണക്കാരനെതിരെയായിരുന്നു ചുമത്തപ്പെട്ടിരുന്നതെങ്കിൽ ആ വ്യക്തി എന്നേ അറസ്റ്റിലാകുമായിരുന്നു’ - തോമസ് പറഞ്ഞു. (ശിവൻകുട്ടി, സി.കെ. സദാശിവൻ, കെ.കുഞ്ഞഹമ്മദ് മാസ്റ്റർ, കെ.അജിത് എന്നിവർ ഇപ്പോൾ നിയസഭ സാമാജികരല്ല).

പൊതുമുതൽ നശിപ്പിക്കൽ നിരോധന നിയമത്തിലെ 3(1) വകുപ്പ് പ്രകാരമാണ് അന്ന് എംഎൽഎമാരായിരുന്ന ആറു പേർക്കെതിരെയും കേസെടുത്തിരുന്നത്. കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ അഞ്ചു വർഷം കഠിന തടവ് വ്യവസ്ഥ ചെയ്യുന്ന ഈ വകുപ്പ് അനുസരിച്ച് ജാമ്യം ലഭിക്കാനും എളുപ്പമല്ല. നശിപ്പിക്കപ്പെട്ട പൊതുമുതലിന്‍റെ വിലയുടെ തത്തുല്യമായ സംഖ്യ ബോണ്ടായി കെട്ടിവച്ചാൽ മാത്രമേ ജാമ്യം ലഭിക്കുകയുള്ളൂവെന്നാണു ചട്ടം.

കസേരകൾ, മൈക്കുകള്‍, കംപ്യൂട്ടറുകൾ തുടങ്ങി കേസുമായി ബന്ധപ്പെട്ട് നശിപ്പിക്കപ്പെട്ട നിയമസഭയിലെ പൊതുമുതലുകൾ ഏകദേശം 2.20 ലക്ഷം രൂപ വിലമതിക്കുമെന്നാണ് ഔദ്യോഗിക കണക്ക്. ‘പൊതുമുതൽ നശിപ്പിച്ചവരിൽ നിന്നും ഉചിതമായ നഷ്ടപരിഹാരം പോലും ഈടാക്കാതെയാണ് അവരെ കേസിൽ നിന്നും മോചിതരാക്കാൻ സർക്കാര്‍ ശ്രമിക്കുന്നത്’ – തോമസ് കുറ്റപ്പെടുത്തി. 

കേസിലെ ആരോപണവിധേയര്‍ക്കെതിരെ യാതൊരുവിധ നടപടിയും ഉണ്ടാകരുതെന്ന ശക്തമായ നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളത്. നിയമസഭാ സാമാജികർക്കുള്ള പ്രത്യേക അധികാരം ഉയർത്തിക്കാട്ടിയാണ് കേസ് പിന്‍വലിക്കാനുള്ള സർക്കാർ നീക്കത്തെ അദ്ദേഹം ന്യായീകരിക്കുന്നത്.

‘കേസ് പിൻവലിക്കാനുള്ള നീക്കം നിയമസഭാ സാമാജികരുടെ പ്രത്യേകാവകാശവുമായി ബന്ധപ്പെട്ടതാണ്. സഭ തന്നെയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്’ – മാർച്ചിൽ സഭയിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിരുന്നു. കോടതിയുടെ അനുമതിയോടെ കേസ് പിന്‍വലിക്കുന്നതിൽ അധാര്‍മികമായി ഒന്നുമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. ഇതിനെയാണ് നാഷനൽ ക്യാംപെയ്ൻ ഫോർ പീപ്പിൾസ് റൈറ്റ് ടു ഇൻഫർമേഷൻ പ്രവർത്തകർ ചോദ്യം ചെയ്തിട്ടുള്ളത്.

related stories