Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിയൂഷ് ഗോയലിന്റേതു വിടുവായത്തം, എന്തും പറയാമെന്നു കരുതരുത്: മുഖ്യമന്ത്രി

Pinarayi-vijayan-2

ന്യൂഡൽഹി∙ ആകാശത്തു കൂടി ട്രെയിന്‍ ഓടിക്കാന്‍ പറ്റില്ലെന്ന കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ മറുപടി വിടുവായത്തമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രമന്ത്രിയായതുകൊണ്ട് എന്തുംപറയാമെന്നു കരുതരുത്. ഗോയലിനെ കാണാൻ അനുമതി ചോദിച്ചുവെന്നും എന്നാൽ സമയം അനുവദിച്ചില്ലെന്നുമുള്ള വാർത്ത അടിസ്ഥാനരഹിതമാണ്. പീയൂഷ് ഗോയലിനെ കാണാന്‍ മനസ്സില്‍പ്പോലും വിചാരിച്ചിട്ടില്ല. എല്ലാം ബോധ്യപ്പെടുത്തിയിട്ടും തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തുന്നു. കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ചില്ലെന്നു പറഞ്ഞാല്‍ പോരാ. നടപ്പിലാക്കാന്‍ നടപടി വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഞ്ചിക്കോട് കോച്ച് ഫാക്ടറി പ്രശ്‌നവുമായി ബന്ധപ്പെട്ടു റെയിൽവേ മന്ത്രിക്കു കത്തുകൾ അയച്ചിരുന്നു. കേന്ദ്ര സർക്കാരുമായി നിരവധി തവണ ബന്ധപ്പെടുകയും ചെയ്തിരുന്നു. പാലക്കാട് എംപി ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

കോച്ച് ഫാക്ടറിക്ക് ഏറ്റെടുത്ത ഭൂമി ഇപ്പോൾ റെയിൽവേയുടെ കൈയ്യിലാണ്. ഇക്കാര്യമെല്ലാം അവഗണിച്ചു കോച്ച് ഫാക്ടറി വേണ്ടെന്നു വച്ച കേന്ദ്ര സർക്കാറിന്റെ നിലപാടിനെതിരായ പ്രതിഷേധമാണു റെയിൽ ഭവനു മുന്നിൽ നടത്തിയ ധർണ. സമരം ഉദ്ഘാടനം ചെയ്യാൻ പോയിരുന്നു. അതല്ലാതെ മന്ത്രിയെ കാണാൻ ശ്രമിച്ചിട്ടില്ല. ഇക്കാര്യം മാധ്യമങ്ങൾക്കും അറിയാവുന്നതാണ്.

ഭൂമി ഏറ്റെടുത്തു നൽകിയിട്ടില്ലെന്നത് അദ്ദേഹത്തിന്റെ തെറ്റിദ്ധാരണയെന്നാണ് ആദ്യം കരുതിയത്. അത് അദ്ദേഹം ആവർത്തിക്കുന്നതു ബോധപൂർവമാണ്. കാര്യങ്ങൾ മനസിലാക്കാൻ അദ്ദേഹം ശ്രമിക്കണം. കേന്ദ്ര മന്ത്രിയാണെന്നുള്ളതുകൊണ്ട് എന്തെങ്കിലും വിളിച്ചു പറയാൻ പാടില്ല. വായുവിൽക്കൂടി പാളം നിർമിക്കാനാവില്ലെന്ന പ്രസ്താവന വിടുവായത്തമാണ്. റെയിൽവേയ്ക്കായി ഭൂമി ഏറ്റെടുക്കലിൽ നല്ല പുരോഗതിയാണു കേരളത്തിലുണ്ടായിട്ടുള്ളത്. ഇക്കാര്യങ്ങളിലെ വസ്തുതകൾ വ്യക്തമാക്കി അദ്ദേഹത്തിന് കത്തയക്കും.

റെയില്‍ വികസനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി പിയൂഷ് ഗോയല്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. ആകാശത്തുകൂടി ട്രെയിന്‍ ഓടിക്കാന്‍ കഴിയില്ല. റെയില്‍വെ വികസനത്തിനു തടസ്സം സ്ഥലമേറ്റെടുപ്പാണ്. കഞ്ചിക്കോട് കോച്ച് ഫാക്ടറി യാഥാര്‍ഥ്യമാക്കും. പദ്ധതി വൈകിയതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിനാണെന്നുമായിരുന്നു കേന്ദ്രമന്ത്രിയുടെ വാക്കുകള്‍.

കഞ്ചിക്കോട് കോച്ച് ഫാക്ടറി യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് എംപിമാര്‍ ഡല്‍ഹിയില്‍ റെയില്‍ഭവനു മുന്നില്‍ ധർണ നടത്തിയിരുന്നു. തിങ്കളാഴ്ച യുഡിഎഫ് എം.പിമാര്‍ റയില്‍ ഭവനു മുന്നില്‍ ധര്‍ണ നടത്തും.

related stories