Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുസഫർനഗറുകാർക്ക് ‘നാടൻ സൂപ്പർമാൻ’; മറ്റുള്ളവർക്കു മനോജ് ജ്യൂസടിക്കാരൻ!

juice പ്രതീകാത്മക ചിത്രം.

മുസഫർനഗർ ∙ ജ്യൂസടിക്കുമ്പോഴും ഇടയ്ക്കിടെ ഗംഗാ കനാലിനു സമീപത്തേക്കു നോട്ടമെറിയും മനോജ് കുമാർ. അതിൽ നാട്ടുകാർക്ക് പരാതിയില്ല, സന്തോഷമേയുള്ളൂ. കാരണം ഇവിടുത്തുകാരുടെ ‘നാടൻ സൂപ്പർമാൻ’ ആണ് മനോജ്. ഉത്തർപ്രദേശിലെ മുസഫർനഗർ നിവാസികൾക്കു മനോജ് കുമാർ വെറുമൊരു വഴിയോരക്കച്ചവടക്കാരൻ മാത്രമല്ല, പൊലിഞ്ഞുപോകുമായിരുന്ന അനേകം ജീവനുകൾ കൈപ്പിടിയിലൊതുക്കിയ മനുഷ്യനാണ്. ഒരു വർഷത്തിനുള്ളിൽ ഏഴു പേരെയാണ് ഇരുപത്തിയാറുകാരനായ മനോജ് ജീവിതത്തിലേക്കു തിരിച്ചെത്തിച്ചത്.

മുസാഫർനഗറിൽനിന്ന് 16 കിലോമീറ്റർ അകലെയുള്ള ബോപ്പാ പ്രദേശത്ത് ഗംഗാ കനാലിനു സമീപമാണ് മനോജിന്റെ ജ്യൂസ് കട. വിനോദസഞ്ചാര കേന്ദ്രമായ ഈ സ്ഥലം ആത്മഹത്യ ചെയ്യാൻ ഉദ്ദേശിക്കുന്നവരുടെ ‘ഇഷ്ടകേന്ദ്രം’ കൂടിയാണ്. അതുകൊണ്ടുതന്നെ ആത്മഹത്യാമുനമ്പ് എന്നൊരു അപരനാമം കൂടി ഈ പ്രദേശത്തിനുണ്ട്.

കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്യാൻ കനാലിൽ ചാടിയ ഒരാളെ മനോജ് രക്ഷിച്ചതാണു തുടക്കം. കൺമുന്നിൽ ഒരു ജീവൻ ഇല്ലാതാവുന്നതു നോക്കിനിൽക്കാനായില്ലെന്നാണു മനോജ് അതിനെപ്പറ്റി പറയുന്നത്. രണ്ടു കൽപിച്ചു കനാലിലേക്ക് എടുത്തു ചാടി. അയാളെ ഒരു കയ്യിൽ താങ്ങി കരയ്ക്കു കയറുമ്പോൾ മനോജിനു എന്തെന്നില്ലാത്ത സന്തോഷമായിരുന്നു.

ഒരു വർഷത്തിനുള്ളിൽ ഏഴു പേരുടെ ജീവനാണു രക്ഷിച്ചത്. കഴി‍ഞ്ഞ വ്യാഴാഴ്ച എഴുപതുകാരന്റെ ജീവൻ രക്ഷിച്ചതാണ് ഒടുവിലത്തേത്. അതിന് അദ്ദേഹത്തിന്റെ ബന്ധുക്കൾ 1000 രൂപ സമ്മാനമായി നൽകി. ഇപ്പോൾ ധീരതയ്ക്കുള്ള പുരസ്കാരത്തിനു മനോജിന്റെ പേര് നിർദേശിക്കാനാണ് പൊലീസിന്റെയും പ്രാദേശിക ഭരണകൂടത്തിന്റെയും തീരുമാനം.