Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വായ്പയ്ക്കു പകരം ലൈംഗിക ബന്ധം; ബാങ്ക് മാനേജർക്കെതിരെ പരാതിയുമായി വീട്ടമ്മ

x-default x-default

മുംബൈ∙ കാർഷിക വായ്പ അനുവദിക്കുന്നതിനു പകരമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ബാങ്ക് മാനേജർ  ആവശ്യപ്പെട്ടതായി വീട്ടമ്മയുടെ പരാതി. മഹാരാഷ്ട്രയിലെ ബുൽധാന ‍‍ജില്ലയിലെ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ മാനേജർ രാജേഷ് ഹിവാസിനെതിരെയാണു വീട്ടമ്മ പൊലീസിൽ പരാതി നൽകിയത്. 

വ്യാഴാഴ്ച രാവിലെയാണു വീട്ടമ്മ കർഷകനായ ഭർത്താവുമൊത്ത്  കാർഷിക വായ്പയ്ക്ക് അപേക്ഷിക്കുന്നതിനു ബാങ്കിൽ എത്തിയത്. വായ്പാ നടപടികളുടെ ഭാഗമായി വീട്ടമ്മയുടെ ഫോൺ നമ്പർ രാജേഷ് വാങ്ങിച്ചു. അതിനു ശേഷം അശ്ലീല സന്ദേശങ്ങൾ അയക്കുകയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആവശ്യപ്പെടുകയുമായിരുന്നു.

വെള്ളിയാഴ്ച ബാങ്കിലെ പ്യൂണിനെ വീട്ടമ്മയുടെ വീട്ടിലേക്ക് അയയ്ക്കുകയും ചെയ്തു. മാനേജർക്കു വഴങ്ങിയാൽ കാർഷിക വായ്പ കൂടാതെ മറ്റു ആനുകൂല്യങ്ങളും നൽകാമെന്നു പറഞ്ഞ പ്യൂണിന്റെ സംഭാഷണം വീട്ടമ്മ റിക്കോർഡ് ചെയ്ത് പൊലീസിൽ പരാതി നൽകുകയായിരുന്നു.

വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മാനേജർക്കും പ്യൂണിനുമെതിരെ വിവിധ കുറ്റങ്ങൾ ചുമത്തി കേസ് എടുത്തതായി പൊലീസ് അറിയിച്ചു. പരാതിയെ തുടർന്ന് ഒളിവിൽ പോയ ഇവർക്കു വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചതായും പൊലീസ് പറഞ്ഞു.