Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിറത്തിന്റെ പേരിൽ പരിഹാസം: യുവതി സദ്യയിൽ വിഷം കലർത്തി; 5 മരണം‌, 122 പേർ ആശുപത്രിയിൽ

food-poison പ്രതിയായ യുവതിയെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ. ചിത്രം: എഎൻഐ, ട്വിറ്റർ

മുംബൈ∙ കറുപ്പ് നിറത്തിന്‍റെ പേരിൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരിഹാസത്തിൽ മനംനൊന്ത യുവതി ഭക്ഷണത്തിൽ വിഷം കലർത്തി. ഈ ഭക്ഷണം ക‍ഴിച്ച‍ നാലു കുട്ടികൾ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. 120 ആളുകൾ ചികിത്സയിലാണ്. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലാണു സംഭവം. ഒരു ബന്ധുവിന്‍റെ ഗൃഹപ്രവേശന ചടങ്ങിനോടനുബന്ധിച്ചു സംഘടിപ്പിച്ച സൽക്കാരത്തിനുള്ള ഭക്ഷണത്തിലാണ് 28കാരിയായ യുവതി വിഷം കലർത്തിയത്. 

ഭക്ഷണം കഴിച്ചവര്‍ക്കെല്ലാം കടുത്ത വയറുവേദനയും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് സമീപത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഒരേ സ്ഥലത്തുനിന്നും കഴിച്ചവരിലാണു പ്രശ്നം കണ്ടതെന്നതിനാല്‍ ഭക്ഷണം വിദഗ്ധ പരിശോധനക്ക് അയച്ചു. വൻതോതിൽ കീടനാശിനി കണ്ടെത്തിയതിനെ തുടർന്നു ചടങ്ങിനെത്തിയവരെ ചോദ്യം ചെയ്തു. ഇതോടെയാണു യുവതി വലയിലായത്. പരസ്പര വിരുദ്ധമായ മൊഴികൾ നൽകിയ യുവതിയെ കൂടുതൽ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കീടനാശിനിയുടെ അവശിഷ്ടങ്ങൾ വീടിനു സമീപത്തുനിന്നും കണ്ടെത്തി. 

രണ്ടു വർഷം മുമ്പ് വിവാഹിതയായ യുവതിയെ നിറത്തിന്‍റെയും മോശപ്പെട്ട പാചകത്തിന്‍റെയും പേരിൽ ബന്ധുക്കൾ പരിഹസിക്കുക പതിവായിരുന്നു. ഇതിലുള്ള വിരോധമാണു ഭക്ഷണത്തിൽ വിഷം കലർത്താനുള്ള തീരുമാനത്തിലെത്തിച്ചതെന്നു യുവതി മൊഴി നൽകി. നാല് കുട്ടികളും 54 കാരനുമാണ് മരിച്ചത്. ചികിത്സ തേടിയെത്തിയ മിക്കവരെയും പ്രാഥമിക ശുശ്രൂഷകൾക്കു ശേഷം വിട്ടയച്ചു.

related stories