Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അർജന്റീനയുടെ തോൽവി: കാണാതായ ആരാധകന്റെ മൃതദേഹം കണ്ടെത്തി

Deenu Alex- Argentina Fan അർജന്റീന ആരാധകൻ ദീനു അലക്സിന്റെ മൃതദേഹം അറുമാനൂരിലെ വീട്ടിലെത്തിച്ചപ്പോൾ. പിതാവ് അലക്സാണ്ടർ, മാതാവ് ചിന്നമ്മ, സഹോദരി ദിവ്യ എന്നിവർ സമീപം. ചിത്രം: റെജു ആർണോൾഡ്

കോട്ടയം∙ ലോകകപ്പിൽ അർജന്റീനയുടെ തോൽവിയിൽ മനം നൊന്ത് ആത്മഹത്യാ കുറിപ്പ് എഴുതിവച്ച ശേഷം കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോട്ടയം ഇല്ലിക്കലിൽനിന്നാണ് ആറുമാനൂർ കൊറ്റത്തിൽ അലക്സാണ്ടറുടെ മകൻ ദീനു അലക്സിന്റെ മൃതദേഹം കണ്ടെത്തിയത്. ദിനുവിന്റെ ഫോൺ അറുമാനൂർ കടവിൽനിന്നു കിട്ടിയിരുന്നു. വെള്ളി പുലർച്ചെ മുതലാണു ദീനുവിനെ കാണാതായത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നു വൈകിട്ട് അഞ്ചിന് ആറുമാനൂർ മംഗളവാർത്ത പള്ളിയിൽ സംസ്കരിക്കും.

Dinu Alex ദിനു അലക്സ്

ഇന്നലെ എട്ടു മണിക്കൂറോളം അഗ്നിശമന സേനയുടെയും പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ മീനച്ചിലാറ്റിൽ തിരച്ചിൽ നടത്തി. മഴയെ തുടർന്നു സ്പീഡ് ബോട്ട് ഉൾപ്പെടെ കൊണ്ടുവന്നായിരുന്നു തിരച്ചിൽ. ആറുമാനൂർ മുതൽ പൂവത്തുംമൂട് വരെയും നാഗമ്പടം പാലത്തിനു സമീപഭാഗത്തും തിരച്ചിൽ നടത്തി. വള്ളങ്ങളിലായി നാട്ടുകാരും തിരച്ചിലിൽ പങ്കാളികളായി.

സൈബർ സെൽ സഹായമുൾപ്പെടെ പൊലീസ് മറ്റു തരത്തിലും അന്വേഷണം നടത്തിയിരുന്നു. ദീനുവിനെ കാണാതാകുമ്പോൾ മൊബൈൽ ഫോൺ നഷ്ടപ്പെട്ടിരുന്നു. മൊബൈലിലേക്കു വന്ന കോളുകളുടെ വിവരങ്ങൾ അറിയാനാണ് സൈബർ സെല്ലിന്റെ സഹായം തേടിയത്. കൂട്ടുകാരനിൽനിന്നും പൊലീസ് വിവരശേഖരണം നടത്തി. ഇന്നലെയും ഒട്ടേറെ ആളുകൾ ബന്ധുക്കളെ ആശ്വസിപ്പിക്കാനായി കൊറ്റത്തിൽ ഭവനത്തിൽ എത്തിയിരുന്നു. ദീനുവിന്റെ വിദേശത്തുള്ള സഹോദരി ഇ‌ന്നലെ നാട്ടിലെത്തി.

Dinu Alex | Body Found കാണാതായ അർജന്റീന ആരാധകന്റെ മൃതദേഹം ഇല്ലിക്കലിൽനിന്ന് കണ്ടെത്തിയ സ്ഥലത്തെത്തിയ നാട്ടുകാർ. ചിത്രം: ജിബിൻ ചെമ്പോല.

കഴിഞ്ഞ ദിവസം അന്വേഷണത്തിനെത്തിയ പൊലീസ് നായ ആറുമാനൂർ കടവിലേക്കുതന്നെ രണ്ടുവട്ടവും മണം പിടിച്ച് ഓടിയതിനാലാണ് ആറ്റിൽ പ്രധാനമായും തിരയുന്നത്. ലോകകപ്പിൽ അർജന്റീന കഴിഞ്ഞ ദിവസം തോറ്റതിനെ തുടർന്നാണു ദീനുവിനെ കാണാതായത്. പഴ്സും എടിഎം കാർഡും ഉൾ‌പ്പെടെയുള്ളവ വീട്ടിൽ ഉപേക്ഷിച്ചാണു പോയത്. മൊബൈൽ ഫോണിന്റെ കവർ ഊരിവച്ചിരുന്നു. ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ദീനുവിന്റെ വീട് സന്ദർശിച്ചു. കടുത്ത മെസി ആരാധകൻ കൂടിയായ ദീനുവിന്റെ പുസ്തകങ്ങളിലെല്ലാം അർജന്റീനയെക്കുറിച്ചും മെസിയെക്കുറിച്ചും ഉള്ള കുറിപ്പുകൾ കണ്ടെത്തിയിരുന്നു.