Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സരിത രാഷ്ട്രീയത്തിലേക്ക്; ചേരാനൊരുങ്ങുന്നത് ടിടിവി ദിനകരന്റെ പാർട്ടിയിൽ

Saritah-S-Nair--T-Pachamal കെ.ടി.പച്ചമാലുമായി സരിത കൂടിക്കാഴ്ച നടത്തിയപ്പോൾ (ചിത്രം: മാലയ് മലർ പോർട്ടൽ)

നാഗർകോവിൽ∙ തമിഴ്നാട്ടിൽ ടിടിവി ദിനകരന്റെ പാർട്ടിയിൽ ചേരാൻ താൽപര്യം അറിയിച്ച് സോളർ കേസ് പ്രതി സരിത എസ്.നായർ. ആർകെ നഗർ എംഎൽഎയായ ദിനകരന്റെ ‘അമ്മ മക്കൾ മുന്നേറ്റ കഴക’ത്തിൽ ചേരാനാണു സരിത താൽപര്യം പ്രകടിപ്പിച്ചത്. ഇക്കാര്യം പാർട്ടിയുടെ നേതാക്കളിലൊരാളായ കെ.ടി. പച്ചമാലിനെ സരിത അറിയിച്ചു.

വിവരം പാർട്ടി നേതൃത്വത്തെ അറിയിക്കുമെന്നും അന്തിമ തീരുമാനം അവിടെ നിന്നാണുണ്ടാകുകയെന്നും അണ്ണാഡിഎംകെ എംഎൽഎ കൂടിയായ പച്ചമാൽ വ്യക്തമാക്കി. കന്യാകുമാരി എംഎൽഎയായ ഇദ്ദേഹം നിലവിൽ  ദിനകരൻ പക്ഷത്താണ്. മുൻ മന്ത്രിയുമാണ് പച്ചമാൽ.

നാഗർകോവിൽ തമ്മത്തുകോണത്തു വച്ചായിരുന്നു പച്ചമാലുമായി സരിത കൂടിക്കാഴ്ച നടത്തിയത്. അദ്ദേഹത്തെ ഷാൾ അണിയിച്ച സരിത പാർട്ടിയിൽ ചേരാനുള്ള ആഗ്രഹത്തിനു പിന്നിലെ കാരണവും വ്യക്തമാക്കിയതായാണു സൂചന.

സോളർ കേസിൽ ജാമ്യം ലഭിച്ചതിനു ശേഷം സരിത പ്രവർത്തനമേഖല തമിഴ്നാട്ടിലേക്കു മാറ്റിയിരുന്നു. കന്യാകുമാരി തക്കലയിൽ ചെറുകിട വ്യവസായത്തിനായിരുന്നു ശ്രമം. കേരള–തമിഴ്നാട് അതിർത്തി പ്രദേശത്തായിരുന്നു താമസം. ഇതിനിടെ വ്യവസായം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടു കോൺഗ്രസിൽ നിന്നു ചില തിരിച്ചടികൾ നേരിട്ടതായാണു സൂചന.

ഈ സാഹചര്യത്തിലാണു സരിത രാഷ്ട്രീയത്തിലേക്കു ചുവടു മാറുന്നതെന്നാണു റിപ്പോർട്ടുകൾ. അണ്ണാഡിഎംകെയിൽ നിന്നു തെറ്റിപ്പിരിഞ്ഞ ദിനകരൻ 2018 മാർച്ച് 15നാണു പുതിയ പാർട്ടിയായ അമ്മ മക്കൾ മുന്നേറ്റ കഴകം പ്രഖ്യാപിച്ചത്.